അവസാന നിമിഷം ലിജുവിന്റെ പേരു വെട്ടാനിടയാക്കിയത് പ്രസിഡന്റിനൊപ്പം രാഹുലിനെ കണ്ട അതിബുദ്ധി തന്നെ ! ഒരു മാസം മുമ്പ് മാത്രം ഗ്രൂപ്പ് മാറി സുധാകരന്റെ സ്വന്തം 'മൂവർ സെക്രട്ടറിയേറ്റിന്റെ' ഭാഗമായ എം ലിജുവിനെ വെട്ടിയത് ഗ്രൂപ്പുകളെല്ലാം ഒന്നിച്ച്. രാജ്യസഭ കൈവിട്ടെങ്കിലും ഒഴിവുള്ള വര്‍ക്കിങ് പ്രസിഡന്റ് പദവിയിലെങ്കിലും വിശ്വസ്തനെ എത്തിക്കാന്‍ സുധാകരന്‍ നീക്കം തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നിട്ടും എം ലിജുവിന് സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ പോയത് അദ്ദേഹം നടത്തിയ അതിബുദ്ധിയെന്ന് ആക്ഷേപം. രാജ്യസഭാ സീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് മുമ്പ് തന്നെ കെപിസിസി അധ്യക്ഷനുമൊത്ത് രാഹുല്‍ ഗാന്ധിയെ കണ്ട് സീറ്റുറപ്പിക്കാന്‍ ലിജു നടത്തിയ നീക്കം തന്നെയാണ് അദ്ദേഹത്തിന് വിനയായത്.

മുമ്പ് രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമായിരുന്ന ലിജു കുറച്ചുനാളുകള്‍ക്ക് മുമ്പ് മാത്രമാണ് സുധാകരന്റെ ഗ്രൂപ്പിലേക്ക് എത്തിയത്. എത്തിയപാടെ സുധാകരന്റെ വിശ്വസ്തനെന്ന പദം അദ്ദേഹത്തിന് കിട്ടി. കെപിസിസി പ്രസിഡന്റിന്റെ ഓഫീസിലെ പല കാര്യങ്ങളിലും എം ലിജു ഇടപെടലും തുടങ്ങിയിരുന്നുവെന്നാണ് പല നേതാക്കളും പറഞ്ഞിരുന്നത്.

കെപിസിസി പ്രസിഡന്റിന് മലബാറിന് അപ്പുറം കാര്യങ്ങളില്‍ അത്ര വ്യക്തതയില്ലാത്തത് മുതലെടുത്ത് എം ലിജു അടങ്ങുന്ന മൂന്നംഗ ടീം സാഹചര്യം മുതലെടുക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ വിമര്‍ശനം. ഡിസിസി-കെപിസിസി സെക്രട്ടറി പുനസംഘടനയിലും ഈ മൂന്നു നേതാക്കളും കാര്യമായി കൈ കടത്തിയിരുന്നു. പട്ടിക വികൃതമാക്കി ഒടുവിൽ മരവിപ്പിക്കാൻ പാകത്തിലാക്കിയതിൽ ലിജുവിൻ്റെ പങ്കു ചെറുതല്ലാത്തതാണെന്ന് നേതാക്കൾ പറയുന്നു.

ഐ ഗ്രൂപ്പ് വിട്ട് സുധാകരനൊപ്പമെത്തിയ ലിജുവിന്റെ അധികാര പ്രയോഗങ്ങളില്‍ കടുത്ത അതൃപ്തിയായിരുന്നു രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടായിരുന്നത്. അതിനിടെയാണ് രാജ്യസഭയിലേക്ക് ഒഴിവുവരുന്നതും ആരെയും അറിയിക്കാതെ ലിജു കെ സുധാകരനുമൊത്ത് നീക്കങ്ങള്‍ നടത്തിയതും.

എന്നാല്‍ മറ്റു ഗ്രൂപ്പു നേതാക്കള്‍ ഒന്നടങ്കം ലിജുവിന്റെ പേരു വെട്ടാന്‍ തീരുമാനിച്ചു. 2011 മുതല്‍ തുടര്‍ച്ചയായ മൂന്നു തവണയും നിയമസഭയിലേക്ക് മത്സരിച്ച് തോറ്റ ലിജുവിനെ രാജ്യസഭയിലേക്ക് അയക്കരുതെന്ന കടുത്ത വാദം അവര്‍ ഉന്നയിച്ചു. അഞ്ചുവര്‍ഷത്തോളം ഡിസിസി പ്രസിഡന്റായിരുന്നിട്ടും പാര്‍ട്ടിയെ ആലപ്പുഴയില്‍ വളര്‍ത്താന്‍ ലിജുവിന് കഴിഞ്ഞില്ലെന്നതും ലിജുവിന് തിരിച്ചടിയായി.

ഈ വാദങ്ങളെ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതാണ് ലിജുവിന്റെ സാധ്യതകളെ ഇല്ലാതാക്കിയത്. അതേസമയം ലിജുവിന് പാര്‍ട്ടി ഭാരവാഹിത്വം നല്‍കാനുള്ള നീക്കം കെപിസിസി അധ്യക്ഷന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. പിടി തോമസിന്റെ നിര്യാണത്തോടെ വന്ന വര്‍ക്കിങ് പ്രസിഡന്റ് പദവിയിലാണ് ഇനി ലിജുവിനെ കൊണ്ടുവരാന്‍ നീക്കമെന്നാണ് സൂചന.

Advertisment