രാജ്യസഭ : എം ലിജുവിനും സതീശന്‍ പാച്ചേനിയ്ക്കും വിനയായത് തുടര്‍ച്ചയായി പിന്തുടരുന്ന 'ദൗര്‍ഭാഗ്യങ്ങള്‍' തന്നെയോ ? സുധാകരന് സംഭവിച്ചത് പഴയ ചങ്ക് ബ്രൊ സതീശന്‍ വേണോ പുതിയ കൂട്ടാളി ലിജു വേണോ എന്ന കണ്‍ഫ്യൂഷന്‍ ! സുധാകരന്‍ ഈ രണ്ടു പേരുകള്‍ ഒന്നിച്ചു പറഞ്ഞപ്പോള്‍ ഒന്നിച്ചു പുറത്തായത് നാലു പേരും ! ജെബി ഇന്‍ ആയതിങ്ങനെ...

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കണ്ണൂര്‍: രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെയും കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ തുടരുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അഡ്വ. ജെബി മേത്തറുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നേതാക്കള്‍ക്ക് ആര്‍ക്കും തന്നെ ആക്ഷേപമോ പരാതിയോ ഇല്ലെങ്കിലും പരിഗണിക്കപ്പെടാതെ പോയവരുടെ പരിഭവങ്ങള്‍ നേതാക്കളെ വിടാതെ പിന്തുടരുകയാണ്.

അവസാന റൗണ്ടില്‍ വരെ പരിഗണിക്കപ്പെട്ടിരുന്ന സതീശന്‍ പാച്ചേനി, എം ലിജു, കെ.വി തോമസ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് പരിഭവക്കാരില്‍ പ്രധാനികള്‍.

കെപിസിസി പ്രസിഡന്‍റിന്‍റെ ശക്തമായ പിന്തുണ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന എം ലിജുവിന് സ്ഥാനാര്‍ഥിത്വം ലഭിക്കാതെ പോയതില്‍ കടുത്ത പരിഭവം തന്നെയുണ്ട്. ലിജുവിനുവേണ്ടി സുധാകരന്‍ ശക്തമായി വാദിച്ചിരുന്നുവെങ്കിലും അതിനിടെ അദ്ദേഹത്തിന്‍റെ കണ്ണൂരിലെ മാനസപുത്രനായ സതീശന്‍ പാച്ചേനിയുടെ പേര് ലിസ്റ്റില്‍ കടന്നുകൂടിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

സതീശന്‍ പാച്ചേനി സീറ്റിനായി ശക്തമായ നീക്കങ്ങളുമായി രംഗത്തുവന്നതോടെ എം ലിജുവിന്‍റെ കാര്യത്തില്‍ സുധാകരന്‍റെ സമ്മര്‍ദ്ദത്തില്‍ ഇടിവുണ്ടായി. അന്തിമഘട്ടത്തില്‍ ലിജുവോ പാച്ചേനിയോ ആരെങ്കിലും ഒരാള്‍ എന്ന നിലയിലേയ്ക്ക് പ്രസിഡന്‍റ് മാറിയതോടെ ലിജുവിന്‍റെ പേരിലുള്ള സമ്മര്‍ദ്ദം അയഞ്ഞു.

സതീശന്‍ പാച്ചേനി വര്‍ഷങ്ങളായി സുധാകരനൊപ്പം അടിയുറച്ച് നില്‍ക്കുന്ന നേതാവാണ്. സുധാകരനുവേണ്ടിയാണ് കെഎസ്‌യു അധ്യക്ഷനും മലമ്പുഴയിലും പാലക്കാടും കണ്ണൂരിലും സ്ഥാനാര്‍ഥിയുമാക്കിയ ഉമ്മന്‍ ചാണ്ടിയേയും 'എ' ഗ്രൂപ്പിനെയും പാച്ചേനി തള്ളിപ്പറഞ്ഞത്.

കണ്ണൂരില്‍ രാമകൃഷ്ണന്‍ ഉള്‍പ്പെടെ സുധാകരനെതിരെ വെല്ലുവിളി ഉയര്‍ത്തിയപ്പോഴും പാച്ചേനിയുടെ പിന്തുണ അദ്ദേഹത്തിനു കരുത്തായിരുന്നു. ആ കടപ്പാട് പാച്ചേനിയുടെ കാര്യത്തില്‍ സുധാകരന് മറക്കാനാകില്ല.

അതേസമയം എം ലിജു രണ്ടു മാസം മുമ്പുമാത്രം അതും സുധാകരന്‍ കെപിസിസി അധ്യക്ഷനായശേഷം അദ്ദേഹത്തിനൊപ്പം ചേര്‍ന്ന ആളാണ്. അതിനാല്‍ തന്നെ 'എം ലിജു' എന്ന ഒറ്റപ്പേരില്‍ സുധാകരന് ഉറച്ചു നില്‍ക്കാനായില്ല. സുധാകരന്‍ സതീശന്‍ പാച്ചേനിയുടെ പേരുകൂടി മുമ്പോട്ടു വച്ചതോടെ മറ്റു നേതാക്കള്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നവരെ പരിഗണിക്കുന്നു എന്ന ആക്ഷേപം ഉന്നയിച്ചു.

സതീശന്‍ 4 തവണയും ലിജു 3 തവണയും തോറ്റവരാണ്. രണ്ടു പേരും ഡിസിസി അധ്യക്ഷന്മാരായിരുന്നു. അവര്‍ക്കൊപ്പം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റ വി.ടി ബലറാമിന്‍റെയും ഷാനിമോള്‍ ഉസ്മാന്‍റെയും പേരുകള്‍ കൂടി ലിസ്റ്റിലെത്തിയതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റവരും തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയവരുമായവരെ മാറ്റി നിര്‍ത്താന്‍ ഹൈക്കമാന്‍റ് നിര്‍ദേശിക്കുകയായിരുന്നു. അതോടെ ഒറ്റയടിക്ക് പാച്ചേനിയും ലിജുവും ബലറാമും ഷാനിമോളും ലിസ്റ്റിനു പുറത്തായി.

പിന്നെ ജെബി മേത്തറും ജെയിസണ്‍ ജോസഫും മാത്രമായി പരിഗണനയില്‍. ആ രണ്ടു പേരില്‍ നിരവധി പരിഗണനകള്‍ ജെബിയുടെ പേരിനൊപ്പം വന്നതോടെ ജെബിക്ക് നറുക്ക് വീണു. വനിത - യുവത്വം - ന്യൂനപക്ഷം - തോല്‍ക്കാത്തയാള്‍ എന്നീ ഘടകങ്ങളെല്ലാം ജെബിക്കനുകൂലമായി. അതോടെ അവസരങ്ങള്‍ കിട്ടിയിട്ടും ദൗര്‍ഭാഗ്യം വിടാതെ പിന്തുടരുന്ന ലിജുവും പാച്ചേനിയും ക്ലീന്‍ ഒട്ട് !!

Advertisment