തിരുവനന്തപുരം: തിരിച്ചടികളില്‍ നിന്നും ഒരു പാഠവും പഠിക്കാത്ത പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ് പ്രവര്‍ത്തകര്‍ തന്നെ ഇപ്പോള്‍ പറയുന്നത്. പണ്ട് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പു വഴക്ക് നേര്‍ക്കുനേര്‍ ആയിരുന്നെങ്കില്‍ പുതിയ കാലത്ത് അത് സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അല്‍പമൊന്ന് കുറഞ്ഞ ഗ്രൂപ്പ് പോര് ഇപ്പോള്‍ വീണ്ടും സജീവമായി കഴിഞ്ഞു.
കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ കനത്ത തിരിച്ചടി നല്‍കി അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നതിനു പിന്നാലെ കേരളത്തില്‍ പോലും ദേശീയ നേതൃത്വത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമായിരുന്നു.
ഇതിന്റെയൊക്കെ ലക്ഷ്യം എഐസിസി ജനറല്‍ സെക്രട്ടറി കെ സിവേണുഗോപാലായിരുന്നു. വേണുഗോപാലിനെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ കേരളത്തിലെ ഒരു പ്രബലനായ ഗ്രൂപ്പ് നേതാവായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ഒരു ഫോണ്‍ കോളിന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
കോളിന്റെ വിശദാംശങ്ങള്‍ പ്രകാരം ഇതിന്റെയൊക്കെ പിന്നില്‍ പ്രമുഖ നേതാവ് തന്നെയാണ്. ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ കെപിസിസിയെ സമീപിച്ചിട്ടുണ്ട്. രാജ്യസഭയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഈ സംഭവം പുറത്തായതും വിവാദമായിട്ടുണ്ട്.
നേരത്തെ ജെബി മേത്തര്‍ക്ക് സീറ്റ് ലഭിച്ചപ്പോള്‍ മറ്റു ചില ആരോപണങ്ങളും ഈ നേതാവിന്റെ ചില അനുയായികള്‍ ഉന്നയിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു പ്രചാരണം. വിഡി സതീശന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ അദ്ദേഹത്തിനെതിരെ തുടങ്ങിയ സൈബര്‍ യുദ്ധം ഇപ്പോഴും ചില ഗ്രൂപ്പുകള്‍ തുടരുന്നുണ്ട്.
നേതാക്കളുടെ പേരിനോട് ചേര്‍ത്ത് ബ്രിഗേഡ് രൂപീകരിച്ചാണ് സൈബര്‍ ആക്രമണം.ആര്‍സി, ഒസി, കെഎസ് ബ്രിഗേഡുകളൊക്കെ സജീവമാണ്. പാര്‍ട്ടിയില്‍ എന്തു വിഷയമുണ്ടായാലും മറു ചേരിയിലെ നേതാക്കളെ അപമാനിക്കുന്നതില്‍ ഈ ബ്രിഗേഡുകളൊക്കെ മുന്നിലാണ്.
ഇനി ബ്രിഗേഡുകള്‍ ഇല്ലാത്ത ചില നേതാക്കള്‍ നേരിട്ടാണ് പോരാട്ടം. തങ്ങള്‍ക്ക് പറയാനുള്ളത് മകന്റെയോ ബന്ധുവിന്റെയോ പോസ്‌റ്റെന്ന് പറഞ്ഞ് പ്രചരിപ്പിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ പഴകുളം മധു രമേശ് ചെന്നിത്തലയ്ക്ക് എതിരെ പരസ്യമായി പോസ്റ്റിട്ടിരുന്നു.
എന്നാല്‍ താനല്ല അതു ചെയ്തതെന്നും അക്കൗണ്ട് ഹാക്കു ചെയ്തതാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്തായാലും കോണ്‍ഗ്രസിന് ഒരു കാര്യത്തില്‍ ആശ്വസിക്കാം. കാലം മാറുന്നതനുസരിച്ച് ഗ്രൂപ്പുപോരിലും പുതു തന്ത്രങ്ങള്‍ക്ക് കുറവില്ലല്ലോ എന്ന്.