/sathyam/media/post_attachments/sd50uDNhWUicgaJvzpwL.jpg)
തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തില്‍. സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ വിചാരിച്ചതുപോലെ കല്ലിടലും സര്‍വേയും അത്ര ലളിതമായി പൂര്‍ത്തിയാക്കാനാവില്ലെന്നു തന്നെയാണ് ഇപ്പോള്‍ സര്‍ക്കാരും ചിന്തിക്കുന്നത്. ഓരോ ദിവസം ചെല്ലുന്തോറും കല്ലിടല്‍ പ്രതിസന്ധിയിലുമാകുകയാണ്.
അതിനിടെ എല്‍ഡിഎഫിലും കെ-റെയില്‍ വിഷയത്തില്‍ ചില മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. സിപിഎം ഇതര കക്ഷികളില്‍ പലര്‍ക്കും ഇത്ര റിസ്‌ക് എടുക്കുന്നതില്‍ കടുത്ത എതിര്‍പ്പുണ്ട്. പക്ഷേ ഇവരാരും പരസ്യമായി എതിര്‍ത്തിട്ടില്ല.
സിപിഐ സംസ്ഥാന സെക്രട്ടറി കെ-റെയിലിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ മറ്റു നേതാക്കളില്‍ അതൃപ്തിയുണ്ട്. പക്ഷേ ആരും പരസ്യമായി പറയുന്നില്ല. മറ്റു ചില ഘടകകക്ഷികളും പരസ്യമായി അഭിപ്രായം പറയാന്‍ തയ്യാറല്ലെങ്കിലും അസ്വസ്ഥരാണ്.
പദ്ധതി സംബന്ധിച്ച് ആളുകളെ വിശ്വാസത്തിലെടുക്കാതെ മുമ്പോട്ടു പോകുന്നത് ഗുണം ചെയ്യില്ലെന്നു തന്നെയാണ് ഇവരുടെ അഭിപ്രായം. പക്ഷേ സിപിഎം നേതൃത്വം വിഷയത്തില്‍ നിലപാട് കര്‍ക്കശമാക്കിയതിനാല്‍ എതിരഭിപ്രായം പറയാന്‍ ഇവരാരും തയ്യാറല്ല.
ആദ്യഘട്ടത്തില്‍ സ്ഥലം നഷ്ടമാകാനിടയുള്ള 9000ത്തിലേറെ കുടുംബങ്ങളുടെ മാത്രം പ്രതിഷേധമോ, ഒറ്റപ്പെട്ട സമരങ്ങളോ ഉണ്ടാകുമെന്നായിരുന്നു സര്‍ക്കാരും കണക്കുകൂട്ടിയത്. പക്ഷേ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു തന്നെയാണ് സമീപ ദിവസങ്ങളിലെ സ്ഥിതി വ്യക്തമാക്കുന്നത്. കല്ലിട്ട എല്ലാ സ്ഥലങ്ങളിലും ഇതിനെതിരെ പ്രതിഷേധമുയര്‍ന്നു.
ഇതില്‍ പ്രാദേശികമായി ഇടതു പ്രവര്‍ത്തകര്‍ക്കും അതൃപ്തിയുണ്ട്. പ്രതിഷേധക്കാരായ നാട്ടുകാരെ എങ്ങനെ നേരിടുമെന്ന ചിന്തയിലാണ് ഇടതുനേതാക്കള്‍. മാത്രമല്ല പഴയ ശബരിമല സ്ത്രീ പ്രവേശനം മോഡലിൽ വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ കെ റെയിൽ സമരം തിരിച്ചടി ഉണ്ടാക്കുമോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്. ഈ സാഹചര്യത്തിൽ ഒന്നുകിൽ പ്രതിക്ഷേധം തണുപ്പിക്കുക അല്ലെങ്കിൽ ജനത്തിന്റെ വഴിക്ക് കാര്യങ്ങൾ നീക്കുക എന്ന രാഷ്ട്രീയ തീരുമാനത്തിന് മുന്നണി നിർബന്ധിതരാകും .