കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിയുന്നു, പകരം ഗ്രൂപ്പുകളുടെ പുതിയ കണ്‍സോര്‍ഷ്യത്തിന് സാധ്യത ! ഉമ്മന്‍ ചാണ്ടി - വേണുഗോപാല്‍ - സതീശന്‍ ക്യാമ്പുകള്‍ ഒന്നിക്കുന്നു. ചെന്നിത്തല - മുരളി ക്യാമ്പ് സുധാകരനുമായി അടുക്കാന്‍ ശ്രമം ? തിരുവഞ്ചൂരും 'എ'യിലെ അവശിഷ്ട വിഭാഗങ്ങളും സുധാകരനൊപ്പം ! തീവ്ര വിഭാഗീയത ഉപേക്ഷിക്കാനും നേതാക്കള്‍ക്കിടയില്‍ ധാരണ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിനെ അടക്കിവാണിരുന്ന ഗ്രൂപ്പുകളുടെ കാലം കഴിയുന്നു. ഗ്രൂപ്പുകള്‍ക്ക് പകരം ഇനി ഗ്രൂപ്പുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനാണ് നേതാക്കളുടെ നീക്കം.

ഇതിന്‍റെ ആദ്യപടിയെന്നോണം വിഘടിത 'ഐ', 'എ' വിഭാഗങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. രമേശ് ചെന്നിത്തലയുടെയും കെ മുരളീധരന്‍റെയും നേതൃത്വത്തിലുള്ള 'ഐ' വിഭാഗങ്ങള്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പിനൊപ്പം സഹകരിച്ചു നീങ്ങാനാണ് ശ്രമം എങ്കിലും അടുത്തിടെയുണ്ടായ ചെന്നിത്തല-സുധാകരന്‍ ബന്ധത്തിലെ വിള്ളല്‍ ഈ നീക്കത്തിന് തിരിച്ചടിയായി.

ഗ്രൂപ്പുകള്‍ക്കെതിരായ പൊതുവികാരവും ഗ്രൂപ്പുകളില്‍ അടുത്തിടെയുണ്ടായ പിളര്‍പ്പുകളുമാണ് പുതിയ നീക്കങ്ങള്‍ക്ക് കാരണം. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനങ്ങളും സീറ്റുകളും വീതം വയ്ക്കുന്ന രീതി ഹൈക്കമാന്‍റ് ഇടപെട്ട് തടഞ്ഞതും പുതിയ കൂട്ടുകെട്ടുകള്‍ക്ക് ആക്കം വര്‍ധിപ്പിക്കുന്നു.

ഗ്രുപ്പുകളല്ല, ഇനി കണ്‍സോര്‍ഷ്യം

നിലവില്‍ കേരളത്തിലെ പുതിയ കണ്‍സോര്‍ഷ്യം ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന 'എ' ഗ്രൂപ്പ്, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതൃ‍ത്വം നല്‍കുന്ന 'ഐ' വിഭാഗം എന്നിവയാണ്. വിഡി സതീശനൊപ്പമുള്ള വിടി ബലറാം പോലുള്ള ഗ്രൂപ്പ് രഹിത നിഷ്പക്ഷരുടെ പിന്തുണയും ഇവര്‍ക്കുണ്ട്.

ഔദ്യോഗിക 'ഐ' വിഭാഗം നേതാവ് രമേശ് ചെന്നിത്തലയാണെങ്കിലും ഗ്രൂപ്പിലെ ബഹുഭൂരിഭാഗവും ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമില്ലെന്നതാണ് യാഥാര്‍ഥ്യം.

ഐയിലെ പ്രബലരായിരുന്ന കെസി വേണുഗോപാലും വിഡി സതീശനും ചെന്നിത്തലയുമായി രൂക്ഷമായ അഭിപ്രായ ഭിന്നതയിലാണ്. 'ഐ' വിഭാഗത്തിലുണ്ടായിരുന്ന എംപിമാരും ഇപ്പോള്‍ ചെന്നിത്തലയ്ക്ക് ഒപ്പമല്ല, മറിച്ച് അവരൊക്കെ കെസി വേണുഗോപാലുമായി അടുപ്പം സൂക്ഷിക്കുന്നവരാണ്.

വിജനമായ ഗ്രൂപ്പ് !

ചെന്നിത്തലയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന എം ലിജു, അദ്ദേഹത്തിന്‍റെ ഉറ്റ അനുയായിയായിരുന്ന എന്‍ സുബ്രഹ്മണ്യന്‍, സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ എന്നിവരൊക്കെ കെ സുധാകരന്‍റെ പുതിയ ഗ്രൂപ്പിന്‍റെ ഭാഗമായി മാറിയിട്ടുണ്ട്.

'എ' ഗ്രൂപ്പില്‍ നിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒപ്പമുള്ള വിഭാഗവും ഇപ്പോള്‍ സുധാകരനൊപ്പമാണ്. 'എ'യിലെ ബെന്നി ബഹനാന്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമാണെന്ന രീതിയില്‍ എയുമായി സഹകരിക്കാന്‍ തീവ്ര ശ്രമത്തിലാണെങ്കിലും അദ്ദേഹത്തെ ആരും വിശ്വാസത്തിലെടുക്കുന്നില്ല. അതിനാല്‍ തന്നെ പുതിയ കണ്‍സോര്‍ഷ്യത്തില്‍ ബെന്നിയുടെ കാര്യം പരുങ്ങലിലാണ്.

എയില്‍ തന്നെ ടി സിദ്ദിഖ്, ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് എന്നീ ചെറു വിഭാഗങ്ങളും നിലവില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം പുതിയ കണ്‍സോര്‍ഷ്യവുമായി സഹകരണത്തിലാണ്.

മുരളീധരനുണ്ട്... പക്ഷേ

'ഐ'യില്‍ എക്കാലവും രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന ജോസഫ് വാഴയ്ക്കനും പുതിയ ഗ്രൂപ്പ് താരോദയമായ ജ്യോതികുമാര്‍ ചാമക്കാലയുമാണ് 'ഐ' ഗ്രൂുപ്പില്‍ ചെന്നിത്തലയ്ക്കൊപ്പം അവശേഷിക്കുന്ന പ്രധാനികള്‍. അതേസമയം സാക്ഷാല്‍ ലീഡറുടെ മകന്‍ കെ മുരളീധരനെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞത് രമേശ് ചെന്നിത്തലയുടെ വിജയമാണ്.

പക്ഷേ പാതി മനസോടെയാണ് മുരളീധരന്‍റെ സഹകരണമെന്നത് വ്യക്തമാണ്. മാത്രമല്ല, മുരളീധരന് ചെന്നിത്തലയേക്കാള്‍ അടുപ്പം കെ സുധാകരനുമായിട്ടുണ്ട്. അതിനാല്‍ തന്നെ നേരം ഇരുട്ടി വെളുക്കുമ്പോള്‍ മുരളീധരന്‍ എന്ത് നിലപാട് പറയും എന്ന കാര്യത്തില്‍ ചെന്നിത്തലയ്ക്കു തന്നെ നിശ്ചയമില്ല. ചുരുക്കത്തില്‍ ഗ്രൂപ്പില്‍ വാഴയ്ക്കനൊഴികെ ഒന്നാം നിരയിലോ രണ്ടാം നിരയിലോ നേതാക്കളില്ലെന്നതാണ് രമേശ് ചെന്നിത്തലയുടെ അവസ്ഥ.

തിരുവഞ്ചൂര്‍ പോയി, ബെന്നി ആള്‍ ഔട്ട് !!

'എ' ഗ്രൂപ്പിന്‍റെ സ്ഥിതി ഇത്രയും ദയനീയമല്ലെങ്കിലും ഗ്രൂപ്പിന്‍റെ പഴയ കേഡര്‍ സ്വഭാവം നഷ്ടമായിരുന്നു. രണ്ടാം പ്രതിപക്ഷ നേതാവിന്‍റെ തെരഞ്ഞെടുപ്പു മുതല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്രൂപ്പിനു പുറത്താണ്. ടി സിദ്ദിഖും ഷാഫിയും വിഷ്ണുനാഥും ഒക്കെ 'എ' യാണെന്ന് പറയുമെങ്കിലും ഇവരെല്ലാം വിഡി സതീശനുമായി ഏറെ അടുപ്പം പുലര്‍ത്തുവരായിരുന്നു.

ഉമ്മന്‍ ചാണ്ടിക്കു ശേഷം ഗ്രൂപ്പ് കൈപ്പിടിയിലാക്കാന്‍ ആഗ്രഹിച്ചിരുന്ന ബെന്നി ബഹനാനെ പുതിയ ചില നീക്കങ്ങള്‍ പാളിയതോടെ സ്വന്തം പാളയവും അപ്പുറത്തുള്ളവരും അടുപ്പിക്കുന്നില്ല.

കളം പിടിച്ച് കണ്‍സോര്‍ഷ്യം

തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പുതിയ നേതൃത്വം ചുമതലയേറ്റതു മുതല്‍ സംഘടനാ തെരഞ്ഞെടുപ്പിനു വേണ്ടി വാദിക്കുകയും തെരഞ്ഞെടുപ്പ് നടന്നാല്‍ 'എ', 'ഐ' ഗ്രൂപ്പുകളുടെ പിന്തുണയോടെ കെ സുധാകരനെതിരെ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മല്‍സരിക്കാനുമായിരുന്നു ബെന്നി കരുക്കള്‍ നീക്കിയത്.

യുഡിഎഫ് കണ്‍വീനറായിരുന്ന് കേരള കോണ്‍ഗ്രസ്-എമ്മിനെ പുറത്താക്കി യുഡിഎഫിന്‍റെ അന്തകനായി മാറിയ ബെന്നിയാണ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി എന്നറിഞ്ഞതോടെ എയിലെ മറ്റു വിഭാഗങ്ങള്‍ അകലാന്‍ തുടങ്ങി.

അതോടെയാണ് കോണ്‍ഗ്രസില്‍ പുതിയ ഉമ്മന്‍ ചാണ്ടി-വേണുഗോപാല്‍-സതീശന്‍ കൂട്ടുകെട്ടിന് കളമൊരുങ്ങിയത്. ഉമ്മന്‍ ചാണ്ടിയുടെ ജനകീയതയെ അവഗണിച്ചുകൊണ്ട് കേരളത്തിലെ പാര്‍ട്ടിക്കു മുന്നോട്ടു പോകാനാകില്ലെന്ന അഭിപ്രായക്കാരാണ് വേണുഗോപാലും സതീശനും. അതിനാല്‍ തന്നെ ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്തിയാകും ഇവരുടെ പുതിയ നീക്കങ്ങള്‍.

Advertisment