രണ്ടു ദിവസം പണിമുടക്കുന്ന സർക്കാർ ജീവനക്കാരന് ഈ മാസത്തെ ശമ്പളം നൽകാൻ 5000 കോടി കടമെടുക്കും ! പണിമുടക്ക് ദിവസമായ 29ന് കടപ്പത്രം ലേലം ചെയ്ത് 5000 കോടി വാങ്ങി മൂന്നാം ദിവസം അക്കൗണ്ടിൽ ശമ്പളം കിട്ടും. കേരളത്തിൻ്റെ ആകെ പൊതുകടം 3.6 ലക്ഷം കോടിയിലേക്ക് ! അതായത് ആളോഹരി കടം ഒരു ലക്ഷം രൂപ. പലിശയ്ക്ക് കടം വാങ്ങി ശമ്പളം നൽകുന്നത് കൈ നീട്ടി വാങ്ങിയിട്ടും ആത്മാർത്ഥതയില്ലാത്ത ജീവനക്കാർ കേരളത്തിന് ശാപം ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: 48 മണിക്കൂർ പൊതുപണിമുടക്ക് നടത്തുന്ന സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം നൽകാൻ സർക്കാർ 5000 കോടി രൂപ കടം എടുക്കുന്നു. പണിമുടക്ക് നടത്തുന്ന 29ന് കടമെടുക്കാനുള്ള കടപത്രത്തിൻ്റെ ലേലം മുംബൈ ഫോർട്ട് ഓഫീസിൽ ഇ- കുബേർ സംവിധാനം വഴി നടക്കും. അതായത് പണിമുടക്ക് നടത്തി മൂന്നാം ദിവസം ഈ ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം നൽകാനാണ് സർക്കാർ ഭീമമായ തുക കടമെടുക്കുന്നത്.

രണ്ടു ദിവസത്തെ പണിമുടക്കിലൂടെ കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ വരുന്നത് തടയുന്ന ജീവനക്കാർക്ക് ശമ്പളം നൽകാനാണ് സാധാരണക്കാരൻ്റെ തലയെണ്ണി കടം വാങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. പണിമുടക്ക് മൂലം സർക്കാർ മേഖലയിൽ തന്നെ കോടിക്കണക്കിന് രൂപ നഷ്ടമാണ് ഉണ്ടാകുന്നത്. പണിമുടക്കുന്ന ദിവസത്തെ ശമ്പളവും ആനുകൂല്യവും ഈ ജീവനക്കാർ വാങ്ങുന്നുണ്ട്.

അതിനിടെ ഈ മാസം മാത്രം കേരളം 7000 കോടി രൂപയാണ് കടം എടുത്തത്. ഈ മാസം 22നാണ് 12 വർഷത്തേക്ക് 7.42 ശതമാനം പലിശയ്ക്ക് 2000 കോടി രൂപ സംസ്ഥാനം വായ്പയെടുത്തത്.

ഇതോടെ ഈ വർഷം പൊതു വിപണിയിൽ നിന്നുള്ള കടമെടുപ്പ് 28,000 കോടി രൂപയായി. കേന്ദ്രം അനുവദിച്ച വായ്പാ പരിധി മുഴുവനും ഇതോടെ കഴിഞ്ഞിരിക്കുകയാണ്.

കടമെടുപ്പ് നടക്കുന്നതോടെ ഈ സാമ്പത്തിക വർഷാവസാനം കേരളത്തിന്റെ പൊതുകടം 3.6 ലക്ഷം കോടി രൂപ ആകും. അതായത് ആളോഹരി കടം ഒരു ലക്ഷം രൂപ എന്നു ചുരുക്കം.

വികസന പ്രവർത്തനങ്ങൾക്ക് എടുക്കുന്ന പണം പോലും കടം തിരിച്ചടയ്ക്കാനും ശമ്പളം നൽകാനുമാണ് സർക്കാർ വിനിയോഗിക്കുന്നതെന്ന വിമർശനം നേരത്തെ സിഎജി അടക്കം ഉന്നയിച്ചിരുന്നു. ഇത്രയധികം പ്രതിസന്ധിയിൽ നിൽക്കുന്ന സംസ്ഥാനത്താണ് എല്ലാ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തി സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത് എന്നതും മറന്നുകൂട.

Advertisment