കേരളത്തിൽ നിന്നും കാലാവധി തീരുന്ന രാജ്യസഭാ എം പിമാരിൽ ഏറ്റവും മോശം പ്രകടനം എ.കെ ആൻ്റണിയുടേത് തന്നെ ! ഒരു ചോദ്യം പോലും ചോദിക്കാത്ത ആൻ്റണി പങ്കെടുത്തത് 14 ചർച്ചകളിൽ മാത്രം. ശ്രേയാംസ്കുമാറിന് ഹാജർ ദേശീയ ശരാശരിയിലും താഴെ ! 254 ചോദ്യങ്ങൾ ചോദിച്ചിട്ടും ഒരു പ്രൈവറ്റ് ബില്ലു പോലും അവതരിപ്പിക്കാതെ സോമപ്രസാദ്. 14 ചോദ്യം മാത്രം ചോദിച്ച് സൂപ്പർ സ്റ്റാർ സുരേഷ്ഗോപി ! മലയാളികളായ രാജ്യസഭാംഗങ്ങൾ പടിയിറങ്ങുന്നത് അവർക്കും നമുക്കും അഭിമാനിക്കാൻ ഒരു വകയും നൽകാതെ !!

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ എംപിമാരുടെ സഭയിലെ പ്രകടനം കാണാതെ പോകരുത്. കോൺഗ്രസിലെ മുതിർന്ന നേതാവ് എ കെ ആൻ്റണി, സി പി എമ്മിലെ കെ സോമപ്രസാദ്, എൽജെഡി അംഗം എം വി ശ്രേയാംസ് കുമാർ എന്നിവരാണ് ഇത്തവണ സ്ഥാനം ഒഴിയുന്നത്. ഇവർക്ക് പകരം ജെബി മേത്തർ, എ എ റഹീം, പി സന്തോഷ് കുമാർ എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടത്.

മുതിർന്ന നേതാവ് എ കെ ആൻ്റണിയുടെ രാജ്യസഭയിലെ പ്രകടനം ദയനീയമായിരുന്നു. മുതിർന്ന നേതാവ് എന്നതും കോൺഗ്രസിന് കൂടുതൽ പ്രതിനിധികൾ ഉള്ളതുമാകാം അദ്ദേഹത്തിൻ്റെ സഭയിലെ ഇടപെടൽ കുറഞ്ഞതിന് പിന്നിൽ എന്ന് ന്യായം പറയാം.

ഹാജർ കണക്കിൽ പിരിയുന്നവരിൽ രണ്ടാമനാണ് ആൻ്റണി. 80 ശതമാനമാണ് അദ്ദേഹത്തിൻ്റെ ഹാജർ. ആകെ 14 ചർച്ചകളിലാണ് അദ്ദേഹം ഇടപെട്ടത്.

ഈ കാലയളവിൽ ഒരു ചോദ്യം പോലും ആൻ്റണി ചോദിച്ചിട്ടില്ല. ഒരു സ്വകാര്യ ബില്ല് പോലും അവതരിപ്പിച്ചിട്ടുമില്ല.

സി പി എം അംഗമായ സോമപ്രസാദിന് 86 ശതമാനം ഹാജരുണ്ട്. 160 ചർച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്. 254 ചോദ്യം സഭയിൽ ചോദിച്ചു. എന്നാൽ ഒരു പ്രൈവറ്റ് ബില്ലും അവതരിപ്പിച്ചിട്ടില്ല.

എം വി ശ്രേയാംസ്കുമാറിന് 76 ശതമാനം മാത്രമാണ് ഹാജർ. വെറും 13ചർച്ചകളിൽ മാത്രമായിരുന്നു ശ്രേയാംസിൻ്റെ സാന്നിധ്യം. 135 ചോദ്യം ഉന്നയിച്ചെങ്കിലും ഒരു സ്വകാര്യ ബില്ലു പോലും അവതരിപ്പിച്ചിട്ടില്ല.

കേരളത്തിൽ നിന്നുള്ള ഏക നോമിനേറ്റഡ് അംഗമായിരുന്ന സുരേഷ് ഗോപിയുടെ ( അദ്ദേഹം പിന്നീട് ബി ജെ പിയിൽ ചേർന്നിരുന്നു ) കാലാവധി ഏപ്രിൽ 24ന് അവസാനിക്കും. അദ്ദേഹത്തിൻ്റെ സഭയിലെ പ്രകടനവും അത്ര മെച്ചപ്പെട്ടതൊന്നുമല്ല.

73 ശതമാനമാണ് ഹാജർ. 46 ചർച്ചകളിൽ പങ്കെടുത്ത അദ്ദേഹം 14 ചോദ്യം ചോദിച്ചിട്ടുണ്ട്. ഒരു ബില്ലും അദ്ദേഹം അവതരിപ്പിച്ചിട്ടില്ല.

Advertisment