/sathyam/media/post_attachments/R5YuE4tXmAV9wUPRsFqA.jpg)
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ തൊഴിലാളി സംഘടനകളുടെ സമരത്തെ തള്ളി കോൺഗ്രസ്. ഏഷ്യാനെറ്റ് ന്യൂസിനു മുന്നിലെ സമരം അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന സമരത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ദിനോടും ഹർത്താലിനോടും തങ്ങൾക്ക് യോജിപ്പില്ല. പണിമുടക്കാൻ തൊഴിലാളികൾക്ക് അവകാശമുണ്ട്. പക്ഷേ അതിൻ്റെ പേരിൽ മറ്റൊരാളെ തടയാനും അയാളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതും അംഗീകരിക്കാനാവില്ല.
മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിൽ തങ്ങൾ ഇടപെടില്ല. താൻ പ്രതിപക്ഷ നേതാവായതിന് പിന്നാലെ തനിക്ക് 10 പേരുടെ പിന്തുണ പോലും ഇല്ലെന്ന് പറഞ്ഞ് 4 ദിവസം തുടർച്ചയായി ഒരു ചാനൽ വാർത്ത നൽകി.
എല്ലാ തെരഞ്ഞെടുപ്പിലും കൂടുതൽ ഭൂരിപക്ഷത്തിന് വിജയിച്ചു വരുന്ന ആളാണ് താൻ. ഈ വിഷയത്തിൽ ഒരു പരാതിയും താൻ ചാനലിനോട് പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു.
ഇന്നത്തെ സമര വിവരമറിഞ്ഞ് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരനുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചിരുന്നതാണ്. പക്ഷേ കിട്ടിയില്ല. സമരത്തെ കോൺഗ്രസ് പിന്തുണയ്ക്കില്ലെന്നും സതീശൻ വ്യക്തമാക്കി.