തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിദ്യാര്‍ത്ഥി യാത്രാ നിരക്ക് വര്‍ധിപ്പിക്കാത്തതില്‍ വിമർശനം ഉയരുകയാണ് . വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതില്‍ ബസുടമകളും നിരാശരാണ്.
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമാണെന്നു തന്നെയാണ് മന്ത്രിയും പറയുന്നത്. എന്നാല്‍ അത് സംബന്ധിച്ച് ഒരു കമ്മീഷനെ വെച്ച് പഠിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറയുന്നു. കമ്മീഷനെ തീരുമാനിക്കാന്‍ എന്തായാലും ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
ഇതോടെ വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇനിയും വൈകുമെന്ന് ഉറപ്പാണ്. കോവിഡ് പ്രതിസന്ധിയും ഇന്ധനവില വര്‍ധനവുമെല്ലാം സ്വകാര്യ ബസ് വ്യവസായത്തിന് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. ഇതിനിടെയാണ് ഇപ്പോഴും പഴയ ചാര്‍ജ് നിരക്കില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകേണ്ടി വരുന്നത്.
കേരളത്തിലെ പല മേഖലകളിലും കെഎസ്ആര്‍ടിസിയേക്കാള്‍ വിദ്യാര്‍ത്ഥികള്‍ യാത്രാവശ്യത്തിന് ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. സ്വകാര്യ ബസുകളിലെ വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് വെറും രണ്ടു രൂപ മാത്രമാണ്. ഇന്ന് മാർക്കറ്റിൽ ആർക്കും വേണ്ടാത്ത ഒരു സംഖ്യയാണ് 2 രൂപ. ഈ തുകയില്‍ ആനുപാതികമായ വര്‍ധനവ് എന്ന ന്യായമായ ആവശ്യമാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്.
വിദ്യാര്‍ത്ഥി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്നു തന്നെയാണ് പൊതു അഭിപ്രായം. ചാര്‍ജ് നിരക്ക് കുറഞ്ഞത് അഞ്ചു രൂപവരെയാക്കണമെന്നു തന്നെയാണ് പൊതു അഭിപ്രായം. വിദ്യാർത്ഥികൾക്ക് ബസുകളിൽ മാന്യമായ യാത്രാ സൗകര്യം ഒരുക്കാനും ഇത് വഴിയൊരുക്കും. പക്ഷേ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തെ ഭയന്നാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുക്കാത്തത്.
എന്നാല്‍ ഇതിനു മറയിടാനാണ് കമ്മീഷനെ വയ്ക്കാനുള്ള തീരുമാനം. ഈ വിഷയത്തില്‍ ഒരു കമ്മീഷനെ വയ്ക്കുന്നതെന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. ഡീസല്‍ വില ഓരോ ദിവസവും കൂടുകയാണ്. ബസ് നികുതി അടയ്ക്കാന്‍ സാവകാശം നല്‍കി എന്നു പറയുമ്പോഴും അതിന് ഇളവൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും ബസ് ചാര്‍ജ് വര്‍ധനവ് തന്നെയാണ് പോംവഴി. അത് ഏതു തരത്തിലെന്ന് തീരുമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതല്ലേല്‍ സ്വകാര്യ ബസ് വ്യവസായം നിലയ്ക്കും. അതുറപ്പാണ്.