തിരുവനന്തപുരം: ഒരു വര്‍ഷം മുമ്പ് മാത്രം ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തിയ മാണി സി കാപ്പന്‍റെ പുതിയ നിലപാടില്‍ യുഡിഎഫില്‍ ആശങ്ക. കാപ്പന്‍ ഇടതു മുന്നണിയുമായി ചര്‍ച്ച നടത്തിയ വിവരം പുറത്തുവരികയും യുഡിഎഫില്‍ തുടരും എന്നുറപ്പ് പറയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാപ്പനുമായുള്ള സഹകരണം സംബന്ധിച്ച് മുന്നണിക്കുള്ളില്‍ ആശയക്കുഴപ്പം തുടരുകയാണ്.
യുഡിഎഫിന്‍റെ പല സമിതികളില്‍ നിന്നും കാപ്പനെ ഒഴിവാക്കാന്‍ കാരണമായതും കാപ്പന്‍റെ മുന്നണി ബന്ധത്തില്‍ ഉറപ്പില്ലാത്തതിനാലായിരുന്നു.
യുഡിഎഫ് ഏറ്റെടുത്ത സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ മാണി സി കാപ്പന്‍ നേരത്തെ സജീവമല്ലായിരുന്നു. എന്‍സിപിയിലേയ്ക്ക് മടങ്ങി ഇടതുമുന്നണിയുടെ ഭാഗമാകാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു കാപ്പന്‍ യുഡിഎഫുമായി അകലം പാലിച്ചിരുന്നത്.
എന്നാല്‍ കാപ്പന്‍റെ ഇടതു മുന്നണി പ്രവേശ സാധ്യത ഏതാണ്ട് അടഞ്ഞ മട്ടാണ്. അതേ സമയം യുഡിഎഫിനു പുറത്ത് ഇടതു പക്ഷമല്ലെങ്കില്‍ മറ്റ് ചില സാധ്യതകള്‍ കൂടി പരീക്ഷിക്കാന്‍ കാപ്പന്‍ നീക്കം നടത്തുന്നതായ സൂചനകളും പുറത്തുവരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ മാണി സി കാപ്പന്‍ യുഡിഎഫില്‍ ഉറച്ചു നില്‍ക്കുമോ എന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് ഇപ്പോഴും ഉറപ്പില്ല. കാപ്പന്‍ നടത്തുന്ന രഹസ്യ കൂടിക്കാഴ്ചകളുടെ വിവരങ്ങളൊക്കെ അപ്പപ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ലഭിക്കുന്നുണ്ട്.
ആദ്യം എവിടെ നില്‍ക്കണമെന്ന് കാപ്പന്‍ തീരുമാനിക്കട്ടെ, അതു കഴിഞ്ഞ് യുഡിഎഫില്‍ ഉറപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചയാകാം എന്നതാണ് നേതാക്കളുടെ നിലപാട്.
അത്തരം കാര്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍കൂടി വേണ്ടിയാണ് ഇന്ന് യുഡിഎഫ് നേതൃത്വത്തെ കാപ്പന്‍ അങ്ങോട്ടു കയറി ആക്രമിച്ചതത്രെ. മുന്നണിയില്‍ കാര്യങ്ങള്‍ വേണ്ടവിധമല്ലെന്ന പരാതിയാണ് കാപ്പന്‍ ഉന്നയിച്ചത്. എന്നാല്‍ മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടി മുന്നില്‍ കണ്ടുള്ള കാപ്പന്‍റെ വാക്കുകള്‍ക്കു പിന്നില്‍ കോണ്‍ഗ്രസിലെ ചില 'മുതിര്‍ന്നവരുടെ' പിന്തുണയും ഉണ്ടെന്നാണ് സുചന.
മുന്നണി നേതൃത്വത്തിനെതിരെ പ്രതികരിക്കാന്‍ കാപ്പന്‍ തെരഞ്ഞെടുത്ത ദിവസത്തിനുമുണ്ട് പ്രത്യേകത. 3.25 കോടിയുടെ ചെക്ക് തട്ടിപ്പ് കേസില്‍ കാപ്പനെതിരെയുള്ള കേസ് മുംബൈ ഹൈക്കോടതി അന്തിമ വാദത്തിനായി പരിഗണിക്കുന്ന ദിവസമായിരുന്നു ഇത്. ഇതേ കേസില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കൂടിയാണ് രാഷ്ട്രീയ വിവാദം ഉണ്ടാക്കി കാപ്പന്‍ ഇന്ന് മാധ്യമ ശ്രദ്ധ തിരിക്കാന്‍ നീക്കം നടത്തിയതത്രെ.