പൊതുജനം കഴുത തന്നെ ! കോവിഡിനു ശേഷം തുറന്നുവിട്ടപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ത്രാണി ഇല്ലെങ്കിലും പാരസെറ്റാമോള്‍ മുതല്‍ പാചക വാതകം വരെ, ഭൂമിക്ക് ഉള്‍പ്പെടെ എല്ലാത്തിനും കൊടുക്കണം 10 ശതമാനത്തിനുമേല്‍ അധിക വില ! വില ഉയരാത്ത ഏക ഐറ്റം 'നമ്മള്‍' തന്നെ !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഈ എപ്രില്‍ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കം എന്നതു മാത്രമല്ല പ്രത്യേകത, ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ടര വര്‍ഷത്തിനു ശേഷം അടച്ചിട്ടതെല്ലാം തുറക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുകയാണ്.

ജനങ്ങളുടെ നിത്യ ജീവിതത്തെ സ്പര്‍ശിക്കുന്ന നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുമ്പോള്‍ അവരുടെ നിത്യജീവിതത്തെ ബാധിക്കുന്ന നിരവധി ബാധ്യതകള്‍ ഇന്നു മുതല്‍ പ്രാബല്യത്തിലാകുകയാണ്.

രണ്ടര വര്‍ഷം ഇടവിട്ട് അടച്ചിട്ടും അടഞ്ഞു കിടന്നു പ്രതിസന്ധിയിലായ ജനങ്ങളെ തുറന്നുവിടുമ്പോള്‍ അത് നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്തവിധം ബാധ്യതകളുടെ മുമ്പിലേയ്ക്കാണ്.

ഇന്നിപ്പോള്‍ വില കൂടാത്തതായി ഒന്നുമില്ല. പറമ്പിലെ കമ്മ്യൂണിസ്റ്റ് പള്ള ഒഴികെ മറ്റെല്ലാത്തിനും വിലകൂടി.

പെട്രോള്‍, ഡീസല്‍ വില 7 രൂപയ്ക്കു മുകളില്‍ കൂടി. ബസ് ചാര്‍ജ് മുതല്‍ ഓട്ടോ-ടാക്സി നിരക്കുകളൊക്കെ കൂടി. അതിന്‍റെ ചുവടുപിടിച്ച് നിത്യോപയോഗ സാധനങ്ങള്‍ക്കൊക്കെ വില ഉയരും. സിഎന്‍ജി വിലപോലും 8 രൂപ ഉയര്‍ന്നു.

പാരസെറ്റാമോള്‍ ഉള്‍പ്പെടെ പൊതുജനം സാധാരണയായി ഉപയോഗിക്കേണ്ടിവരുന്ന 872 മരുന്നുകള്‍ക്ക് വില ഉയര്‍ന്നു. 10.76 ശതമാനം വരെയുള്ള ഇതുവരെ ഉണ്ടാകാത്ത വിധമുള്ള വന്‍ വില വര്‍ധനവാണ് മരുന്നുകള്‍ക്കുണ്ടായത്. പാചകവാതകത്തിനും വില കയറി. കൊമേഴ്സ്യല്‍ സിലിണ്ടറുകള്‍ക്ക് കുത്തനെയാണ് വില കൂടിയത്. 250 ലേറെയാണ് വര്‍ധനവ് !

വൈദ്യുതി നിരക്ക് വര്‍ധനവ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പരമാവധി ജൂണ്‍ 30 വരെ ഈ നിരക്ക് തുടര്‍ന്നേക്കാം.

ഇനി വസ്തു വാങ്ങാമെന്ന് വിചാരിച്ചാലും അതിലുമുണ്ട് വര്‍ധനവ്. ആധാര ചിലവ് 10 ശതമാനത്തോളം ഉയരും.

മദ്യമാണ് നിലവില്‍ ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തപ്പെടുന്ന മറ്റൊരു വസ്തു. കഴിഞ്ഞ സംസ്ഥാന ബജറ്റിനു ശേഷമുള്ള സാഹചര്യത്തില്‍ മദ്യത്തിനും വില വര്‍ധനവ് വൈകില്ലന്നാണ് സൂചനകള്‍.

നിര്‍മ്മാണ മേഖല പണ്ടേ ദുര്‍ബലാവസ്ഥയിലാണ്. കമ്പി, സിമന്‍റ് വിലകളൊക്കെ ഉയര്‍ന്നും താഴ്ന്നും നില്‍ക്കുന്നു. കമ്പി വില അടുത്തിടെ അല്‍പം കുറഞ്ഞിരുന്നെങ്കിലും സിമന്‍റ് വില ഉയര്‍ന്നു തന്നെ.

ഏതിനാണ് ഇനി വില ഉയരുന്നതെന്നത് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഇതൊക്കെ താങ്ങാന്‍ ജനത്തിന് കെല്‍പില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിലവര്‍ധനവ് അവര്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നത്. ഒറ്റനോട്ടത്തില്‍ പറഞ്ഞാല്‍ വില ഉയരാത്ത ഏക ഐറ്റം 'നമ്മള്‍' തന്നെ !

Advertisment