തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയം ഭരണ/സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍/കോര്‍പ്പറേഷനുകള്‍ എന്നിവയിലെ എം ഡി/സെക്രട്ടറി/ഡയറക്ടര്‍/ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എന്നിവരുടെ പെന്‍ഷന്‍ പ്രായം 65 ല്‍ നിന്ന് 70 ആക്കാന്‍ തീരുമാനം.
കഴിഞ്ഞ മാര്‍ച്ച് 16ലെ മന്ത്രിസഭയോഗം ഇക്കാര്യം തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ആസുത്രണ സാമ്പത്തിക കാര്യവകുപ്പില്‍ നിന്നും രണ്ടു ദിവസത്തിനകം (മാര്‍ച്ച് 18ന്) ഇറങ്ങുകയും ചെയ്തു.
അതേസമയം തിടുക്കപ്പെട്ട് ഈ ഉത്തരവ് ഇറക്കിയത് കിഫ്ബി സിഇഒയായ കെഎം എബ്രഹാമിന് വേണ്ടിയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കിഫ്ബി സിഇഒയായ ഡോ. കെ എം എബ്രഹാമിന് മെയ് മാസം 65 വയസ് തികയുന്നതോടെ നിലവിലെ ഉത്തരവ് പ്രകാരം പദവിയൊഴിയേണ്ടി വരുമായിരുന്നു.
ഇത് ഒഴിവാക്കാന്‍ വേണ്ടി സിഇഒ തന്നെ മുന്‍കൈയെടുത്താണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് ലഭിക്കുന്ന സൂചന. 60 ആം വയസില്‍ ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് ശേഷം കിഫ്ബിയില്‍ കയറിയ എബ്രഹാമിന് ചീഫ് സെക്രട്ടറി തലത്തിലെ പെന്‍ഷനായ 1.50 ലക്ഷത്തിന് പുറമേ കിഫ് ബിയിലെ ശമ്പളമായി 3.30 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുന്നത്.
ഓഫിസ് സംബന്ധമായ മറ്റ് സൗകര്യങ്ങള്‍ നിരവധിയാണ്. മൂന്നു വര്‍ഷത്തേക്കായിരുന്നു കിഫ് ബി യില്‍ എബ്രഹാമിനെ ആദ്യം നിയമിച്ചത്. 2.75 ലക്ഷം രൂപ മാസ ശമ്പളവും 10 ശതമാനം വാര്‍ഷിക ശമ്പള വര്‍ധനവുമായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഓരോ വര്‍ഷവും 10 ശതമാനം വര്‍ദ്ധിപ്പിച്ച് ശമ്പളം കിട്ടുന്ന സംസ്ഥാനത്തെ രണ്ട് ഉദ്യോഗസ്ഥരില്‍ ഒരാളാണ് എബ്രഹാം.
രണ്ടാമത്തെയാള്‍ കിഫ്ബിയിലെ രണ്ടാമന്‍ വിജയദാസ് ആണ്. മൂന്നു വര്‍ഷ കാലാവധി തീര്‍ന്നതോടെ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് ഇടപെട്ട് എബ്രഹാമിനെ തുടരാന്‍ തീരുമാനമെടുത്തു.
തുടര്‍ ഭരണമുണ്ടായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കെഎം എബ്രഹാമിനെ സംരക്ഷിച്ചത്. ഇതിനിടെയാണ് 65 വയസില്‍ വിരമിക്കേണ്ടിവരുമെന്ന ഉത്തരവ് എബ്രഹാമിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഇതോടെ സ്വന്തം കസേര രക്ഷിക്കാന്‍ എബ്രഹാം ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ അബൂബക്കറും രക്ഷപ്പെട്ടു. 67 വയസാണ് അബുബക്കറിന് ഇനി മൂന്നു വര്‍ഷം സാഹിത്യ അക്കാദമി സെക്രട്ടറിയായി അബുബക്കറിന് ഇരിക്കാം.
അബുബക്കറിന്റെ കാര്യം പറഞ്ഞ് എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉള്ള ചില കഥകള്‍ എബ്രഹാം വിരുദ്ധര്‍ സെക്രട്ടേറിയേറ്റില്‍ പറഞ്ഞു പരത്തുന്നുണ്ട്.
പുതിയ ഉത്തരവിലൂടെ അബുബക്കറിന് മൂന്നു വര്‍ഷം കസേര കിട്ടുമെങ്കില്‍ എബ്രഹാമിന് 5 വര്‍ഷം കസേര ഉറപ്പിക്കാന്‍ സാധിച്ചു. എന്തായാലും സ്വന്തം കസേര അദ്ദേഹം രക്ഷിച്ചെങ്കിലും ഇത്തരം സ്ഥാപനങ്ങളില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതോടെ സര്‍ക്കാരിന് അധിക ബാധ്യത വരുമെന്ന കാര്യം ഉറപ്പാകുകയാണ്.