തിരുവനന്തപുരം: കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന് കെപിസിസിയുടെ ഷോകോസ് നോട്ടീസ്. പ്രതിപക്ഷ നേതാവ് പങ്കെടുത്ത കെ-റെയില്‍ വിരുദ്ധ സമരത്തില്‍ നിന്നും വിട്ടുനിന്നതിലാണ് കെപിസിസി പ്രസിഡന്റ് കോട്ടയം ഡിസിസി അധ്യക്ഷനോട് വിശദീകരണം ആരാഞ്ഞിരിക്കുന്നത്.
മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്നും വിഷയത്തില്‍ കൃത്യമായ വിശദീകരണം വേണമെന്നും കെ സുധാകരന്‍ നാട്ടകം സുരേഷിനോട് നിര്‍ദേശിച്ചു.
ഇന്നു കോട്ടയത്ത് ഡിസിസിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസിന് മുന്നിലെ സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അടിയന്തരമായി കെപിസിസി പ്രസിഡന്റിനെ കാണമെന്ന് നാട്ടകം സുരേഷിന് നിര്‍ദേശം ലഭിച്ചത്. ഇന്നു തന്നെ കെപിസിസി അധ്യക്ഷനെ കാണണമെന്നായിരുന്നു സന്ദേശം. ഇതനുസരിച്ച് നാട്ടകം ഉടന്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.
കെ സുധാകരന്റെ വീട്ടിലെത്തിയാണ് സുധാകരന്‍ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവുമായുള്ള ചര്‍ച്ചയിലായിരുന്നു ഈ സമയം സുധാകരന്‍.
ഡിസിസി പ്രസിഡന്റിനെ ഒന്നര മണിക്കൂറോളം റൂമിനു വെളിയില്‍ നിര്‍ത്തി. പിന്നീട് റൂമിലേക്ക് വിളിച്ച് വരുത്തി രണ്ടു മിനിറ്റില്‍ സുധാകരന്‍ തീരുമാനം അറിയിച്ചു. കര്‍ശന താക്കീതോടുകൂടിയായാരുന്നു നാട്ടകത്തെ തിരിച്ചയച്ചത്.
നാട്ടകത്തിന്റെ വിശദീകരണം കേള്‍ക്കാന്‍ പോലും കെപിസിസി അധ്യക്ഷന്‍ തയ്യാറായില്ല. പാര്‍ട്ടിയെയും പ്രതിപക്ഷനേതാവിനെയും അപമാനിക്കാന്‍ നടത്തിയ ഒരു നീക്കവും അംഗീകരിക്കില്ലെന്നും ഡല്‍ഹിയില്‍ നിന്നും കെപിസിസി അധ്യക്ഷന്‍ തിരിച്ചെത്തിയാലുടന്‍ വീണ്ടും നേരിട്ടെത്തി സാഹചര്യങ്ങള്‍ വിശദീകരിക്കണെമന്നാണ് നാട്ടകം സുരേഷിനോട് കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചത്. അതിനിടെ പ്രതിപക്ഷ നേതാവിനെ കാണാന്‍ നാട്ടകം ശ്രമിച്ചെങ്കിലും അദ്ദേഹം സന്ദര്‍ശനാനുമതി നല്‍കിയതുമില്ല.
പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ട നാട്ടകം സുരേഷ് കടുത്ത നിരാശനായിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തെ കുറിച്ച് ഒന്നും പറയാതെ സ്ഥലം കാലിയാക്കാനുള്ള നീക്കത്തിലായിരുന്നു സുരേഷ്.
മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും സുരേഷ് കാര്യമായ പ്രതികരണം നടത്തിയില്ല. ഒരു കുഴപ്പവും ഇല്ലല്ലോ എന്നായിരുന്നു ആവര്‍ത്തിച്ചുള്ള ഉത്തരം. കോട്ടയത്ത് പത്രസമ്മേളനം നടത്തിയപ്പോഴത്തെ ഉശിരൊന്നും ഇന്ന് തലസ്ഥാനത്തെത്തിയപ്പോള്‍ കണ്ടില്ല.
നാട്ടകം സുരേഷിന്റെ ശരീരഭാഷയില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു. സുരേഷിന് മുഖം കൊടുക്കാതെയാണ് സുധാകരന്‍ വാഹനത്തില്‍ മടങ്ങിയത്.
അതിനിടെ എ ഗ്രൂപ്പ് നാട്ടകത്തെ പൂര്‍ണമായി കൈവിട്ടതും അദ്ദേഹത്തിന് തിരിച്ചടിയായി. ഗ്രൂപ്പിന്‍റെ പേര് പറഞ്ഞുകൊണ്ടുള്ള നീക്കങ്ങള്‍ പാടില്ലെന്ന് ഉമ്മന്‍ ചാണ്ടിതന്നെ നാട്ടകത്തിനെ നേരിട്ട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ എ ഗ്രൂപ്പില്‍ നിന്നും നാട്ടകം പുറത്താവുകയാണ്.