കൊച്ചി: മൂവാറ്റുപുഴയില്‍ വീട്ടുടമസ്ഥന്‍ ഇല്ലാതിരുന്ന സമയത്ത് മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്കിനെ സമീപിച്ചു.
ഇവരുടെ കടബാധ്യതകള്‍ പലിശ സഹിതം താന്‍ ഏറ്റെടുക്കാമെന്നു ചൂണ്ടിക്കാണ്ടിയാണ് മാത്യു കുഴല്‍നാടന്റെ കത്ത്. കത്ത് ബാങ്ക് അധികൃതര്‍ക്ക് കൈമാറി. അതിനിടെ ബാങ്കിലെ ഇടത് അനുകൂല യൂണിയന്‍ തുക തിരിച്ചടച്ച് എംഎല്‍എയുടെ നീക്കത്തെ കടത്തിവെട്ടുകയും ചെയ്തു.
മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 1,75,000 രൂപ താന്‍ അടച്ചു കൊള്ളാം എന്നായിരുന്നു കത്തിലുള്ളത്. ഹൃദ്രോഗിയായ കുടുംബനാഥന്‍ ആശുപത്രിയിലിരിക്കെയായിരുന്നു മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തി. വീട്ടില്‍ കുട്ടികല്‍ മാത്രം ഉണ്ടായിരിക്കെ ജപ്തി നടത്തിയതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശി അജേഷ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടത്തിയത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി.
കേരളാ ബാങ്ക് ചെയര്‍മാനും സിപിഎം നേതാവുമായ ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിലാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇത് യഥാസമയം രാഷ്ട്രീയ വിവാദമാക്കാനും കൃത്യമായും മാധ്യമശ്രദ്ധ നേടുന്ന വിധവും ഇടപെടാനും മാത്യു കുഴല്‍നാടന് കഴിഞ്ഞു എന്നതാണ് ഇതില്‍ ഏറെ ശ്രദ്ധേയം.
മാത്യു കുഴല്‍നാടന്‍ ജപ്തി നടന്ന വീട്ടിലെത്തുകയും പൂട്ടു പൊളിച്ച് അകത്തുകയറിയതുമൊക്കെ സാമൂഹ്യമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. ഏഷ്യാനെറ്റ് ചാനല്‍ പ്രൈം ടൈമില്‍ ഇന്നലെ ചര്‍ച്ചയും നടത്തിയിരുന്നു.
അതുകൊണ്ടുതന്നെ ഈ വിഷയത്തിലെ മാധ്യമ ശ്രദ്ധ മുഴുവന്‍ മൂവാറ്റുപുഴ എംഎല്‍എയ്ക്ക് ലഭിച്ചിരുന്നു. കാശുമുടക്കി പിആര്‍ ചെയ്താല്‍ പോലും കിട്ടാനാവാത്ത ഗുണം എംഎല്‍എയ്ക്ക് കിട്ടിയെന്നു തന്നെയാണ് വിലയിരുത്തല്‍.
അതുകൊണ്ടുതന്നെ മുഴുവന്‍ കടവും എംഎല്‍എ സ്വന്തം പോക്കറ്റില്‍ നിന്നും അടച്ചാലും അതുവഴിയുണ്ടായ നേട്ടം അതിന്റെ 50 മടങ്ങിലേറെ വരും.
എന്തായാലും കൃത്യസമയത്ത് വിഷയം ഏറ്റെടുക്കാനും അതുവഴിയുള്ള ഗുണം കിട്ടാനും എംഎല്‍എയ്ക്ക് കഴിഞ്ഞെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നുണ്ട്. പരസ്യ ചിത്രങ്ങളെ വെല്ലുന്ന 'പിആര്‍' ഇടപെടലായിരുന്നു എംഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
മുതിര്‍ന്ന രാഷ്ട്രീയക്കാരെ പോലും കടത്തിവെട്ടുന്ന കൃത്യമായ ഇടപെടലായിരുന്നു ഇത്. അതിനിടയിലായിരുന്നു ഇന്ന് വൈകിട്ട് സംഭവത്തിലെ വമ്പന്‍ ട്വിസ്റ്റ്. ഇടതു സംഘടനയുടെ സഹായം വേണ്ടെന്ന് വീട്ടുടമ പറഞ്ഞതോടെ സംഭവങ്ങള്‍ക്ക് ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങളിലും എംഎല്‍എ കളം പിടിച്ചു.
എംഎല്‍എയുടെ സഹായം സ്വീകരിക്കുമെന്നും ഇതിനിടെ വീട്ടുടമ വ്യക്തമാക്കിയിട്ടുണ്ട്. വായ്പ, ചികിത്സാചിലവ്, കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് എന്നവയെല്ലാം എംഎല്‍എ ഏറ്റെടുത്തിരിക്കുകയാണ്.