/sathyam/media/post_attachments/YsSM0glmzocfIuS7iHqm.jpg)
കോട്ടയം: ഡിസിസി പ്രസിഡന്‍റ് കെ-റെയില്‍ സമരം ബഹിഷ്കരിക്കാനിടയായ സംഭവ വികാസങ്ങള്‍ക്കു പിന്നാലെ കോട്ടയം ജില്ലയില്‍ യുഡിഎഫ് നേതൃത്വത്തില്‍ അഴിച്ചു പണിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. ഇതു പ്രകാരം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന കേരളാ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തില്‍ അഴിച്ചു പണിക്ക് സാധ്യത തെളിഞ്ഞു.
കേരളാ കോൺഗ്രസ് നേതൃയോഗം നാളെ കോട്ടയത്ത ചേരാനിരിക്കെ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തടക്കം അടിയന്തര മാറ്റം വേണമെന്ന ആവശ്യം ശക്തമായി. കോട്ടയം പോലെയൊരു ജില്ലയിൽ മുതിർന്ന നേതാക്കളെ തന്നെ നേതൃസ്ഥാനത്ത് വയ്ക്കാതിരുന്നതിൻ്റെ തിക്താനുഭവങ്ങളാണ് മുന്നണിക്ക് ഇത്രയധികം തിരിച്ചടിക്ക് കാരണമെന്നാണ് പൊതു വികാരം. മെമ്പർഷിപ്പ് ക്യാമ്പയിനും തെരഞ്ഞെടുപ്പും നടക്കുന്ന പശ്ചാത്തലത്തിൽ നേതൃപദവിയിൽ ഉടൻ മാറ്റം കൊണ്ടുവരാമെന്ന് പി.ജെ ജോസഫും ഉറപ്പു നല്‍കിയതായാണ് സുചന.
നാളെ പി.ജെ ജോസഫിൻ്റെ അധ്യക്ഷതയിൽ യോഗം നടക്കാനിരിക്കെയാണ് കോട്ടയത്ത് നേതൃമാറ്റ ആവശ്യം ഉയരുന്നത്. ജില്ലാ പ്രസിഡൻ്റ്, യുഡിഎഫ് ചെയർമാൻ പദവികളിൽ പുതിയ ആളുകൾ വേണമെന്നാണ് ആവശ്യം.
/sathyam/media/post_attachments/Tshg0rdQWmUeC0A7b0wx.jpg)
ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് വി.ജെ ലാലി, പ്രിൻസ് ലൂക്കോസ് എന്നിവര്‍ക്കാണ് സാധ്യത. കഴിഞ്ഞ ദിവസവും കോട്ടയത്ത് നടന്ന ഇന്ധന സമരം പിന്‍സ് ലൂക്കോസിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു. മോന്‍സ് ജോസഫായിരുന്നു ഉദ്ഘാടകന്‍.
കേരളാ കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉണ്ടാകണമെന്ന ആവശ്യം തിരുവഞ്ചൂര്‍ ഉള്‍പ്പെടെയുള്ള കോൺഗ്രസ് നേതാക്കളും പി.ജെ ജോസഫിനെ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും നേതാവിൻ്റെ പേര് മുമ്പോട്ടു വയ്ക്കുന്നില്ലെങ്കിലും നേതൃത്വം മാറണമെന്ന കാര്യത്തിൽ അവർ ഉറച്ച നിലപാടിലാണ്.
അതു കൊണ്ടു തന്നെ മോൻസ് ജോസഫ് എംഎൽഎയൊ, വി.ജെ ലാലിയൊ, പ്രിൻസ് ലൂക്കോസോ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. ഇക്കാര്യങ്ങളടക്കം നാളെത്തെ യോഗത്തിൽ ചർച്ചയാകും.