/sathyam/media/post_attachments/nyTZ4Bu7dYjkX1WgGTLA.jpg)
കൊച്ചി: ഇന്നു നിങ്ങൾ പെട്രോൾ പമ്പിലെത്തി ഇന്ധനം അടിച്ചപ്പോൾ കൊടുത്തത് പെട്രോൾ ലിറ്ററിന് 117.19 രൂപയും ഡീസലിന് 103.47 രൂപയുമാണ്. ഉക്രൈൻ യുദ്ധവും ആഗോള എണ്ണ വിപണിയുടെ വിലയുമൊക്കെ പറഞ്ഞാണ് ഇന്ധന വില ഇങ്ങനെ കൂടി നിൽക്കുന്നത്. എന്നാൽ ഈ കൂടിയ വിലയിലും പെട്രോളിയം കമ്പനികൾ ഇന്ധനം വിൽക്കുന്ന വില കേട്ടാൽ ഞെട്ടും.
പെട്രോൾ ലിറ്ററിന് 53.54 രൂപയും ഡീസലിന് 55.09 രൂപയും മാത്രമാണ് വില. ഇതിനൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നികുതികൾ കൂടി ചേരുന്നതോടെയാണ് ഇത്രയധികം വില ഉയരുന്നത്.
ഒരു ലിറ്റർ പെട്രോളിന് ഡീലർ കമ്മീഷൻ 3.83 രൂപയാണ്. ഡീസലിന് കമ്മീഷൻ 2.58 രൂപയും. ബാക്കി പെട്രോൾ, ഡീസൽ വില പോകുന്നത് കേന്ദ്ര-സംസ്ഥാനങ്ങളുടെ പോക്കറ്റിലേക്കാണ്.
ഇതിൽ തന്നെ സംസ്ഥാനത്തിന് ഓരോ ലിറ്റർ പെട്രോളില്‍ സെസും നികുതിയും അടക്കം 26.34 രൂപ ലഭിക്കും. കേന്ദ്രത്തിന് 33 രൂപയിലധികം കിട്ടും. ഇതിൽ 27.90 രൂപ എക്സൈസ് നികുതിയും 5.58 രൂപ വിവിധ സെസുകളുമാണ്.
ഓരോ തവണയും വില കൂടുന്നതനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കുന്നത് അധിക വരുമാനമാണ്. കാരണം മുഴുവൻ തുകയുടെയും മേലാണ് സംസ്ഥാന നികുതി വരുന്നത്. ഇതോടെ നികുതിക്കു മേൽ നികുതിയാണ് ചുമത്തപ്പെടുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇങ്ങനെ നികുതി ഇനത്തിൽ മാത്രം സംസ്ഥാന ഖജനാവിൽ എത്തിയത് 37346.92 കോടി രൂപയാണ്. ഇതിനു പുറമെ വില കൂടിയപ്പോൾ ഉണ്ടായ അധിക വരുമാനം 2190 കോടി രൂപയും. ഇതോടെ മൊത്തം 39536.92 കോടി രൂപ സർക്കാരിന് കിട്ടി.
കേന്ദ്രത്തിൻ്റെ കൊള്ളയടിക്ക് എതിരെ വാതോരാതെ വർത്തമാനം പറയുന്ന കേരളം സാധാരണക്കാരനെ പിഴിഞ്ഞ് ഉണ്ടാക്കുന്നതാണി തുക. മുൻ യുഡിഎഫ് സർക്കാർ ആറു തവണ ഇത്തരത്തിലുള്ള അധിക നികുതി ഒഴിവാക്കിയിരുന്നു. അന്ന് ഇത്ര ഉയർന്ന വില ഇല്ലായിരുന്നു എന്നതും കണക്കിലെടുക്കണം.
എന്നാൽ ഇപ്പോൾ ഇത്രയധികം വില ഉയർന്നിട്ടും ഒരാശ്വാസവും സാധാരണക്കാരന് നൽകാൻ സംസ്ഥാന സർക്കാർ തയ്യറാകുന്നില്ല എന്നതാണ് ഏറെ നിരാശകരമായ കാര്യം. വില എത്ര കൂടിയാലും നികുതി കുറയ്ക്കില്ലെന്ന വാശിയിലാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.