/sathyam/media/post_attachments/mMwKWrJuD1lCAQftNqRh.jpg)
കൊച്ചി: സിപിഎം വിശ്വസിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ്, കോണ്‍ഗ്രസിന് അവരുമായി സഹകരണം സാധ്യമല്ല എന്നൊക്കെ സാക്ഷാല്‍ ഹൈക്കമാന്‍റു തന്നെ നേരിട്ടു പറഞ്ഞിട്ടും തോമസ്ലീഹാ നാമധാരിയായ കോണ്‍ഗ്രസ് തോമായ്ക്ക് അതിലങ്ങ് വിശ്വാസം പോരാ.
ഉയിര്‍പ്പുകാലമായതിനാലാകാം താന്‍ അത് കണ്ടേ വിശ്വസിക്കൂ എന്ന ഒറ്റ വാശിയിലാണ് കെ.വി തോമസ് മാഷ് ! അതിനാലാണ് സിപിഎം കോണ്‍ഗ്രസില്‍ പങ്കെടുക്കുമോ എന്ന കാര്യം നാളെ തീരുമാനിക്കുമെന്നാണ് കെ.വി തോമസ് പറയുന്നത്.
പാര്‍ട്ടി സിപിഎം ആണെങ്കിലും കണ്ണൂരില്‍ നടക്കുന്നത് അതിന്‍റെ 'കോണ്‍ഗ്രസ്' ആണെന്ന വിശദീകരണവുമായി സമ്മേളനത്തില്‍ പങ്കെടുക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹമെന്നാണ് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
കെ.വി തോമസ് തങ്ങളുടെ 'കോണ്‍ഗ്രസില്‍' പങ്കെടുക്കുമെന്ന ഉറപ്പു ലഭിച്ചതായി സിപിഎം നേതാക്കളും പറയുന്നു. അതിനാല്‍ കണ്ണൂരില്‍ തുടങ്ങിയ സിപിഎമ്മിന്‍റെ കോണ്‍ഗ്രസ് വേദിയില്‍ കോണ്‍ഗ്രസുകാരനായ കെ.വി തോമസ് പങ്കെടുക്കുമെന്ന് തന്നെയാണ് സൂചന.
അങ്ങനെ കെ.വി തോമസ് മാഷ് തങ്ങളുടേതല്ലാത്ത ഒരു കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കര്‍ശന നടപടിയോടെ പ്രതികരിക്കാനാണ് കെപിസിസിയുടെ തീരുമാനമത്രെ. അതിനു ഹൈക്കമാന്‍റിന്‍റെ പിന്തുണയുമുണ്ടത്രെ.