നാല്‍പത് വര്‍ഷം മുമ്പ് കേരളത്തിന് വൈദ്യുതി മിച്ചമായിരുന്നു. ഇന്ന് ഇരട്ടി വിലയ്ക്ക് പുറത്തു നിന്നും വാങ്ങണം - ഒപ്പം പവര്‍കട്ടും ! ലോകത്തേറ്റവും ലാഭകരമായ ജലവൈദ്യുതി പദ്ധതികള്‍ക്ക് ഉദ്യോഗസ്ഥരുടെ കട്ടപ്പാര ! താപവൈദ്യുതി ദുര്‍ച്ചെലവ് മാത്രമല്ല, വിനാശവും. രാജ്യത്ത് നമ്മുടെ മാത്രം സാധ്യതകള്‍ പ്രയോജനപ്പെടുത്താത്ത ഒരു വൈദ്യുതി നയം രക്ഷയോ... ശിക്ഷയോ ! - സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍... ?

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

സൈലന്റ്‌വാലി, പൂയംകുട്ടി, ആതിരപ്പള്ളി അടക്കം 145-ല്‍പരം ജലവൈദ്യുതി പദ്ധതികള്‍ ആരംഭിക്കാനുള്ള അടിയന്തിര ശ്രമം സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡും വൈദ്യുതി റഗുലേറ്ററി കമ്മീഷനും സംസ്ഥാന സര്‍ക്കാരും നടത്തണമെന്നും താപവൈദ്യുതിയില്‍ നിന്നും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കു വൈദ്യുതി നല്‍കുന്ന നയം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അടക്കം വിവാദ നിര്‍ദ്ദേശങ്ങളുമായി കേരളത്തിലെ അറിയപ്പെടുന്ന ഉപഭോക്തൃ സംഘടനയായ സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ സംസ്ഥാന വൈദ്യതി റഗുലേറ്ററി കമ്മീഷന് മുമ്പില്‍.

ഒറ്റനോട്ടത്തില്‍ വിവാദപരമെന്നു തോന്നുമെങ്കിലും സെന്‍ററിന്‍റെ 75 പേജുവരുന്ന വിശദമായ പരാതി ആഴത്തില്‍ പഠിച്ചാല്‍ കേരളത്തിലെ പശ്ചിമഘട്ടത്തില്‍ സാദ്ധ്യമായിടത്തൊക്കെ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കേണ്ടതിന്‍റെ ആവശ്യകത ഏവര്‍ക്കും ബോധ്യമാകും. 1928 ല്‍ സൈലന്റ്‌വാലി 15 കി.മീ. തെക്കുകിഴക്കായി കുന്തിപുഴയില്‍ സൈരന്തിരി എന്ന സ്ഥലത്ത് ഒരു ജലവൈദ്യുത പദ്ധതി വിഭാവനം ചെയ്തിരുന്നു.

1958 ല്‍ ഇത് സംബന്ധിച്ച പഠനം നടന്നു. 120 മെഗാവാട്ട് ശേഷിയായിരുന്നു സൈരന്തിരി പദ്ധതിക്ക്. 1982-ല്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് സൈലന്റ്‌വാലിയുടെ സൈരന്തിരി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു.

സൈലന്റ്‌വാലിയിലെ 8.3 ചതുരശ്ര കിലോമീറ്റര്‍ വനം മുങ്ങിപോകും, സിംഹവാലന്‍ കുരങ്ങുകളുടെ ആവാസകേന്ദ്രമാണ് സൈലന്റ്‌വാലി എന്നൊക്കെ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര പരിസ്ഥിതി സംഘടനകളുടെ സാമ്പത്തിക സഹായത്തോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സൈലന്‍റ് വാലി ജലവൈദ്യുതി പദ്ധതിക്കെതിരെ രംഗത്തുവന്നു.

അയ്യോ... സിംഹവാലന്‍... !

1982 ല്‍ കേരളം വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നു. കേരളത്തിലെ 1982 ലെ വൈദ്യുതി ആവശ്യം 2993.85 മെഗായൂണിറ്റായിരുന്നു. 1982 ലെ വൈദ്യുതി ഉല്‍പാദനം 4768.74 മെഗാ യൂണിറ്റും. മൊത്തം ഉല്‍പാദനം ജലവൈദ്യുതി പദ്ധതികളില്‍ നിന്നും. 1982 ല്‍ 1774.89 മെഗായൂണിറ്റ് വൈദ്യുതി കേരളം മറ്റുസംസ്ഥാനങ്ങള്‍ക്ക് വിറ്റുകൊണ്ടിരുന്നു.

publive-image

വൈദ്യുതി മിച്ച സംസ്ഥാനമായിരുന്ന 1982 ല്‍ സൈലന്‍റ്വാലി ജലവൈദ്യുതി പദ്ധതിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ളവര്‍ രംഗത്തുവന്നത് 8.3 ചതുരശ്ര കിലോമീറ്റര്‍ വനവും കുറെ സിംഹവാലന്‍ കുരങ്ങുകളും ഡാമിന്‍റെ കാച്ച്മെന്‍റ് ഏരിയായില്‍ മുങ്ങിപോകും എന്നായിരുന്നു.

സൈലന്റ്‌വാലി പദ്ധതി വിവാദമായപ്പോള്‍ മാധവ് ഗാഡ്ഗില്‍, എം.ജി.കെ. മേനോന്‍ എന്നിവരടങ്ങുന്ന ഒരു വിദഗ്ധ സമിതി വിഷയം പടിച്ചു. 1983 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവര്‍ പദ്ധതി വേണ്ട എന്നു നിര്‍ദ്ദേശിച്ചു. ആ റിപ്പോര്‍ട്ട് ഇന്നും സര്‍ക്കാരിന്‍റെ പക്കലോ ഗാഡ്ഗില്ലിന്‍റെ പക്കലോ കാണും. ഒന്നു പുനര്‍പ്രസിദ്ധീകരിക്കട്ടെ.

പൂയംകുട്ടി എവിടെ ?

കേന്ദ്ര സര്‍ക്കാര്‍ സൈലന്‍റ് വാലിയെ ദേശീയ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. പകരം പാത്രക്കടവ് ജലവൈദ്യുത പദ്ധതിക്കും പൂയംകുട്ടി പദ്ധതിക്കും കേന്ദ്രം അനുമതി നല്‍കി.

publive-image

ഇടുക്കി ഡാമിലെ തന്നെ ഒരു വന്‍കിട ജലവൈദ്യുത പദ്ധതിയായിരുന്നു പൂയംകുട്ടി. 700 മെഗാവാട്ട് ആണ് പൂയംകുട്ടിയുടെ സ്ഥാപിത ശേഷി. പിന്നീട് പൂയംകുട്ടിക്കെന്തുപറ്റി എന്ന് ആരും അന്വേഷിച്ചില്ല. പരിസ്ഥിതി സംരക്ഷണത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പേരില്‍ തന്നെയാണ് സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ സൈലന്‍റ് വാലിയും പൂയംകുട്ടിയും ആതിരപ്പള്ളിയും വേണമെന്നു വാദിക്കുന്നത്. അതിനവര്‍ നിരത്തിയ കാരണങ്ങളെ ആര്‍ക്കും എതിര്‍ക്കാനാവില്ല.

2020-21 ല്‍ കേരളം ഉപയോഗിച്ചത് 22504.32 മെഗാ യൂണിറ്റ് വൈദ്യുതി. അതില്‍ കേരളത്തില്‍ ഉദ്പാദിപ്പിച്ചത് 7109 മെഗാ യൂണിറ്റ് മാത്രം. ആകെ ഉപയോഗത്തിന്‍റെ 32%. ഈ 7109 മെഗാ യൂണിറ്റ് ആഭ്യന്തര ഉത്പാദനത്തില്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ളത്.

7071.37 മെഗാ യൂണിറ്റ് വൈദ്യുതി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വൈദ്യുതി ബോര്‍ഡും പരിസ്ഥിതി പ്രവര്‍ത്തകരും ഏറെ കൊട്ടിഘോഷിച്ച സോളാര്‍ വൈദ്യുതി 28.73 മെഗാ യൂണിറ്റ് മാത്രം. കാറ്റില്‍ നിന്നുള്ള വൈദ്യുതിയാകട്ടെ 1.14 മെഗായൂണിറ്റു മാത്രം.

നമുക്കാവശ്യം ലോകത്തേ ഏറ്റവും മോശം ?

ചുരുക്കത്തില്‍ കേരളത്തിലെ വൈദ്യുതി ഉല്പാദനത്തിന്‍റെ 68% താപവൈദ്യുതിയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നതും പരിസ്ഥിതിയെ തകര്‍ക്കുന്നതുമായ വൈദ്യുതി ഉല്പാദനമാണ് താപവൈദ്യുതി. കല്‍ക്കരി കത്തിച്ചാണ് മിക്ക താപവൈദ്യുതി നിലയങ്ങളും പ്രവര്‍ത്തിക്കുന്നത്.

publive-image

അതുകൊണ്ടുതന്നെ താപവൈദ്യുതി പരമാവധി കുറക്കണമെന്നാണ് ആഗോളതലത്തില്‍ നടന്ന പരിസ്ഥിതി സമ്മേളനങ്ങള്‍ തീരുമാനിച്ചത്. 2021 അവസാനം ഗ്ലാസ്കോയില്‍ നടന്ന ആഗോള പരിസ്ഥിതി സമ്മേളനം താപവൈദ്യുതി മൊത്തം വൈദ്യുതിയുടെ 50% ആക്കി 2030 ല്‍ പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാണ്. ജലവൈദ്യുത പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ജലം കൊണ്ടാണ് തിരുവനന്തപുരം കൊച്ചി അടക്കം വന്‍ നഗരങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്.

ആ പച്ചപ്പിനൊരു തിളക്കവും കുറയില്ല ! 

ജലവൈദ്യുത പദ്ധതികള്‍ വനം നശിപ്പിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ കണ്ടെത്തല്‍. എന്നാല്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ 11574 ചതുരശ്രമീറ്റര്‍ പച്ചപ്പ് അഥവാ വനാവരണമുള്ള ഏക സംസ്ഥാനമാണ് കേരളം.

publive-image

അതുകൊണ്ടുതന്നെ ജലവൈദ്യുത പദ്ധതികള്‍ക്കായി ഒരു ലക്ഷം ഹെക്ടര്‍ വനം മൂടിപോയാലും ഒരു പരിസ്ഥിതി നാശവും സംഭവിക്കില്ലെന്നു സെന്‍റര്‍ 2021-ലെ "ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട്" ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നു.

2021 ലെ വനം സര്‍വ്വേ പ്രകാരം ദേശീയ തലത്തില്‍ സര്‍ക്കാര്‍ വനം 21.71% മാത്രമാണ്. വനാവരണം അഥവാ മരങ്ങളുടെ പച്ചപ്പ് (Tree Cover) 2.91%. അങ്ങനെ ആകെ വനാവരണം 24.62% മാത്രം.

കേരളത്തില്‍ സര്‍ക്കാര്‍ വനം 24.9% ആണ്. എന്നാല്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വനാവരണം കേരളത്തില്‍ 29.78% ആണ്. ചുരുക്കത്തില്‍ സര്‍ക്കാര്‍ വനത്തേക്കാള്‍ കൂടുതല്‍ മരങ്ങള്‍ കേരളത്തില്‍ പച്ചപിടിപ്പിച്ചിരിക്കുന്നത് കേരളത്തിലെ കര്‍ഷകരാണ്.

കേരളത്തിന്‍റെ ഭൂവിസ്തൃതിയുടെ 29.78% കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന മരങ്ങളടങ്ങുന്ന വനാവരണമാണെങ്കില്‍ തമിഴ്നാട്ടില്‍ അത് 4.8%, കര്‍ണ്ണാടകത്തില്‍ 8.44%, തെലുങ്കാനയില്‍ 6.84%, ആന്ധ്രയില്‍ 3.4% മാത്രമാണ്.

അതുകൊണ്ടുതന്നെ കേരളത്തില്‍ സാധ്യമായിടത്തൊക്കെ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കണമെന്നും കേരളത്തിന്‍റെ മാത്രം പ്രത്യേകതയായ കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന വനാവരണത്തിന്‍റെ കണക്കുകള്‍ കൊണ്ടുതന്നെ ജലവൈദ്യുത പദ്ധതികള്‍ പരിസ്ഥിതിക്ക് വിരുദ്ധമല്ലെന്നും വ്യക്തം.

പാഴാക്കരുതേ... വെള്ളം !

പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്നും പുറപ്പെടുന്ന പുകയുടെ നാലിരട്ടി വിനാശകരമാണ് താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി കത്തിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം.

publive-image

അങ്ങനെയെങ്കില്‍ താപവൈദ്യുതി ഉപയോഗിച്ച് പെട്രോള്‍ കാറുകള്‍ വൈദ്യുതി കാറുകളിലേക്ക് മാറ്റുമ്പോള്‍ അന്തരീക്ഷ മലിനീകരണം നാലിരട്ടി കൂടുമെന്നും സെന്‍റര്‍ കണക്കുകള്‍ സഹിതം റഗുലേറ്ററി കമ്മീഷനു മുമ്പില്‍ വാദിച്ചു.

ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി മൂലമറ്റത്ത് പുറത്തേക്കുവിടുന്ന ജലം കുളമാവ് ഡാമിലേക്ക് പമ്പ് ചെയ്തു കയറ്റുന്ന പദ്ധതിയെപ്പറ്റി ഗൗരവമായി പഠനം നടത്തണമെന്നും പീക്ക് സമയത്തെ വൈദ്യുതി ആവശ്യങ്ങള്‍ ലോകത്തില്‍ മിക്കയിടത്തും പമ്പ്ഡ് സ്റ്റോറേജ് പവര്‍ പ്ലാന്‍റുകള്‍ (Pumped Storage Power Plants) വഴിയാണ് നേടിയെടുക്കുന്നതെന്നും വൈദ്യുതി ആവശ്യമില്ലാത്ത പകല്‍ സമയങ്ങളില്‍ ഇങ്ങനെ ജലം മൂലമറ്റത്തുനിന്നും കുളമാവിലേക്ക് പമ്പ് ചെയ്യണമെന്നും സെന്‍റര്‍ ആവശ്യപ്പെട്ടു.

Advertisment