എംപിയും എംഎല്‍എയും കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിയുമൊക്കെയായി 35 വര്‍ഷത്തിലേറെ അധികാര രാഷ്ട്രീയത്തില്‍ ! സംഘടനാ തലത്തിലാണെങ്കില്‍ വാര്‍ഡ് പ്രസിഡന്റു മുതല്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പദവി വരെ കിട്ടി. എന്നിട്ടും തന്നെ അവഗണിച്ചെന്ന പരാതി പറയുന്ന കെവി തോമസിനെതിരെ പ്രവര്‍ത്തകവികാരം ശക്തം ! നടപടി ഉറപ്പ്. തോമസ് പോയാല്‍ കൂടെ ആരും പോകില്ലെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. ലത്തീന്‍ സമുദായത്തിന്റെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയില്‍ സിപിഎമ്മും ! ഇനിയൊരങ്കത്തിന് കെവി തോമസിന് പ്രാപ്തിയുണ്ടോ ?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: 1984ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു. 22 വര്‍ഷം പാര്‍ലമെന്റ് അംഗം. അഞ്ച് വര്‍ഷം കേന്ദ്രമന്ത്രി. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടില്‍ മന്ത്രിസ്ഥാനത്തിനു തുല്യമായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയര്‍മാനുമായി.

അതിനിടെയില്‍ എട്ടു വര്‍ഷം നിയമസഭാംഗം, സംസ്ഥാനത്ത് ഫിഷറീസ്-ടൂറിസം മന്ത്രി. സംഘടനാ രംഗത്താണെങ്കില്‍ വാര്‍ഡ് പ്രസിഡന്റ് മുതല്‍ വര്‍ക്കിങ് പ്രസിഡന്റ് പദവിവരെ തോമസിനെ തേടിയെത്തി. ഇത്രയധികം പദവികള്‍ കിട്ടിയിട്ടും ഇനിയും പദവികള്‍ വേണമെന്ന ചിന്തയാണ് എന്നും കെവി തോമസിനുണ്ടായിരുന്നത്.

തുടര്‍ച്ചയായി ജയിച്ചതിന്റെ ക്രഡിറ്റ് തന്റെ സ്വന്തം കഴിവാണെന്നു കെവി തോമസ് ആവര്‍ത്തിച്ചു പറയുമ്പോഴും അതിനവസരം തന്നത് തന്റെ പാര്‍ട്ടിയാണെന്ന കാര്യം തോമസ് മനപൂര്‍വം വിട്ടു കളഞ്ഞു. ഇത്രയധികം അവസരം കിട്ടിയ മറ്റൊരു നേതാവ് മധ്യകേരളത്തില്‍ ഇല്ലെന്നതും സത്യമാണ്.

2018ഓടെ കെ വി തോമസ് കോണ്‍ഗ്രസ് ക്യാമ്പിന്റെ അപ്രീതിക്ക് പാത്രമായി തുടങ്ങിയിരുന്നു. രാഹുല്‍ ഗാന്ധിയുമായി അത്ര അടുപ്പം തോമസിനില്ലായിരുന്നു. 2019ല്‍ കെവി തോമസിനെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സീറ്റു നിഷേധിച്ചതു മുതല്‍ കടുത്ത നിരാശനായിരുന്നു അദ്ദേഹം. തുടര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നേടിയെടുത്തു.

പക്ഷേ പുനസംഘടനയില്‍ കെവി തോമസ് തെറിച്ചു. പിന്നീട് യുഡിഎഫ് കണ്‍വീനര്‍, ഒഴിവുവന്ന രാജ്യസഭാ സീറ്റ് എന്നിവയൊക്കെ മോഹിച്ച തോമസിനെ പക്ഷേ പാര്‍ട്ടി ഗൗനിച്ചതേയില്ല. ഇതിനിടെയാണ് സിപിഎം ക്ഷണം വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി കെവി തോമസ് ഏതാണ്ട് അകന്നു കഴിയുകയായിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ക്ഷണം കിട്ടിയത് ഫെബ്രുവരിയിലായിരുന്നു. ഇതോടെ അന്നുമുതല്‍ കെവി തോമസ് പാര്‍ട്ടി വിടാനുള്ള അവസരം കാത്തിരുന്നു എന്നു പറയുന്നതാകും ശരി. ഇന്ന് എന്തായാലും പാര്‍ട്ടിയെ തള്ളിപറഞ്ഞതോടെ പാര്‍ട്ടി കോണ്‍ഗ്രസിലൂടെ തോമസ് സിപിഎമ്മിലേക്ക് എത്തുന്നു എന്നതിനും സ്ഥിരീകരണമാകുകയാണ്.

കെവി തോമസ് പോകുമ്പോള്‍ അദ്ദേഹത്തിനൊപ്പം വലിയ അനുയായി വൃന്ദം പോകുമെന്ന പേടി കോണ്‍ഗ്രസിനില്ല. പക്ഷേ സിപിഎം മറ്റു ചില ഗുണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കെവി തോമസ് പ്രതിനിധീകരിക്കുന്ന ലത്തീന്‍ സമുദായത്തിന്റെ പിന്തുണയാണ് സിപിഎം പ്രതീക്ഷിക്കുന്നത്. നിലവില്‍ യുഡിഎഫിന് മേല്‍ക്കൈയുള്ള ജില്ലയില്‍ നേട്ടമുണ്ടാക്കാമെന്നും അവര്‍ കരുതുന്നു.

പക്ഷേ അതൊന്നും അനുകൂലമാകാനിടയില്ലെന്നാണ് സൂചന. ഒരായുസുകൊണ്ട് കിട്ടാവുന്ന എല്ലാ അധികാരങ്ങളും നേടിയ നേതാവ് വീണ്ടും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ പാര്‍ട്ടി മാറിയാല്‍ അത് ജനം അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

Advertisment