കൊച്ചിയില്‍ നിന്നും രാവിലെ 11 മണിക്കുള്ള വിമാനം കയറി തേങ്ങാപാല്‍ ഒഴിച്ച് വറ്റിച്ച തിരുതക്കറി ക്‌ളിഫ് ഹൗസിലെത്തിയിരുന്ന കാലം ! സേവ്യര്‍ അറയ്ക്കലിന് പകരം ലത്തീന്‍ സ്ഥാനാര്‍ത്ഥിയെ തേടിയ കരുണാകരന്‍ കണ്ടെത്തിയ പേര് പ്രൊഫ. കെവി തോമസ്. പിന്നീട് തിരുത വിമാനം കയറി ഡല്‍ഹിയിലേക്ക്; തോമസ് പുതിയ പദവികളിലേക്കും ! തിരുതക്കറിയുടെ രുചി ഇനി സിപിഎം നേതാക്കളും അറിയട്ടെ. എല്ലാം തിരുതയുടെ നയതന്ത്രം ! തോമസിന് പാര്‍ട്ടിയല്ല, വിഷയമാണ് പ്രധാനം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കുറുപ്പശേരി വര്‍ക്കി തോമസ് എന്ന കെവി തോമസ്. എതിരാളികളോടു പോലും എന്നും നയതന്ത്രത്തോടെ തന്നെ പെരുമാറിയ കെവി തോമസ് അതുകൊണ്ടുതന്നെ എന്നും എല്ലാം നേടിയെുത്തു. തിരുതകൊടുത്ത് എല്ലാവരെയും കീഴടക്കിയെന്നു എതിരാളികള്‍ ആരോപിക്കുമ്പോഴും അത് ശരിയെന്ന് തോമസ് തന്നെ സ്ഥിരീകരിച്ചിരുന്നു.

കെഎസ് യു -യൂത്ത് കോണ്‍ഗ്രസ് പശ്ചാത്തലമില്ലാതെ പാര്‍ട്ടിയിലേക്ക് കടന്നു വരികയും എറണാകുളത്ത് സേവ്യര്‍ അറക്കിലിന് പകരം ഒരു ലത്തീന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് ലീഡര്‍ കെ കരുണാകരനെ തോന്നുകയും ചെയ്തപ്പോള്‍ ഉയര്‍ന്ന പേരാണ് കെ വി തോമസ്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന 1982-83 കാലത്ത് തേങ്ങാപാല്‍ ഒഴിച്ച് വറ്റിച്ച തിരുതക്കറി കൊച്ചിയില്‍ രാവിലെ 11 മണിക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റില്‍ കയറ്റി കൃത്യം 12.30 ന് ക്ളിഫ് ഹൗസിലെത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.

കെ കരുണാകരന്‍ തിരുതയുടെ രുചിയറിഞ്ഞപ്പോള്‍ കെവി തോമസ് ലോക്‌സഭയിലും എത്തി. 2003വരെ തോമസ് കരുണാകരന്റെ വിശ്വസ്തനായിരുന്നു. പക്ഷേ ഇതിനിടെ തിരുത വിമാനം കയറി ഡല്‍ഹിയിലേക്ക് പോയി തുടങ്ങിയിരുന്നു. ജന്‍പതിലെ അടുക്കളയിലെത്തിയ തിരുതയുടെ രുചി തോമസിന് പുതിയ പദവികളിലേക്കും എത്തിച്ചു.

പക്ഷേ 2003 ആയപ്പോഴേക്കും കരുണാകരന്റെ അപ്രീതി തോമസിനെ തേടിയെത്തി. പക്ഷേ കെവി തോമസ് തന്റെ ഗോഡ്ഫാദറായി അപ്പോഴേക്കും എകെ ആന്റണിയെ കണ്ടെത്തിയിരുന്നു. ഫലം ആന്റണിയുടെ ശുപാര്‍ശയില്‍ കേന്ദ്രമന്ത്രി പദവി.

സോണിയാ ഗാന്ധിയോടും തന്റെ തിരുത നയതന്ത്രം കെവി തോമസ് സ്വീകരിച്ചിരുന്നു. ഇത് ഡല്‍ഹിയില്‍ കെവി തോമസിന്റെ സ്വാധീനം വര്‍ധിപ്പിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിമാരുമായുള്ള ബന്ധം തോമസ് വര്‍ധിപ്പിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ച്ബിഷപ്പ് പെദ്രോ ലോപ്പസ് ക്വിന്താനയുമായൊക്കെ വലിയ അടുപ്പം തോമസ് ഉണ്ടാക്കിയെടുത്തു.

പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതൊക്കെ തോമസിന് ഗുണം ചെയ്തു. പക്ഷേ രാഹുല്‍ ഗാന്ധിയുടെ അടുത്ത് തിരുതക്കറി ചിലവായില്ലെന്നു തോമസിന്റെ ശത്രുക്കള്‍ പറയുന്നു. ഇന്നു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ കൂട്ടിവായിച്ചാല്‍ അതാണ് ശരിയെന്നു വ്യക്തമാകും. എന്തായാലും അധികാരമില്ലാതിരുന്ന കെവി തോമസ് പക്ഷേ വെറുതെയിരുന്നില്ല.

ഡല്‍ഹിയിലെ സുഹൃത്തായ സീതാറാം യെച്ചൂരിക്കും തിരുത ഇഷ്ടപ്പെട്ടുവെന്നുതന്നെ വേണം സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കിയാല്‍ തോന്നുന്നത്. തിരുതയ്ക്ക് ഇനി ഡിമാന്റ് എകെജി സെന്ററില്‍ തന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

എന്നും എല്ലാ രാഷ്ടീയ നേതാക്കളോടും രമ്യതയില്‍ പോകാന്‍ തന്നെയാണ് കെവി തോമസ് ആഗ്രഹിച്ചത്. അതില്‍ പാര്‍ട്ടി ഒരു തടസ്സമല്ലെന്നു തന്നെയാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയല്ല, വിഷയമാണ് പ്രധാനമെന്ന് കെവി തോമസ് പഠിപ്പിക്കുന്നു.

Advertisment