സിപിഎം ആദ്യം നോട്ടമിട്ടത് ശശി തരൂരിനെ ! തരൂര്‍ വരില്ലെന്നറിയിച്ചതോടെ കെവി തോമസിനെ എന്തുവിലകൊടുത്തും സെമിനാര്‍ വേദിയിലേക്ക് എത്തിക്കാനായി നീക്കം. കോണ്‍ഗ്രസുമായി കലഹിച്ചു നിന്ന കെവി തോമസ് വീണത് സിപിഎം നല്‍കിയ ഓഫറില്‍ ! ബിജെപിക്കെതിരായ ആശയസംവാദത്തിനുള്ള വേദിയിലേക്ക് കെ വി തോമസിനെ എത്തിക്കുന്നത് കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ അടിയാണെന്ന് സിപിഎം. തോമസിനെ ഇനി സിപിഎം വളര്‍ത്തുമോ തളര്‍ത്തുമോ - കണ്ടറിയണം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും ശശി തരൂരിനെയും കെവി തോമസിനെയും എന്തുകൊണ്ടു വിളിച്ചു ? ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം സിപിഎമ്മിനുണ്ടായിരുന്നു എന്നതാണ് ഇന്നത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായും ദേശീയ നേതൃത്വവുമായും കൃത്യമായി അകലം പാലിച്ചിരുന്ന ഇരു നേതാക്കളെയും സെമിനാറിലേക്ക് ക്ഷണിച്ചതിലൂടെ സിപിഎമ്മിന് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നു വ്യക്തം.

കോണ്‍ഗ്രസുമായി കലഹിച്ചു നില്‍ക്കുന്ന ഇരു നേതാക്കളും വേദിയിലെത്തിയാല്‍ ആ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന് സിപിഎം നേതാക്കള്‍ നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടുതന്നെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്. അതല്ലാതെ മറ്റാരെയെങ്കിലും കിട്ടാതിരുന്നിട്ടല്ല.

പക്ഷേ ഇതു മുന്‍കൂട്ടി കണ്ടാണ് കെപിസിസി വിലക്കെന്ന പൂട്ടൊരുക്കിയത്. വിലക്ക് വാര്‍ത്ത ആദ്യം വന്നപ്പോള്‍ ശശി തരൂര്‍ സെമിനാറില്‍ പോകുമെന്ന് പറഞ്ഞത് സിപിഎമ്മിന് പ്രതീക്ഷ നല്‍കി. പക്ഷേ എഐസിസി കൂടി ഉടക്കിട്ടതോടെ ശശി തരൂര്‍ പിന്മാറി.

എന്നാല്‍ അന്നു പോകില്ലെന്നു പറഞ്ഞ കെവി തോമസിനെ സിപിഎം പിന്നീട് എങ്ങനെ കൂടെ കൂട്ടി. കെ പി സി സി-എഐസിസി നേതൃത്വങ്ങളുടെ നിര്‍ദേശങ്ങളെ കെ വി തോമസ് മറികടക്കുന്നത് സിപിഎമ്മിന്റെ ദിവസങ്ങളായുള്ള ആസൂത്രണത്തിന്റെ ഫലമായാണ്.

കെ വി തോമസിന്റെ നെഹ്‌റൂവീയന്‍ പാരമ്പര്യത്തെ പുകഴ്ത്തിയും രാഷ്ട്രീയ അഭയമെന്ന് വ്യക്തമാക്കിയും കെ വി തോമസിന് പൂര്‍ണ സംരക്ഷണമെന്ന ഉറപ്പ് നല്‍കിയുമാണ് സെമിനാര്‍ രാഷ്ട്രീയത്തിന്റെ ഗോദയില്‍ സിപിഎംവിജയിച്ചത്.

കെപിസിസി നേതൃത്വം ഭീഷണി സ്വരം ഉയര്‍ത്തിയപ്പോഴും അതിനെ മറികടന്ന് തോമസ് എത്തുമെന്ന് സിപിഎം നേതൃത്വം ഉറപ്പിച്ചിരുന്നു. ബിജെപിക്കെതിരെ ആശയസംവാദത്തിനുള്ള വേദിയിലേക്ക് കെ വി തോമസിനെ എത്തിക്കാനാകുന്നത് കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ അടിയാണെന്ന് സിപിഎം വിശ്വസിക്കുന്നു. ബിജെപി ക്കെതിരെ പട പൊരുതാന്‍ സിപിഎമ്മേ ഒള്ളുവെന്ന വാദത്തിനെ ബലപ്പെടുത്താന്‍ ഇതുവഴി കഴിയും.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം കെ വി തോമസ് വേദി പങ്കിടുന്നത് ദേശീയ ശ്രദ്ധയിലേക്ക് എത്തും. കെ വി തോമസിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ ബിജെപിക്ക് കോണ്‍ഗ്രസ് നിലപാടുകള്‍ അടിയറവ് വെച്ചുവെന്ന പ്രചാരത്തിന് സിപിഎം തുടക്കമിടും.

അതിനുള്ള നീക്കം ഇപ്പോഴേ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. കെവി തോമസിന് രാഷ്ട്രീയ അഭയമൊരുക്കിയും സിപിഎം തിരിച്ചടിക്കുമെന്ന് ഉറപ്പാണ്.

Advertisment