/sathyam/media/post_attachments/lBe3ikzQ8nvPr0jfpDVb.jpg)
കൊച്ചി: തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ 'തിരുത തോമ'യെന്ന് പരിഹസിക്കുന്നുവെന്ന് കെവി തോമസ് പരാതി പറയുമ്പോള്‍ അദ്ദേഹത്തെ ആരാണ് ആദ്യം അങ്ങനെ വിളിച്ചതെന്ന ചോദ്യം ഉയരുകയാണ്. കോണ്‍ഗ്രസുകാരല്ല, മറിച്ച് സിപിഎം നേതാക്കളാണ് കെവി തോമസിനെ ആദ്യം തിരുത തോമയെന്ന് വിളിച്ചതെന്നാണ് കൊച്ചിയിലെ ആളുകള്‍ പറയുന്നത്.
1989 ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണ വേദിയായിരുന്ന പള്ളുരുത്തിയില്‍ വച്ച് വിഎസ് അച്യുതാനന്ദനാണ് കെവി തോമസിനെ ആദ്യം അങ്ങനെ പരിഹസിച്ചതെന്നാണ് വിവരം. വിഎസിന്റെ ഈ പ്രയോഗം പിന്നീട് അണികളും ഏറ്റെടുത്തു. പിന്നീട് എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ പദപ്രയോഗം സ്ഥിരമായി.
ഇന്ന് കെവി തോമസ് പറഞ്ഞതുപോലെ മത്സ്യത്തൊഴിലാളിയായതുകൊണ്ടല്ല അദ്ദേഹത്തെ എതിരാളികള്‍ അങ്ങനെ പരിഹസിച്ചത്. തിരുതക്കറി തന്റെ നേതാക്കള്‍ നല്‍കി പദവികള്‍ വാങ്ങിക്കൂട്ടുന്നുവെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് പലരും അദ്ദേഹത്തെ കളിയാക്കാന്‍ ഈ പേര് വിളിച്ചത്.
കെവി തോമസ് മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും എതിരാളികള്‍ അദ്ദേഹത്തെ പരിഹസിക്കാന്‍ ഇതേ പേര് തന്നെ വിളിച്ചിരുന്നു. 1996ല്‍ കെവി തോമസ് സേവ്യര്‍ അറയ്ക്കലിനോട് തോറ്റപ്പോള്‍ അന്ന് വിളിച്ച മുദ്രാവാക്യം ഇങ്ങനെ:
'കൊച്ചിക്കായലിലെ തിരുതയ്ക്ക്
ഇനിയുള്ള കാലം നല്ല കാലം
തിരുത തോമയെ തോട്ടിലെറിഞ്ഞൊരു
കൊച്ചിക്കാര്‍ക്കഭിവാദ്യം'
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമീപകാലത്ത് കെവി തോമസിനെ അധിക്ഷേപിക്കാന്‍ ഈ പേര് വിളിച്ചിരുന്നു. ഇനി അവര്‍ അത് സ്ഥിരമാക്കും. പക്ഷേ പണ്ട് അദ്ദേഹത്തെ ആക്ഷേപിച്ച മറുവിഭാഗം ആ പേര് വിളിക്കില്ലായിരിക്കും..കണ്ടറിയണം.