തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുന്ന കെ വി തോമസിന്റെ അച്ചടക്കലംഘനത്തില്‍ നടപടിയെടുക്കുക ഹൈക്കമാന്‍ഡ്. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് ഈ വിഷയത്തില്‍ നടപടി സ്വീകരിക്കുക.
എംപിമാര്‍ക്കും എഐസിസി അംഗങ്ങള്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിന് മാത്രമാണ്. കെവി തോമസ് മുതിര്‍ന്ന നേതാവും മുന്‍ എംപിയും 35 വര്‍ഷത്തിലേറെയായി എഐസിസി അംഗവുമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എഐസിസി തന്നെയാകും തീരുമാനമെടുക്കുക.
സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിക്കാന്‍ കഴിയുക ഹൈക്കമാന്‍ഡിനാണെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുകയാണ് എഐസിസി. എ.കെ ആന്റണി അധ്യക്ഷനും താരീഖ് അന്‍വര്‍ സെക്രട്ടറിയും അംബിക സോണി അംഗവുമായ സമിതിയാണ് അച്ചടക്ക നടപടി എടുക്കേണ്ടത്.
അതേസമയം അച്ചടക്കലംഘനം നടത്തിയത് സംബന്ധിച്ച വിഷയം സമിതിക്ക് മുന്നില്‍ എത്തിയ ശേഷം മാത്രമായിരിക്കും നടപടി. ഇക്കാര്യം സമിതിക്ക് മുന്നില്‍ എത്തിക്കേണ്ടത് കെപിസിസിയാണ്.
കെപിസിസിക്ക് വിഷയത്തില്‍ അച്ചടക്കനടപടി ശുപാര്‍ശ ചെയ്യും. തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് സുധാകരന്‍ പറയുമ്പോഴും അതിന് ശുപാര്‍ശ ചെയ്യാന്‍ മാത്രമേ കെപിസിസിക്ക് കഴിയുകയുള്ളൂ. എന്തുതരം നടപടി വേണം എന്നതുള്‍പ്പെടെ തീരുമാനമെടുക്കുക ഹൈക്കമാന്‍ഡാണ്.
തോമസിന് ഏറെ അടുപ്പമുള്ള നേതാവാണ് എകെ ആന്റണി. പക്ഷേ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നതിനപ്പുറത്തേക്ക് തല്‍ക്കാലം അച്ചടക്ക സമിതി പോകാനിടയില്ല.
അതിനിടെ പത്ത് ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ വസതിയിലെ അടുക്കളയില്‍ പോലും കയറാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന രണ്ട് നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ് വിട്ടു ഇടതുപക്ഷത്തേക്ക് ചേക്കേറി എന്നത് ഏറെ ശ്രദ്ധേയമാണ്. കെവി തോമസും പിസി ചാക്കോയും ആണ് ഈ നേതാക്കള്‍.
ചാക്കോ മുമ്പേ എന്‍സിപിയിലേക്ക് പോയി എല്‍ഡിഎഫില്‍ ഘടകകക്ഷി നേതാവായി. രണ്ടു നേതാക്കള്‍ക്കും പദവികള്‍ എന്നും തേടിയെത്തിയിരുന്നത് ഇവരുടെ മിടുക്കിനേക്കാള്‍ സ്വാധീനത്തിലായിരുന്നു. എന്നും ഉന്നത നേതാക്കള്‍ക്ക് പ്രാപ്തരായിരുന്ന ഇവര്‍ പക്ഷേ ജനകീയതയില്‍ പിന്നില്‍ പോയിരുന്നു എന്നതാണ് സത്യം.