കോണ്‍ഗ്രസിനെ കുത്തിയും പിണറായിയെ അര ഡസന്‍ തവണ വാനോളം പുകഴ്ത്തിയും സിപിഎം വേദിയില്‍ കെ.വി തോമസ്. കെ.വി തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പിണറായി പറഞ്ഞപ്പോള്‍ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായിയെന്ന സ്വന്തം നിലപാടിനടിവരയിട്ട് തോമസ് മാഷിന്‍റെ പ്രസംഗം. സിപിഎം വേദിയിലെ കെ.വി തോമസിന്‍റെ വാക്കുകളോരോന്നും കെപിസിസി നിലപാടുകളെ വെല്ലുവിളിച്ചുതന്നെ ! ഇനി കാത്തിരുന്നു കാണേണ്ടത് കെപിസിസി നല്‍കുന്ന മറുപടി ?

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കണ്ണൂര്‍: കോണ്‍ഗ്രസിനെ കുത്തിയും മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയും സിപിഎം കോണ്‍ഗ്രസ് വേദിയിലെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്.

കോണ്‍ഗ്രസിന്‍റേത് പിന്തിരിപ്പന്‍ നിലപാടാണെന്നും ജവഹര്‍ലാല്‍ നെഹ്റു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എകെജി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തിരുന്നത് ഓര്‍ക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളെ ഓര്‍മിപ്പിച്ച കെ.വി തോമസ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ആഹ്വാനം ചെയ്തതും എല്ലാ പ്രതിപക്ഷ കക്ഷികളും കൈകോര്‍ത്ത് കേന്ദ്രസര്‍ക്കാരിന്‍റെ ജന വിരുദ്ധ നയങ്ങളെ പരാജയപ്പെടുത്തണമെന്നാണെന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗത്തിന്‍റെ തുടക്കം.

മിനിറ്റുകള്‍ മാത്രം നീണ്ട പ്രസംഗത്തിന്‍റെ ആദ്യ പകുതി മുതല്‍ അവസാനം വരെ വിഷയങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് കെ.വി തോമസ് പിണറായിയെ പുകഴ്ത്തിയത് പല തവണയാണ്.

പിണറായി വിജയനാണ് കൊണ്ടുവന്നതെന്നതെന്ന ഒറ്റക്കാരണത്താല്‍ മാത്രം കെ-റെയിലിനെ എതിര്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ആര്‍പ്പു വിളികളോടെയാണ് സഖാക്കള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്.

മന്‍മോഹന്‍ സിംഗും നരേന്ദ്ര മോഡിയും പ്രധാനമന്ത്രിയുടെ ഓഫീസിലെത്തുന്ന കേരള മുഖ്യമന്ത്രിയോട് ആദ്യം ചോദിക്കുന്നത് വൈപ്പിന്‍ ഗെയ്ന്‍ പദ്ധതിക്ക് എന്താണ് സംഭവിച്ചതെന്നായിരുന്നു. ആ പദ്ധതി പൂര്‍ത്തിയാക്കിയത് പിണറായി വിജയന്‍റെ വില്‍പവര്‍ ഒന്നുകൊണ്ടു മാത്രമാണെന്നായിരുന്നു കെ.വി തോമസിന്‍റെ പ്രശംസ. അവിടെയും നിര്‍ത്തിയില്ല പിണറായി സ്തുതി.

രാജ്യത്ത് ഏറ്റവും വിജയകരമായി കോവിഡ് മഹാമാരിയെ പ്രതിരോധിച്ച സംസ്ഥാനം കേരളമാണെന്ന് പറഞ്ഞ് പിണറായിയെ പ്രശംസിച്ച കെ.വി തോമസ് കേരളത്തില്‍ എന്ത് വികസനം കൊണ്ടുവന്നാലും അത് പിണറായിയാണ് കൊണ്ടുവന്നതെന്ന് പറഞ്ഞ് എല്ലാവരും ചേര്‍ന്ന് എതിര്‍ക്കുകയാണെന്നു വരെ പറഞ്ഞുവച്ചു. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി എന്ന് തന്‍റെ നിലപാടിനടിവരയിട്ടുകൊണ്ടു തന്നെയാണ് പ്രസംഗം കടന്നു പോയത്.

മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി ഇന്ദ്രജിത് ഗുപ്ത മുതല്‍ ഇപ്പോഴത്തെ സെക്രട്ടറി സീതാറാം യെച്ചൂരി വരെയുള്ളവരുമായുള്ള വ്യക്തിബന്ധം പരാമര്‍ശിക്കാനും അദ്ദേഹ മറന്നില്ല.

ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന എ.കെ ഗോപാലന്‍ പ്രസംഗിക്കാന്‍ തുടങ്ങിയെന്നറിഞ്ഞാല്‍ അദ്ദേഹം ഓഫീസില്‍ നിന്നും ഓടിയെത്തി സീറ്റിലിരുന്ന് ആ പ്രസംഗം കേള്‍ക്കുമെന്ന് ഇന്ദ്രജിത് ഗുപ്ത തന്നോട് പറഞ്ഞത് എടുത്തു പറയാനും മറന്നില്ല. എതിര്‍സ്വരങ്ങളിലും ജനങ്ങളുടെ പക്ഷമുണ്ടെന്ന കാര്യം കോണ്‍ഗ്രസ് മറക്കരുതെന്ന ധ്വനിയായിരുന്നു ആ വാക്കുകളിലും.

അതേ സമയം ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന നിലയിലാണ് ഇവിടെ നില്‍ക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കെ.വി തോമസ് പ്രസംഗം തുടങ്ങിയതെന്നതും ശ്രദ്ധേയമായി.

കുമ്പളങ്ങി എന്ന വളരെ പ്രത്യേകതയുള്ള ഗ്രാമത്തിലെ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്ന് ആദ്യ മിനിറ്റില്‍ തന്നെ പറഞ്ഞുവച്ചു. മാത്രമല്ല, താനിവിടെ വന്നത് കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തായി മാറും എന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വന്നതില്‍ ഒട്ടും ദു:ഖമില്ല, ഒരുപാട് സന്തോഷമാണുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് വാക്കുകള്‍ അവസാനിപ്പിച്ചത്.

എന്തായാലും കെ.വി തോമസിന്‍റെ വാക്കുകളില്‍നിന്നും ഒരു കാര്യം വ്യക്തം. നാളെ താന്‍ കോണ്‍ഗ്രസിന്‍റെ ലേബലില്‍ അറിയപ്പെട്ടാലും ഇല്ലെങ്കിലും കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ചേര്‍ത്തു പിടിക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ തീരുമാനം. കോണ്‍ഗ്രസ് തള്ളിക്കളഞ്ഞാലും കെ.വി തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ 'കരുതലിന്' കെ.വി തോമസും 'കൈ' കൊടുത്തു.

പാര്‍ട്ടി നടപടിയെടുത്താലും തനിക്കൊരു ചുക്കുമില്ലെന്ന ആത്മവിശ്വാസം പ്രസംഗത്തില്‍ ഓരോ വാക്കുകളിലും നിഴലിച്ചു. ചുവപ്പണിഞ്ഞ ഷാളും യേശുവിന്‍റെ ചിത്രവും നല്‍കിയാണ് സമ്മേളന വേദിയില്‍ സിപിഎം കെ.വി തോമസിനെ സ്വീകരിച്ചത്.

Advertisment