/sathyam/media/post_attachments/RGxvq1fAR9tDOlpz0BE9.jpg)
കൊച്ചി: കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേരാനൊരുങ്ങുന്ന കെ.വി തോമസിന് ഉചിതമായ പദവി നൽകാൻ സിപിഎം. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനമാണ് തോമസിന് നൽകാൻ സാധ്യത. പദവി സംബന്ധിച്ച് സിപിഎം നേതൃത്വം തോമസിന് ഉറപ്പു നൽകി.
ക്യാബിനറ്റ് റാങ്ക് ഉള്ള പദവിയാകും തോമസിന് നൽകുക. തോമസിൻ്റെ ലത്തീൻ സഭയിലെയും, ക്രൈസ്തവർക്കിടയിലെയും സ്വാധീനം പാർട്ടിക്ക് ഗുണകരമാകുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.
അതേ സമയം പാർലമെൻ്ററി രാഷ്ട്രീയത്തിലേക്ക് താൻ ഇനി ഇല്ല എന്ന് സിപിഎം നേതൃത്വത്തെ കെ.വി തോമസ് അറിയിച്ചിട്ടുണ്ട്. നിലവിൽ സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായ മകൾ രേഖാ തോമസിനെ തൻ്റെ പിൻഗാമിയാക്കാനാണ് തോമസ് ആഗ്രഹിക്കുന്നത്.
ഇത്തവണ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മകൾക്ക് തോമസ് സീറ്റ് ആവശ്യപ്പെടില്ല. പക്ഷേ 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മകൾക്ക് എറണാകുളം വേണമെന്ന് തോമസ് ആവശ്യപ്പെടുന്നുണ്ട്.
നിലവിൽ ലത്തീൻ വിഭാഗത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാൻ ഇടതുപക്ഷത്തിന് പറ്റിയ സ്ഥാനാർത്ഥി ഇല്ല. ഈ സാഹചര്യം മുതലാക്കാനാണ് കെ.വി തോമസ് ശ്രമിക്കുന്നത്. നേരത്തെ കണ്ണൂരിലേക്കുള്ള യാത്രയിലടക്കം രേഖ തോമസിന് ഒപ്പമുണ്ടായിരുന്നു.
രേഖയെ കൂടുതൽ പരിപാടികളിൽ പങ്കെടുപ്പിക്കാനുള്ള നീക്കം കെ.വി തോമസ് നടത്തുന്നുണ്ട്. ഇടതുപക്ഷത്തെ വേദികൾ പരമാവധി ഇതിന് ഉപയോഗിക്കുകയാണ് തോമസ് ലക്ഷ്യമിടുന്നത്.