പാലായിലെ ആദ്യ പള്ളിക്ക് 1019 വയസ്സ് !

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ:ഇന്നലത്തെ ഉയിർപ്പു തിരുന്നാൾ അക്ഷരാര്‍ത്ഥത്തില്‍ പാലായിലെ ക്രൈസ്തവ സമൂഹത്തിന്റെ ഉണര്‍ത്ത് ആഘോഷമായി; ഇന്നലത്തെ ഈസ്റ്റര്‍ ദിനത്തില്‍ പാലായിലെ ആദ്യ പള്ളി സ്ഥാപിച്ചിട്ട് (കത്തിഡ്രല്‍) 1019 വര്‍ഷം തികഞ്ഞു.

Advertisment

ക്രിസ്തുവര്‍ഷം 1003 ല്‍ ഏപ്രില്‍ മാസത്തിലെ ഉയിര്‍പ്പ് തിരുനാള്‍ ദിവസമാണ് പള്ളിയുടെ പണി പൂര്‍ത്തിയാക്കി വെഞ്ചിരിപ്പ് കര്‍മ്മം നടത്തിയത്.

അക്കാലത്ത് പള്ളിയുടെ പണിക്കിടയില്‍ ചിലര്‍ എതിര്‍പ്പുമായി എത്തി. അന്ന് നാടുവാഴിയായിരുന്ന മീനച്ചില്‍ കര്‍ത്താവിനെ ക്രൈസ്തവര്‍ പോയി കണ്ടു. തുടര്‍ന്ന് കര്‍ത്താവ് നേരിട്ട് സ്ഥലത്തുവന്ന് താമസിച്ചാണ് പള്ളിപണി പൂര്‍ത്തീകരിച്ചത്. പള്ളിയുടെ അടുത്ത് മീനച്ചില്‍ കര്‍ത്താവിന് താമസിക്കാനായി ഒരു ''സ്രാമ്പി'' (വരാന്തയില്ലാത്ത രണ്ടുനിലയിലുള്ള കെട്ടിടം) പണികഴിപ്പിക്കുകയും ചെയ്തിരുന്നു.

പള്ളിസ്ഥാപനത്തിന്റെ 950-ാം വര്‍ഷ പൂര്‍ത്തീകരണത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികള്‍ നടത്തിയിരുന്നത് ഇപ്പോഴും പഴയ തലമുറയുടെ ഓര്‍മ്മയിലുണ്ട്.
അന്ന് റവ. ഫാ. ഫിലിപ്പ് വാലിയായിരുന്നു വികാരി.

ഒരേ കുടുംബത്തിലെ മൂന്ന് സഹോദരങ്ങള്‍ പള്ളികൈക്കാരന്‍മാരുടെ ചുമതല വഹിച്ചിരുന്നതും അന്നത്തെ പ്രത്യേകതയായിരുന്നു. മേനാംപറമ്പിൽ പാപ്പച്ചന്‍, ഇളയസഹോദരങ്ങളായ കുട്ടിച്ചന്‍ മേനാംപറമ്പില്‍, വര്‍ക്കിച്ചന്‍ മേനാംപറമ്പില്‍ എന്നിവരായിരുന്നു ആ സഹോദരങ്ങള്‍. പാലായിലെ പുരാതന പാരമ്പര്യ ക്രൈസ്തവ കുടുംബമായിരുന്നു മേനാംപറമ്പില്‍ കുടുംബം.

1953 നവംബര്‍ 30 ന് നടന്ന 950-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത് അന്ന് റോമില്‍ പൗരസ്ത്യസംഘം സെക്രട്ടറിയായിരുന്ന അത്യുന്നത കര്‍ദ്ദിനാള്‍ ടിസറന്റ് തിരുമേനി ആയിരുന്നു.

പാലാ നഗരം അതുവരെ കണ്ടിട്ടില്ലാത്ത സ്വീകരണമാണ് ടിസറന്റ് തിരുമേനിക്ക് കൊടുത്തതെന്ന് പിതാവ് പറഞ്ഞ അറിവ് ഇപ്പോഴുമുണ്ടെന്ന് മേനാംപറമ്പില്‍ പാപ്പച്ചന്റെ മകന്‍ അലക്‌സ് മേനാംപറമ്പില്‍ പറഞ്ഞു.

അന്ന് കര്‍ദ്ദിനാള്‍ ടിസറന്റ്, ഇറ്റലിയിലെ ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന സെന്റ് തോമസിന്റെ തിരുശേഷിപ്പില്‍ നിന്നും ഒരു ഭാഗം പാലാ കത്തീഡ്രല്‍ ദേവാലയത്തിലേക്ക് കൊണ്ടുവരികയും അവിടെ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്തു.

ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, ബിഷപ് മാര്‍ മാത്യു കാവുകാട്ട് എന്നിവരും ടിസറന്റ് തിരുമേനിയോടൊപ്പം വിശുദ്ധ കര്‍മ്മങ്ങളിൽ പങ്കെടുക്കുകയും പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയും ചെയ്തു. പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ടിസറന്റ് തിരുമേനി അന്ന് പുതിയ കത്തീഡ്രലിന്റെ ശിലാസ്ഥാപനവും നിര്‍വ്വഹിച്ചു.

അതിനുശേഷം പള്ളിപ്രധാനികളും ബിഷപ്പുമാരും ടിസറന്റ് തിരുമേനിയോടൊപ്പം ചേര്‍ന്ന് ഗ്രൂപ്പ് ഫോട്ടോയെടുത്തു. തന്റെ പിതാവും ചിറ്റപ്പന്‍മാരും ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന ആ ഗ്രൂപ്പുഫോട്ടോ ഒരു ചരിത്രനിധിയും അത്യപൂര്‍വ്വ കാഴ്ചയുമായി ഇപ്പോഴും അലക്‌സ് മേനാംപറമ്പിൽ തൻ്റെ വീടിന്റെ പൂമുഖത്തു പൂമാല ചാർത്തി തൂക്കിയിട്ടിട്ടുണ്ട്. പാലായിലെ ക്രൈസ്തവ സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നേര്‍ക്കാഴ്ചയാകുന്ന സമൂഹചിത്രം കൂടിയാണിത്.

Advertisment