വിഭാഗീയതതുടെ കനലുകള്‍ തല്ലിക്കെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പി ശശി എത്തുന്നത് രണ്ടു പതിറ്റാണ്ടിന് ശേഷം ! ഭരണമികവില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള പി ശശിയുടെ നിയോഗം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തല്‍. സിപിഎമ്മിലെ രണ്ടാം നിര നേതാക്കളില്‍ ഭരണരംഗത്തും പരിചയ സമ്പത്തിലും ഒന്നാമനായ ശശി ഉന്നത നേതാക്കളുടെ വിശ്വസ്തന്‍ ! പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലേക്ക് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശശിയുടെ പേരുയര്‍ന്നത് എതിരുകളില്ലാതെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് ഏറെ പഴികേള്‍ക്കുന്നത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളിലായിരുന്നു. പലപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വിവാദങ്ങളിലും പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മികച്ച ഭരണാധികാരിയെന്ന അക്കാദമിക് റെക്കോര്‍ഡുള്ള പി ശശി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്.

ഇകെ നയനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശി അന്നേ ഭരണ രംഗത്ത് മികവു പുലര്‍ത്തിയ നേതാവ്. രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് ശശി വീണ്ടും മറ്റൊരു മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്.

സിപിഎമ്മിന്റെ രണ്ടാം നിര നേതാക്കളില്‍ ഭരണയന്ത്രത്തെ കൈകാര്യം ചെയ്യുന്നതില്‍ ഇത്ര മികവു പുലര്‍ത്തുന്ന മറ്റൊരു നേതാവില്ല എന്നതാണ് വാസ്തവം. പിണറായി വിജയനടക്കമുള്ള നേതാക്കളുടെ വിശ്വസ്തനുമായിരുന്നു അദ്ദേഹം.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവിയിലേക്ക് എത്തിയ അദ്ദേഹം അന്നത്തെ പാര്‍ട്ടിയിലെ വിഭാഗീതയുടെ ഇരയായി ചില ആരോപണങ്ങളില്‍ പെടുകയായിരുന്നു. 2011ല്‍ അദ്ദേഹത്തിന് പാര്‍ട്ടിക്ക് പുറത്തുപോകേണ്ടി വന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് 2016ല്‍ കോടതി കണ്ടെത്തി.

പിന്നീട് 2018ല്‍ അദ്ദേഹം പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ഒരുവര്‍ഷത്തിനകം ജില്ലാ കമ്മിറ്റിയിലും എത്തി. കഴിഞ്ഞ സമ്മേളനത്തിലാണ് പി ശശി സംസ്ഥാന സമിതിയിലേക്ക് എത്തുന്നത്. ശശിയുടെ ഭരണരംഗത്തെ മികവ് മുഖ്യമന്ത്രിയുടെ ഓഫീസിന് പ്രയോജനപ്പെടുത്താന്‍ മുഖ്യമന്ത്രി തന്നെയാണ് തീരുമാനമെടുത്തത്.

ഇന്നലെ സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലേക്ക് ചര്‍ച്ച വന്നപ്പോള്‍ ശശിയുടെ പേര് മാത്രമാണ് ഉയര്‍ന്നത് എന്നതും ശ്രദ്ധേയമാണ്. ശശിയുടെ ഭരണമികവിനുള്ള അംഗീകാരം കൂടിയായിരുന്നു അത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ പുതിയ തീരുമാനം ഏറെ ഗുണം ചെയ്യുമെന്നും ഉറപ്പാണ്.

Advertisment