കൊച്ചി: സംസ്ഥാനം വീണ്ടുമൊരു തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. പ്രഗല്‍ഭനായിരുന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്‍റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കരയില്‍ ഇതിനോടകം തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ച നടക്കും. പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസുതന്നെയാകും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി എന്ന കാര്യം ഏതാണ്ടുറപ്പാണ്.
ഇടതു മുന്നണിയില്‍ സിപിഎം സ്ഥാനാര്‍ഥി തന്നെയായിരിക്കും മല്‍സരിക്കുക എന്നതാണ് സൂചന. നേരത്തെ ഈ സീറ്റ് കേരള കോണ്‍ഗ്രസ് - എമ്മിന് നല്‍കിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. കുറ്റ്യാടി സീറ്റ് കഴിഞ്ഞ തവണ ഒഴിഞ്ഞു കൊടുത്തതിന് പകരം തൃക്കാക്കര അവര്‍ക്ക് നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ സിപിഎം തന്നെയാകും ഇവിടെ മല്‍സരിക്കുക എന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ചയ്ക്കകം പ്രഖ്യാപിക്കാനാണ് സാധ്യത. അതേസമയം ബിജെപിയും ട്വന്‍റി 20യും ഇവിടെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ്.
ക്രൈസ്തവ വോട്ടുകള്‍ക്ക് ശക്തമായ വേരോട്ടമുള്ള തൃക്കാക്കരയില്‍ പിസി ജോര്‍ജിനെ മല്‍സരിപ്പിക്കുന്നതും ബിജെപിയുടെ പരിഗണനയിലുണ്ട്. പക്ഷേ വിശ്വാസി സമൂഹം പിസി ജോര്‍ജിനെ എത്രകണ്ട് പിന്തുണയ്ക്കുമെന്ന ആശങ്കയും ചില ബിജെപി നേതാക്കള്‍ പങ്കു വയ്ക്കുന്നു.
കഴിഞ്ഞ തവണപോലും 15200 ലേറെ വോട്ട് നേടിയ തൃക്കാക്കരയില്‍ അരലക്ഷത്തോളം ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി സ്വാധീനിക്കാനായാല്‍ വിജയം ഉറപ്പെന്നാണ് ബിജെപി വിശ്വാസം.
ഇതിനിടെ ട്വന്‍റി 20 യും തൃക്കാക്കരയില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ ഒറ്റയ്ക്ക് 13772 വോട്ടുകള്‍ നേടിയ മണ്ഡലത്തില്‍ ഇത്തവണ വിജയം പ്രതീക്ഷിച്ചാണ് മല്‍സരമെന്നാണ് സാബു ജേക്കബ് പറയുന്നത്. ട്വന്‍റി 20 യും ആംആദ്മിയും സംയുക്തമായിട്ടായിരിക്കും സ്ഥാനാര്‍ഥിയെ നിര്‍ത്തുക എന്നും സാബു പറഞ്ഞിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാൾ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്താനുള്ള സാധ്യതയും കൂടുതലാണ്.
പടനായകര്‍ റെഡി !
യുഡിഎഫും എല്‍ഡിഎഫും തൃക്കാക്കരയില്‍ പടനയിക്കാന്‍ നേതാക്കളെ രംഗത്തിറക്കി കഴിഞ്ഞു. യുഡിഎഫില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെ നേരിട്ടാണ് തന്ത്രങ്ങളൊരുക്കുന്നത്. കോണ്‍ഗ്രസിലെ പുതിയ നേതൃത്വത്തിന് ഈ വിജയം അനിവാര്യമാണ്.
അതിനാല്‍ തന്നെ രണ്ടു മാസം മുമ്പേ മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. സംസ്ഥാന നേതാക്കള്‍ക്കാണ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്.
ഇടതുമുന്നണിയെ സംബന്ധിച്ച് തൃക്കാക്കര കിട്ടിയാല്‍ നിയമസഭയില്‍ സെഞ്ച്വറി തികയ്ക്കാം. ഒപ്പം സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിന്തുണയായി വിജയം മാറ്റുകയും ചെയ്യാം. കെ.വി തോമസ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ അനുകൂലമാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ് മണ്ഡലത്തിന്‍റെ ഏകോപന ചുമതല. മന്ത്രി പി രാജീവും യുവനേതാവ് എം സ്വരാജും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. പഞ്ചായത്തുകളുടെ ചുമതലകളിലേയ്ക്ക് മന്ത്രിമാര്‍ക്കുതന്നെ ചുമതല നല്‍കാനാണ് ആലോചന.
എന്തായാലും അടുത്തയാഴ്ച തൃക്കാക്കരയിലെ സ്ഥാനാര്‍ഥികളും ചിത്രവും വ്യക്തമാകും എന്നാണ് വിലയിരുത്തല്‍.