/sathyam/media/post_attachments/7OCI9VzfCikgiViUwUNH.jpg)
കൊച്ചി: പിടി തോമസിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന തൃക്കാക്കരയില്‍ മല്‍സരിക്കണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അഭ്യര്‍ഥന പിടിയുടെ ഭാര്യ ഉമാ തോമസ് ആദ്യം നിരസിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. മല്‍സരത്തിലില്ലെന്ന നിലപാടായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ കണ്ട നേതാക്കളോടെല്ലാം ഉമ പങ്കുവച്ചത്.
എന്നാല്‍ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരിട്ട് ഉമയും മക്കളുമായും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉമ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചത്.
എറണാകുളം മഹാരാജാസ് കോളജിലെ പഠനകാലത്തു തന്നെ ഉമ കെഎസ്‍യു പ്രവര്‍ത്തകയായിരുന്നു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്‍റെ ഭാരമായിരിക്കുമ്പോഴാണ് അന്ന് കെഎസ്‍യു സംസ്ഥാന നേതാവായിരുന്ന പിടി തോമസിനെ പരിചയപ്പെടുന്നതും പിന്നീട് അത് പ്രണയമായി മാറുന്നതും.
വിവാഹത്തിനു ശേഷം രാഷ്ട്രീയം ഉപേക്ഷിച്ച് ഉമ കുടുംബ ഭാരം ഏറ്റെടുത്തു. രാഷ്ട്രീയവും തെരഞ്ഞെടുപ്പുമൊക്കെയായി പിടിയുടെ സാമ്പത്തിക ബാധ്യത ഉയര്‍ന്നപ്പോള്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു ചേരാനും ഉമ മടിച്ചില്ല.
തെരഞ്ഞെടുപ്പ് കാലത്ത് ജോലിയില്‍ നിന്നും അവധിയെടുത്ത് പിടിക്കൊപ്പം പ്രചരണത്തില്‍ സജീവമാകുന്നതും പതിവായിരുന്നു. ഒടുവില്‍ പിടി മടങ്ങിയപ്പോള്‍ ആ നിയോഗം വീണ്ടും ഉമയിലേയ്ക്ക് എത്തുകയാണ്.