വയനാട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിടാതെ പിന്തുടരുകയാണോ ? സ്മൃതി ഇറാനിയുടെ 'അസമയത്തെ' വയനാട് സന്ദര്‍ശനവും കളക്ടറേറ്റിലെ വികസന ചര്‍ച്ചയുമൊക്കെ കോണ്‍ഗ്രസ് നേതൃത്വത്തെ വല്ലാതെ ആശങ്കപ്പെടുത്തുകയാണ്.
ഇന്ന് രാവിലെയാണ് അപ്രതീക്ഷിതമായി ഏകദിന സന്ദര്‍ശനത്തിനായി സ്മൃതി വയനാട്ടിലെത്തിയത്. രാഹുല്‍ ഗാന്ധി എംപി ഇത്തവണ വിജയിച്ച മണ്ഡലമാണ് വയനാട്. രാഹുല്‍ മല്‍സരിച്ച ആദ്യ മണ്ഡലമായ യുപിയിലെ അമേഠിയില്‍ രാഹുലിനെ പരാജയപ്പെടുത്തിയ ബിജെപി നേതാവാണ് സ്മൃതി ഇറാനി.
ഇനി അമേഠിയ്ക്ക് പിന്നാലെ വയനാട്ടിലും എത്തി രാഹുലിനെ പരാജയപ്പെടുത്തുകയാണ് സ്മൃതിയുടെ സന്ദര്‍ശനോദ്ദേശ്യമെന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്.
സ്മൃതിയുടേത് വെറും സന്ദര്‍ശനം മാത്രമല്ല. ജില്ലാ വികസന സമിതി യോഗത്തിലും സ്മൃതി പങ്കെടുത്തു. അതിനു ശേഷം മരവയല്‍ ആദിവാസി ഊരിലും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയുടെ സന്ദര്‍ശനം ഉണ്ടാകും. സംസ്ഥാനത്തെ മറ്റൊരു ജില്ലയിലും കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം ഇല്ലെന്നതും ശ്രദ്ധേയമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന് കഷ്ടി രണ്ടു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് സ്മൃതിയുടെ പുതിയ നീക്കം. തെരഞ്ഞെടുപ്പിന് വര്‍ഷങ്ങള്‍ക്കു മുമ്പെ മണ്ഡലത്തില്‍ സജീവമായി കളം പിടിക്കുന്നതാണ് ഇറാനിയുടെ ശൈലി.
അങ്ങനെയാണ് രണ്ടാം അങ്കത്തില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പിക്കുന്നത്. സിംഹത്തെ അതിന്‍റെ മാളത്തിലെത്തി കീഴടക്കുന്ന ഇറാനി തന്ത്രം വയനാട്ടിലും രാഹുല്‍ ഗാന്ധിയെ നിലംപതിപ്പിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.
വയനാട്ടിലേയ്ക്ക് കോടികളൊഴുകും !
കേന്ദ്രമന്ത്രിയെന്ന നിലയില്‍ വയനാട്ടിലേയ്ക്ക് കോടികളുടെ വികസന പദ്ധതികളെത്തിക്കാന്‍ സ്മൃതി ഇറാനിക്ക് കഴിയും. വയനാടിന്‍റെ ആവശ്യങ്ങള്‍ പഠിക്കാനാണ് കളക്ടറേറ്റില്‍ കേന്ദ്രമന്ത്രി ജില്ലാ വികസന സമിതി യോഗം വിളിച്ചത്.
എന്താണ് വയനാടിനാവശ്യമെന്ന് അവര്‍ മനസിലാക്കി കഴിഞ്ഞു. ഇതുപ്രകാരം കൂടുതല്‍ പ്രഖ്യാപനങ്ങള്‍ അവരുടെ അടുത്ത വയനാട് സന്ദര്‍ശനത്തിലുണ്ടാകും. രണ്ട് വര്‍ഷത്തിനകം വയനാടിന്‍റെ മുഖഛായ മാറ്റുന്ന വമ്പന്‍ പദ്ധതികള്‍ നടപ്പിലാക്കി ജനവിശ്വാസം ആര്‍ജിക്കാനാണ് സ്മൃതി ഇറാനിയുടെ നീക്കം.
അങ്ങനെ സ്മൃതിയെ വയനാട്ടില്‍ വിജയിപ്പിക്കാനായാല്‍ കേരളം പിടിക്കുകയെന്ന ബിജെപിയുടെ ലക്ഷ്യത്തിന് അത് ഗതിവേഗം വര്‍ധിപ്പിക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ നില കൂടുതല്‍ പരുങ്ങലിലാകും.