കൊച്ചി: പിടി തോമസിന്‍റെ ഭാര്യയ്ക്ക് രാഷ്ട്രീയവും വഴങ്ങുമെന്ന് തെളിയിക്കുന്നതായി ഉമാ തോമസിന്‍റെ ആദ്യ വാര്‍ത്താ സമ്മേളനം. ഹൈക്കമാന്‍റ് പ്രഖ്യാപനം വന്ന ഉടന്‍ മാധ്യമങ്ങളെ കണ്ട ഉമാ തോമസ് ഡൊമിനിക് പ്രസന്‍റേഷന്‍, കെവി തോമസ് തുടങ്ങിയ വിവാദ വിഷയങ്ങളില്‍പോലും കുറിക്കുകൊള്ളുന്ന തന്ത്രപരമായ മറുപടികളിലൂടെ വാക്കുകളിലെ പക്വതയും പാകതയും എടുത്തു കാട്ടി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് തൃക്കാക്കരയില്‍ വികസനത്തിനൊപ്പമാണല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള ഒറ്റ ഉത്തരം തന്നെ തോമസ് മാഷിനെ തന്നെ വെട്ടിലാക്കുന്നതായിരുന്നു. "മാഷ് പറഞ്ഞതില്‍ എന്താണ് തെറ്റ് " വികസനം കോണ്‍ഗ്രസിനൊപ്പമല്ലേ, മാഷ് ഞങ്ങള്‍ക്കൊപ്പം ഉണ്ടാകും. മാഷുമായുള്ളത് അഭേദ്യമായ കുടുംബ ബന്ധവും സ്നേഹവും സൗഹൃദവുമാണ്. മാഷിന് ഒരിക്കലും എന്നെ എതിര്‍ക്കുന്നത് ഓര്‍ക്കാന്‍ പോലും കഴിയില്ലെന്നായിരുന്നു ഉമയുടെ പ്രതികരണം.
അതുതന്നെയായിരുന്നു ഇന്നു രാവിലത്തെ ഡൊമിനിക് പ്രസന്‍റേഷന്‍റെ വാക്കുകളോടുള്ള പ്രതികരണവും. അയ്യോ ഡൊമിനിക്കേട്ടന്‍ പിടിയുടെ ആത്മസുഹൃത്താണ്. അങ്ങനൊരു പ്രശ്നമേ ഉണ്ടാകില്ല. ഞങ്ങളൊക്കെ അത്രയ്ക്ക് ആത്മബന്ധമുള്ള ആളുകളാണ് - ഉമ ആ വിവാദവും സൗമ്യമായി മാധ്യമങ്ങള്‍ക്ക് കൈയ്യില്‍ വച്ചുകൊടുത്തു.
എന്നാണ് പ്രചരണം തുടങ്ങുകയെന്ന ചോദ്യത്തിന് ദാ തുടങ്ങിക്കഴിഞ്ഞുവെന്നായിരുന്നു മറുപടി. ആദ്യം ഉമ മല്‍സരിക്കില്ലെന്നായിരുന്നല്ലോ റിപ്പോര്‍ട്ട് എന്ന ചോദ്യത്തിനും കിട്ടി ഉമയുടെ മറുപടി. പിടി അനുസരണയുള്ള നേതാവായിരുന്നു. പാര്‍ട്ടി പറഞ്ഞു. ഞാന്‍ അനുസരിച്ചു. പിടിയുടെ വിയോഗത്തിനു ശേഷം ഞങ്ങള്‍ക്ക് കരുത്തു പകര്‍ന്നത് എന്‍റെയും പിടിയുടെയും കുടുംബവും പാര്‍ട്ടിയുമായിരുന്നു - ഉമ പറഞ്ഞു.
തൃക്കാക്കരയിലൂടെ 100 തികയ്ക്കുമെന്നാണല്ലോ എല്‍ഡിഎഫിന്‍റെ പ്രഖ്യാപനമെന്നു ചോദിച്ചപ്പോള്‍ 'നമുക്കത് 99 -ല്‍ നിര്‍ത്തിയാലോ' എന്നായിരുന്നു ഉമയുടെ കുറിയ്ക്കു കൊള്ളുന്ന മറുപടി.
ഹൈക്കമാന്‍റ് തീരുമാനം വന്ന ഉടന്‍ മുതിര്‍ന്ന നേതാവ് വലയാര്‍ രവിയെ ഫോണില്‍ വിളിച്ച് അനുഗ്രഹവും പ്രാര്‍ഥനയും അഭ്യര്‍ഥിച്ചതായും അവര്‍ പറഞ്ഞു. മാധ്യമങ്ങളെ കണ്ടതിനു പിന്നാലെ അടുത്ത വീടുകളിലെത്തി അയല്‍ക്കാരുടെ പിന്തുണ തേടാനും ഉമ തയ്യാറായി.