/sathyam/media/post_attachments/fvLcmhXVI9Pn9h5Y3uWw.jpg)
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത നിലപാട് തുടരുമ്പോഴും സോണിയാ ഗാന്ധിയെ കാണാന്‍ കെവി തോമസ്. അടുത്തയാഴ്ച സോണിയാ ഗാന്ധിയെ കാണാനാണ് കെവി തോമസ് അനുമതി ചോദിച്ചത്. തോമസിന് സന്ദര്‍ശനാനുമതി ലഭിക്കുമെന്ന് തന്നെയാണ് വിവരം.
കേരളാ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുമ്പോഴും കെവി തോമസ് ഹൈക്കമാന്‍ഡുമായുള്ള ബന്ധം തകരാതെ നോക്കുന്നു എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ട് തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് തോമസ് ആഗ്രഹിക്കുന്നത്. സോണിയ തോമസിനെ കാണാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ തോമസിനെതിരെ അച്ചടക്ക നടപടി എടുത്തപ്പോഴും എഐസിസി അംഗത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നില്ല. കേരളത്തിലെ പദവികളില്‍ നിന്നു മാത്രമാണ് തോമസിനെ മാറ്റിനിര്‍ത്തിയത്. ഇതു കൂടി തോമസിന്റെ മുന്നിലുണ്ട്.
എന്നാല്‍ തോമസിനെ അവഗണിക്കാന്‍ തന്നെയാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ തീരുമാനം. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ തോമസ് എന്തു നിലപാട് സ്വീകരിച്ചാലും അത് പാര്‍ട്ടിക്ക് ദോഷമാകില്ലെന്നു തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു. തോമസിന്റെ പ്രസ്താവനകള്‍ക്ക് ഗൗരവം കൊടുക്കേണ്ടെന്നു തന്നെയാണ് പാര്‍ട്ടി തീരുമാനം.
അതേസമയം തൃക്കാക്കര തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തോമസ് നടത്തുന്ന രണ്ടുവള്ളത്തില്‍ കാല്‍വയ്ക്കുന്ന സ്വഭാവം സിപിഎമ്മിന് അത്ര താല്‍പ്പര്യമില്ല. തോമസിനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കരുതെന്നാണ് സിപിഎമ്മിന്റെ എറണാകുളത്തെ നേതാക്കളുടെ പക്ഷം. എന്നാല്‍ സംസ്ഥാന നേതൃത്വം തോമസിനൊപ്പമാണ്.
തോമസ് വിഷയത്തില്‍ പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന നേതൃത്വത്തിന് സ്വീകാര്യമല്ലെന്നാണ് വിവരം. തെരഞ്ഞെടുപ്പിലും ഈ അഭിപ്രായ വ്യത്യാസം തുടര്‍ന്നേക്കാം.