കെവി തോമസ് ഇപ്പോഴും ശ്രമിക്കുന്നത് കോണ്‍ഗ്രസ് പുറത്താക്കുന്ന സാഹചര്യമുണ്ടാക്കാന്‍ ! അങ്ങനെ തങ്ങളുടെ ചിലവില്‍ തോമസിനെ പുറത്താക്കി ആളാക്കേണ്ടെന്ന് കോണ്‍ഗ്രസും. തോമസിനെ പൂര്‍ണമായും അവഗണിക്കാനും കോണ്‍ഗ്രസ് തീരുമാനം ! താൻ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് പറയുമ്പോഴും പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങില്ലെന്ന് തോമസ് പറയുന്നതിന്റെ ലോജിക് മനസിലാകാതെ നാട്ടുകാരും. കെവി തോമസിന്റെ രാഷ്ട്രീയ ധാർമികത ചർച്ചയാകുമ്പോൾ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കോണ്‍ഗ്രസിനുള്ളില്‍ നിന്നും തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ നിലപാട് സ്വീകരിക്കുന്ന കെവി തോമസിന്റെ ലക്ഷ്യം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കല്‍. ഇതിനായി തുടര്‍ച്ചയായി കെവി തോമസ് കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയാണ്.

താന്‍ കോണ്‍ഗ്രസുകാരനാണെന്ന് ആവര്‍ത്തിക്കുമ്പോഴും പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്നും പ്രചാരണത്തിന് ഇറങ്ങില്ലെന്നുമാണ് തോമസ് പറയുന്നത്.

തൃക്കാക്കര തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് തന്നെ അടിയന്തരമായി പുറത്താക്കിയാല്‍ ആ ഇരവാദമുയര്‍ത്തി സിപിഎം സഹയാത്രികനാകാനാണ് കെവി തോമസ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെയാണ് കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ കെവി തോമസ് തയ്യാറാകുന്നത്.

നേരത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെവി തോമസിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി എടുത്തിരുന്നു. കേരളത്തിലെ പദവികളില്‍ നിന്നും തോമസിനെ നീക്കുകയും ചെയ്തിരുന്നു. അന്നു തോമസ് പ്രതീക്ഷിച്ചിരുന്നത് പുറത്താകലായിരുന്നു.

എന്നാല്‍ പുറത്താക്കി തോമസിനെ ആളാക്കണ്ട എന്നു തന്നെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിനിടെ തൃക്കാക്കര തെരഞ്ഞെടുപ്പ് വന്നതോടെ തുടര്‍ച്ചയായി തോമസ് പാര്‍ട്ടിയേയും പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയേയും ആക്രമിക്കുകയാണ്. എന്നിട്ടും അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത് താന്‍ പാര്‍ട്ടിക്കാരനാണെന്നാണ്.

എന്നാല്‍ തോമസിന്റെ വാദത്തിനെ പൂര്‍ണമായും തള്ളുകയാണ് കോണ്‍ഗ്രസ്. തോപ്പുംപ്പടിയില്‍ നിന്നുള്ള പ്രതികരണത്തിന് തല്‍ക്കാലം മറുപടി പറയാനില്ലെന്നു തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിലപാട് പറഞ്ഞതോടെ പാര്‍ട്ടി തോമസിനെ അവഗണിക്കും എന്നുതന്നെ വ്യക്തം.

Advertisment