കൊച്ചി: സസ്പെൻസ് എന്നോ തർക്കമെന്നോ അനിശ്ചിതത്വമെന്നോ എന്ത് വിളിച്ചാലും ഏവരും ഉറ്റു നോക്കുന്ന തൃക്കാക്കരയിൽ ഇടതു മുന്നണിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ കേരളം ഇനിയുള്ള നാളുകൾ തൃക്കാക്കരയിലാണ്.
കോൺഗ്രസ്സിലെ ഉമാ തോമസും എൽ ഡി എഫിലെ ഡോ.ജോ ജോസഫും മത്സര രംഗത്ത് സജീവമാകുന്നതോടെ പാർട്ടികൾ സട കുടഞ്ഞെഴുനേറ്റു. എൽ ഡി എഫിലെ യഥാർത്ഥ നായകർ പിണറായിയും കോടിയേരിയും അമേരിക്കയിൽ ചികിത്സയ്ക്ക് പോയതാണെങ്കിലും ആ കുറവ് വരുത്താതെ വിശ്വസ്തനായ കൺവീനർ ഇപി ജയരാജൻ ചരടു വലികൾ വേണ്ട പോലെ നടത്തി.
പക്ഷെ സ്ഥാനാർഥി നിർണയത്തിൽ ആദ്യം പാളി. പഴി മാധ്യമങ്ങൾക്ക് കൊടുത്തു. ആദ്യം തന്നെ സ്ഥാനാർത്ഥിയെ തീരുമാനിച്ച് പ്രഖ്യാപിച്ച യുഡിഎഫിനെ സൈബർ സഖാക്കൾ കളിയാക്കാൻ മറന്നില്ല. വളരെ അപൂർവമായി സ്ഥാനാർത്ഥിയെ ആദ്യം തീരുമാനിച്ചതിന്റെ അഹങ്കാരം ഉണ്ടെന്നായിരുന്നു ആ ട്രോൾ.
ഇത്രയും ആമുഖമായി സൂചിപ്പിച്ചെന്നേ ഉള്ളൂ. യഥാർത്ഥത്തിൽ തൃക്കാക്കരയിൽ മത്സരത്തിന് വാശി കൂടുന്നതിന് പിന്നിൽ മറ്റൊന്ന് കൂടിയുണ്ട്. ഉമ ടീച്ചറും ജോ ഡോക്ടറും സ്ഥാനാർത്ഥികളാണെങ്കിലും 'ഞാനോ നീയോ' എന്ന ഭാവേന രണ്ടു പേർ അണിയറയിലെ മത്സരങ്ങൾക്ക് കോപ്പ് കൂട്ടുന്നുണ്ട്.
ഒരാൾ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മറ്റേ ആൾ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രണ്ടു പേരും കണ്ണൂരിൽ നിന്നുള്ള തീപ്പൊരി നേതാക്കൾ. അണുകിട പോലും വിട്ടുകൊടുക്കാത്ത രണ്ടു പ്രഗത്ഭന്മാർ.
രാഷ്ട്രീയമായും വ്യക്തിപരമായും ഇവർ തമ്മിൽ നിലനിൽക്കുന്ന കടുത്ത ഭിന്നതകൾ തൃക്കാക്കരയിലെ തന്ത്ര ശാലയിലും ഏറ്റുമുട്ടലിന് വഴിയൊരുക്കും. സുധാകരനൊപ്പം വിഡി സതീശൻ ആണെങ്കിൽ ഇപിക്കൊപ്പം സിപിഎമ്മിലെ തീപ്പൊരി യുവ നേതാക്കളായ പി രാജീവും എം സ്വരാജുമുണ്ട്.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിലും പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് ശേഖരിക്കുന്നതിലും മിടുക്ക് തെളിയിച്ച നേതാവാണ് ഇപി ജയരാജൻ. പിണറായിക്കും കോടിയേരിക്കും വിശ്വസ്തൻ. എൽ ഡിഎഫ് കൺവീനർ ആയ പാടെ ലീഗിതാ വരുന്നു എന്ന ബോംബ് പൊട്ടിച്ച് വരവറിയിച്ച ഇപിക്ക് തുടർന്നുണ്ടായ കോലാഹലങ്ങളൊന്നും വലിയ വിഷയമായില്ല. അത് പതിവുമില്ല.
പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സജീവ രാഷ്ട്രീയം നിർത്തുന്ന ചില സൂചനകളൊക്കെ നിരാശയിൽ നിന്ന് പുറത്തു വന്നെങ്കിലും പിണറായി തന്നെ നേരിട്ടിടപെട്ട് മെരുക്കി നിർത്തുകയായിരുന്നു.
ഇപിയുടെ സംഘാടന മികവിനെ അത്ര പെട്ടന്നങ് വിട്ടുകളയാൻ ഒരുക്കമായിരുന്നില്ല പിണറായി. അങ്ങനെ കിട്ടിയതാണ് കൺവീനർ പണി. ആദ്യത്തെ ദൗത്യമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. ഉറച്ച സീറ്റെന്നു പിടി തോമസിന്റെ ഓർമ്മകളെ മുൻ നിർത്തി യുഡിഎഫ് ഉറപ്പിക്കുമ്പോൾ നിയമസഭയിൽ സെഞ്ച്വറി തികയ്ക്കാൻ തൃക്കാക്കര വിജയിക്കുക എന്നതാണ് ഇ പിയുടെയും സിപിഎമ്മിന്റെയും മുഖ്യ ദൗത്യം.
ഇലെക്ഷൻ മാനേജ്‍മെന്റിൽ വിദഗ്ധരാണ് സിപിഎം. ഓരോ വീട്ടിലും ഓരോ പ്രദേശത്തും ഉള്ള വോട്ടർമാരെ കുറിച്ചുള്ള കൃത്യമായ കണക്ക്-വിലയിരുത്തൽ -വോട്ടിലെ സാധ്യത അങ്ങനെ സർവ വിവരവും അവരുടെ കൈവശമുണ്ടാകും.
ആർക്ക് ആധിപത്യമുള്ള മണ്ഡലമായാലും എൽഡിഎഫിന്റെ ഈ നെറ്റ് വർക്ക് ഒരു മങ്ങലുമില്ലാതെ നടക്കും. പക്ഷെ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും ഈ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിയ തെരഞ്ഞെടുപ്പുകൾ ചരിത്രത്തിലുണ്ട് താനും.
ഓരോ പ്രവർത്തകനെയും പരമാവധി നേരിൽക്കണ്ട് പ്രവർത്തനത്തിൽ ഇറക്കുക എന്നതാണ് സിപിഎമ്മിന്റെ രീതി. ഈ പ്രവർത്തന ഘടനയെ ഒന്നുകൂടി 'കണ്ണൂർ മോഡലിൽ' ഊട്ടി ഉറപ്പിക്കുകയും ചുക്കാൻ പിടിക്കുകയുമാണ് ഇപിക്ക് മുൻപിലുള്ള ജോലി. കരുത്തരായ യുവ നേതാക്കളുടെ പിന്തുണ ഇപി ക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.
തെരഞ്ഞെടുപ്പ് കാലത്തെ സംഘടനാ ചലനം മാത്രമല്ല സിപിഎമ്മിന്. അതൊരു തുടർച്ചയായതും കേഡർ രീതിയിലുള്ളതുമാകയാൽ ആ രീതികളോട് ഏഴയലത്ത് എത്താൻ യു ഡിഎഫിനോ കോൺഗ്രസ്സിനോ സാധിക്കില്ല.
'അലസത വിട്ടുണർന്ന് കോൺഗ്രസ് 'എന്നാണ് തൃക്കാക്കര സ്ഥാനാർത്ഥി ചർച്ചകളുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് ഒരു പ്രമുഖ പത്രം തലക്കെട്ട് നൽകിയത്. എന്ന് വെച്ചാൽ അവർ ആലസ്യത്തിലും അലസതയിലുമാണെന്നും കുറച്ചൊക്കെ ഉണർന്നു കഴിഞ്ഞു എന്നുമായിരിക്കാം ആ പത്രം ഉദ്ദേശിച്ചത്.
സ്ഥാനാർത്ഥിയായി ഉമ തോമസ് വന്നപ്പോൾ തന്നെ ഡൊമിനിക്ക് പ്രസന്റേഷനെ പോലുള്ളവർ ഭിന്നാഭിപ്രായം പറഞ്ഞെങ്കിലും ഒരുവിധം അതിനെ ഒതുക്കാൻ നേതൃത്വത്തിനായി. സംഘടനാ ചട്ടക്കൂടുകൾക്കപ്പുറത്ത് ആൾക്കൂട്ടങ്ങളുടെ പ്രകടന പരതയാണ് കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ രീതി.
പാരമ്പര്യമായി യു ഡി എഫിനൊപ്പം നിൽക്കുന്നവരെ ഒന്ന് ആവേശത്തിലാക്കി വോട്ടുറപ്പിക്കുന്ന തന്ത്രം. തൃക്കാക്കര അവർക്ക് ഉറച്ച പ്രതീക്ഷയുള്ള മണ്ഡലമായതിനാൽ പ്രചാരണത്തിൽ രണ്ട് സ്റ്റെപ്പ് മുന്നിലാണവർ. കേഡറും സെമി കേഡറും ഇപ്പോൾ കേൾക്കുന്നില്ലെങ്കിലും ആ രീതിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ നയിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ശ്രമിക്കും.
വിഡി സതീശനെ ഒപ്പം നിർത്തിയുള്ളതാണ് ആ നീക്കങ്ങൾ. സിൽവർ ലൈൻ മുഖ്യ വിഷയമായി യുഡിഎഫ് ഉപയോഗിക്കും. സിൽവർ ലൈൻ സർവേക്ക് ഇടയിൽ സർക്കാരിന് വന്ന ജനഹിത പരിശോധനയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. ഏത് വിധേനയും ജയിക്കുക എന്നത് രണ്ടു മുന്നണികൾക്കും പ്രധാനം.
കണ്ണൂർ നേതാക്കളായ ഇപി ജയരാജനും കെ സുധാകരനും ഇരു ഭാഗങ്ങളിലും നിന്ന് പോരാട്ടത്തെ നയിക്കുമ്പോൾ ഇരുവരുടെയും വാക്കുകൾക്കും തന്ത്രങ്ങൾക്കും കാതോർത്തിരിക്കുന്നവരാണ് ചുറ്റിലും .