കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് തന്റെ അടുത്തയാൾ ആണെന്നും നേരത്തെ കണ്ടപ്പോൾ കെട്ടി പിടിച്ച് ഉമ്മ തന്നിരുന്നുവെന്നും പി.സി. ജോർജിന്റെ വെളിപ്പെടുത്തൽ. പി.സി ജോർജിന്റെ അടുപ്പക്കാരനെയാണ് തൃക്കാക്കരയിലെ സ്ഥാനാർത്ഥിയാക്കിയതെന്ന വിവരം പുറത്ത് വന്നതോടെ വെട്ടിലാകുകയാണ സി.പി.എം.
തൃക്കാക്കരയിൽ ഒരു കാരണവശാലും മത്സരിക്കില്ലെന്നും പിസി ജോർജ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ പ്രസംഗിച്ചത് സ്ഥാനാർത്ഥിയാകാനല്ല.
ജോ ജോസഫിൻ്റെ കുടുംബം മുഴുവൻ കേരള കോൺഗ്രസുകാരാണെന്നും അദ്ദേഹത്തിൻ്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോൺഗ്രസിൻ്റെ നേതാവാണെന്നും പിസി ജോർജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാർട്ടിയിൽ പ്രവർത്തിച്ചതായി അറിവില്ല.
കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയെ ഇന്നു നേരിൽ കാണും. തൃക്കാക്കരയിൽ ബിജെപി നിർണായക ശക്തിയാവില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥിയുമായുള്ള പി.സി.ജോർജിന്റെ അടുപ്പം സി.പി.എമ്മിനെ തെരഞ്ഞെടുപ്പിൽ വിവാദ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും എന്നാണ് രാഷ്ട്രിയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പി.സി.ജോർജിന്റെ വിദ്വേഷ പ്രസംഗം തൃക്കാക്കരയിലും വലിയ ചർച്ചയാകുകയാണ് ഇതോടെ.
ജാമ്യമില്ലാ കുറ്റം ചുമത്തി ഈരാറ്റുപേട്ടയിൽ നിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് കൊണ്ട് വന്ന പി.സി.ജോർജിന് കോടതി ജാമ്യം കൊടുത്തത് മിനിറ്റുകൾക്കുള്ളിലാണ്. പി.സി. ജോർജിന്റെ ജാമ്യം എതിർക്കേണ്ട സർക്കാർ വക്കിൽ ഹാജരാകാതിരുന്നതും പി.സി. ജോർജിന് ജാമ്യം കിട്ടാൻ കാരണമായിരുന്നു. ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു.
ഇതോടെ സർക്കാരും പി.സി. ജോർജും തമ്മിലുള്ള ഒളിച്ചു കളിയാണ് ഇതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വരുകയായിരുന്നു. ഇതിനിടയിലാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതിക്ഷിച്ച് ചുവരെഴുത്ത് തുടങ്ങിയ ജില്ലയിലെ യുവ നേതാവ് അരുൺകുമാറിനെ വെട്ടി അപ്രതീക്ഷിതമായി ജോ ജോസഫ് സ്ഥാനാർത്ഥിയാകുന്നത്.
ജോ ജോസഫ് തന്റെ അടുത്തയാളാണെന്ന പി.സി ജോർജിന്റെ ഇന്നത്തെ വെളിപ്പെടുത്തലോടെ സി.പി.എം തെരഞ്ഞെടുപ്പ് രംഗത്ത് പ്രതിരോധത്തിലായി. തൃക്കാക്കരയിൽ ബി.ജെ.പി നിർണായക ശക്തിയാവില്ലെന്ന പി.സി ജോർജിന്റെ വെളിപ്പെടുത്തൽ ബി.ജെ.പി- സിപിഎം അന്തർധാര തൃക്കാക്കരയിലും ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രിയകേന്ദ്രങ്ങൾ നിരിക്ഷിക്കുന്നത്.
പി.സി. ജോർജിന്റെ അടുപ്പക്കാരനായ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.സി.ജോർജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ രംഗത്ത് വരുമോ എന്ന് കണ്ടറിയിണ്ടേയിരിക്കുന്നു. ഇതുകൊണ്ടാണ് തൃക്കാക്കരയിലെ പി.സി ജോർജിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി മാറുന്നതും.