തൃക്കാക്കരയില്‍ പിണറായിയോടൊത്ത് ജോ ജോസഫിന് വോട്ട് ചോദിക്കാന്‍ കെ വി തോമസ് ! പിണറായിയുടെ മടക്കം നേരത്തെയാക്കി. കേരളത്തിലെത്തുന്ന മുഖ്യമന്ത്രി നേരെ തൃക്കാക്കരയിലെത്തും ! രസതന്ത്ര അധ്യാപകനായ കെ വി തോമസ് തൃക്കാക്കരയില്‍ ഇടതുമുന്നണിക്കായി വോട്ട് പിടിക്കാന്‍ ഇറങ്ങിയാല്‍ ഉമ തോമസിന്റെ ഭൂരിപക്ഷം 25000 കവിയുമെന്ന പ്രതീക്ഷയില്‍ യുഡിഎഫും. തൃക്കാക്കരയിലെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ' ഉല്‍പ്രേരകം' ആയിരിക്കും തോമസെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് സംസ്ഥാനത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം പോകുന്നത് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്. അമേരിക്കയില്‍ നിന്നെത്തുന്ന പിണറായിക്ക് ആവേശകരമായ സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം എറണാകുളം ജില്ലാ കമ്മറ്റി.

മുഖ്യമന്ത്രി ചികില്‍സ കഴിഞ്ഞ് ഈ മാസം 10 ന് മടങ്ങി വരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒന്നോ രണ്ടോ ദിവസം മുമ്പ് മുഖ്യമന്ത്രി എത്തിയേക്കുമെന്നാണ് വിവരം. ജോ ജോസഫിന്റെ പ്രചരണത്തിനായി തൃക്കാക്കരയില്‍ എത്തുന്ന മുഖ്യമന്ത്രിയോടൊപ്പം കെ.വി തോമസും ഉണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരം.

തൃക്കാക്കരയില്‍ ആരുടെ ഒപ്പമാണെന്ന് രണ്ട് ദിവസത്തിനുള്ളില്‍ വ്യക്തമാക്കുമെന്ന് പ്രൊഫ. കെ.വി തോമസ് നേരത്തെ പറഞ്ഞിരുന്നു. കെ.വി തോമസിനോടു കൂടി ആലോചിച്ചാണ് മുഖ്യമന്ത്രി ഡോ. ജോ ജോസഫിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി തൃക്കാക്കരയില്‍ അവതരിപ്പിച്ചത് എന്നാണ് പൊതു സംസാരം.

അതുകൊണ്ടുതന്നെ കെവി തോമസിന്റെ തന്ത്രങ്ങളിലൂടെ വോട്ടുകള്‍ അപ്രതീക്ഷിത കോണുകളില്‍ നിന്ന് എത്തുമെന്ന കണക്കുകൂട്ടലിലാണ് തന്റെ ഒപ്പം വേദി പങ്കിടാന്‍ മുഖ്യമന്ത്രി കെ.വി തോമസിനെ ക്ഷണിച്ചത്. ഇക്കാര്യത്തില്‍ തോമസും സിപിഎമ്മിന് ഉറപ്പു നല്‍കിയിട്ടുണ്ട്.

അതേസമയം കെവി തോമസ് ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രംഗത്തിറങ്ങിയാല്‍ യുഡിഎഫ് ഭൂരിപക്ഷം 25000 കവിയും എന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. നേരത്തെ 14329 വോട്ടിനായിരുന്നു പി.ടി തോമസ് വിജയിച്ചത്. ഇത്തവണ അതു കൂടും എന്നു തന്നെ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

publive-image

തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെ രസതന്ത്രം അധ്യാപകനായിരുന്ന കെ.വി തോമസിനെ യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുള്ള ഉല്‍പ്രേരകം ആയിട്ടാണ് പ്രവര്‍ത്തകര്‍ കാണുന്നത്. ഒരു രാസപ്രവര്‍ത്തനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതും രാസപ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുക്കാത്തതുമായ രാസവസ്തുവാണ് ഉത്‌പ്രേരകം.

രാസപ്രവര്‍ത്തനത്തിനുശേഷം ഉത്‌പ്രേരകം അതിന്റെ യഥാര്‍ത്ഥ അളവില്‍ തിരിച്ചു ലഭിക്കുന്നു. അതായത് രാസപ്രവര്‍ത്തനത്തില്‍ ഉത്‌പ്രേരകം ഉപയോഗിക്കപ്പെടുന്നില്ല. എന്നാല്‍ ഉത്‌പ്രേരകം രാസപ്രവര്‍ത്തനത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നു.

കുറഞ്ഞ ഊര്‍ജ്ജത്തില്‍ രാസപ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്നു. സാധാരണയായി ഉത്‌പ്രേരകങ്ങള്‍ വളരെ കുറഞ്ഞ അളവിലേ വേണ്ടിവരാറുള്ളൂ. കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എയും എംപിയും സംസ്ഥാന മന്ത്രിയും കേന്ദ്ര മന്ത്രിയും ആയി നിരവധി പദവികള്‍ കരസ്ഥമാക്കിയ കെ.വി തോമസ് വയസാം കാലത്ത് കോണ്‍ഗ്രസിനെ തള്ളി പറയുന്നതില്‍ രോഷാകുലരാണ് സംസ്ഥാനമെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

കെ.വി തോമസിന്റേത് ആര്‍ത്തിയും അത്യാഗ്രഹവും ആണന്നാണ് പൊതുവിലയിരുത്തല്‍. തോമസ് എല്‍ഡിഎഫിനായി വോട്ട് പിടിക്കാന്‍ എത്തിയാല്‍ എന്തെങ്കിലും കാരണത്താല്‍ വോട്ട് ചെയ്യണ്ട എന്ന് മടിച്ചിരിക്കുന്ന വോട്ടര്‍മാരും യുഡിഎഫിനായി വോട്ട് ചെയ്യാന്‍ എത്തുന്ന അവസ്ഥയുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

അതുകൊണ്ട് തന്നെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്ന ' ഉല്‍പ്രേരകം ' ആയിരിക്കും രസതന്ത്ര അദ്ധ്യാപകനായ കെ.വി തോമസെന്നും ഇവര്‍ പറയുന്നു.

Advertisment