കൊച്ചി: തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ചൂട് ഉയരുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന മഴയെ അവഗണിച്ചാണ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം തുടരുന്നത്. ഇനി 16 ദിവസം മാത്രമാണ് പ്രചാരണത്തിന് ബാക്കിയുള്ളത്.
ഇടതു സ്ഥാനാര്‍ത്ഥിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് പ്രചാരണം നയിക്കുന്നത്. മുഖ്യമന്ത്രി എറണാകുളത്ത് ക്യാമ്പ് ചെയ്താകും പ്രചരണം ഏകോപിപ്പിക്കുക. ഭരണപരമായ അത്യാവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും അദ്ദേഹം തിരുവനന്തപുരത്തേക്ക് പോവുക.
ഇന്ന് മുതല്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് ലോക്കല്‍ കമ്മിറ്റികളിലും മുഖ്യമന്ത്രി പങ്കെടുക്കും. റാലികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെങ്കിലും പ്രസംഗം ഒഴിവാക്കും. റോഡ്‌ഷോകളും അവസാന ഘട്ടത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.
നാളെ മുതല്‍ എല്ലാ മന്ത്രിമാരും തൃക്കാക്കരയിലെ പ്രചാരണത്തിനെത്തും. സിപിഎം മന്ത്രിമാര്‍ തെരഞ്ഞെടുപ്പ് കഴിയും വരെ അവിടെ തുടരും. ഇടതു മുന്നണിയുടെ 60 എംഎല്‍എ മാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തിയിട്ടുണ്ട്.
സില്‍വര്‍ ലൈന്‍ അടക്കമുള്ള വിഷയങ്ങളുയര്‍ത്തി തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നേരിടുന്ന സര്‍ക്കാറിനും വിജയം അഭിമാന പ്രശ്‌നമാണ്. തൃക്കാക്കരയില്‍ വിജയിച്ച് സെഞ്ച്വറി തികയ്ക്കുക എന്ന ലക്ഷ്യം തന്നെയാണ് നേരിട്ട് കളത്തിലിറങ്ങാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.
അതേസമയം യുഡിഎഫ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനുമാണ്. ചിന്തന്‍ ശിബിരത്തിനായി രാജസ്ഥാനിലുള്ള ഇവര്‍ ഞായറാഴ്ച തന്നെ മടങ്ങിയെത്തും. കോണ്‍ഗ്രസിന്റെ എല്ലാ എംഎല്‍എമാരും എംപിമാരും അടുത്തയാഴ്ചയോടെ തൃക്കാക്കരയില്‍ സജീവമാകും.
തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ രാഹുലും പ്രിയങ്കയും പ്രചാരണത്തിനെത്തുമെന്നാണ് വിവരം. പിടിയോടുള്ള അടുപ്പം മൂലമാണ് ഇരുവരും എത്തുന്നത്. കൂടുതല്‍ ദേശീയ നേതാക്കളും പ്രചാരണത്തിനായി എത്തും.
ബിജെപിക്കായി വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരും കേന്ദ്ര നേതാക്കളും എത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ആവേശകരമായ പ്രചാരണം പുരോഗമിക്കുന്നത്.