കൊച്ചി:ഒരു ദിവസംകൊണ്ട് കെവി തോമസിനെ സിപിഎമ്മിന് മടുത്തോ ? മുഖ്യമന്ത്രി പങ്കെടുത്ത ഇടതു കണ്‍വന്‍ഷനില്‍ സഖാവ് വിളികളോടെ എതിരേറ്റ കെവി തോമസിന് പക്ഷേ പിറ്റേ ദിവസം അത്ര സുഖകരമായ സ്വീകരണമല്ല തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ കിട്ടിയത്.
തോമസ് ഒറ്റയ്ക്കാണ് ഇടതു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക് എത്തിയത്. കമ്മറ്റി ഓഫീസില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.
ഓഫീസിലുണ്ടായിരുന്ന പ്രാദേശിക നേതാക്കള്‍ പോലും കെവി തോമസിനെ ഗൗനിച്ചില്ല. പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വിവിധ തെരഞ്ഞെടുപ്പുകള്‍ നേതൃത്വം നല്‍കുകയും ചെയ്ത തോമസിന്റെ ജീവിതത്തിലെ ആദ്യ അനുഭവമാകും ഇത്.
കുറച്ചു നേരം അവിടെയിരുന്ന ശേഷം അദ്ദേഹം മടങ്ങുകയും ചെയ്തു. ഒരു ദിവസം കൊണ്ട് കെവി തോമസിനെ മടുത്തതല്ല, മറിച്ച് പ്രാദേശിക നേതാക്കള്‍ക്കും സിപിഎം പ്രവര്‍ത്തകര്‍ക്കും തോമസിന്റെ വരവ് ഇഷ്ടപ്പെട്ടില്ലെന്നു തന്നെയാണ് പുറത്തുവരുന്ന വിവരം.
നേതാക്കളുടെ മാത്രം താല്‍പ്പര്യത്തിന് വഴങ്ങി കെവി തോമസിന് കയ്യടിക്കേണ്ടി വന്ന പ്രവര്‍ത്തകര്‍ അതിനു ശേഷം തോമസിനെ സ്വീകരിക്കാന്‍ തയ്യാറല്ലെന്നു തന്നെയാണ് ഇതു തെളിയിക്കുന്നത്. പാര്‍ട്ടിയില്‍ മാത്രമല്ല, സൗഹൃദ വലയങ്ങളിൽ പോലും തോമസ് ഒറ്റപ്പെട്ടുവെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അദ്ദേഹത്തിന്റെ ജീവനക്കാരടക്കമുള്ളവര്‍ അദ്ദേഹത്തെ കൈയൊഴിഞ്ഞതായാണ് വിവരം. നേരത്തെ കുമ്പളങ്ങിയിലെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും തോമസിനെതിരെ പ്രതികരിച്ചിരുന്നു. തോമസിന്റെ കോലം കത്തിച്ചും ഫോട്ടോ കീറിയുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
വീഡിയോ: കടപ്പാട് ഏഷ്യാനെറ്റ്