തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഉദയ്പൂര്‍ ചിന്തന്‍ ശിബിറിലെ ഏറ്റവും പ്രധാന നിര്‍ദേശങ്ങളിലൊന്നായ 65 വയസിനു മുകളില്‍ പ്രായമായവര്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നും സംഘടനാ രംഗത്തുനിന്നും മാറി മാര്‍ഗ നിര്‍ദേശകരാകണമെന്ന കാര്യം നടപ്പായാല്‍ കേരളത്തില്‍ അത് കോണ്‍ഗ്രസിലെ വിപ്ലവകരമായ മാറ്റത്തിന് കാരണമാകും. നിര്‍ദേശം 65 വയസ് എന്നത് 75വരെ ആക്കിയാല്‍ പോലും അത് തലമുറ മാറ്റത്തിനു കാരണമാകും.
രണ്ടാം നിര നേതൃത്വത്തിലേക്ക്
കോണ്‍ഗ്രസില്‍ മൂന്നു പതിറ്റാണ്ടിനിടെ അധികാര സ്ഥാനങ്ങളില്‍ എത്തുന്നത് പതിവു മുഖങ്ങളാണ്. പുതിയ നിര്‍ദേശം നടപ്പായാല്‍ അതിലുണ്ടാകുന്ന മാറ്റം വലുതാണ്. അത് പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ മാറ്റും
കെസി, വിഡി, മുരളീധരന്‍ നിര മുമ്പിലേക്ക്
പ്രായപരിധി നിശ്ചയിച്ചാല്‍ അതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും കെ മുരളീധരനുമൊക്കെ അവസരങ്ങളുടെ ജാലകമാകും തുറക്കുക. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തുമൊക്കെ പലവട്ടം അവസരമുണ്ടായിട്ടും മുതിര്‍ന്നവര്‍ക്കായി മാറികൊടുക്കേണ്ടി വന്ന നിരവധി നേതാക്കളാണ് ഇവര്‍.
മികച്ച പാര്‍ലമെന്റേറിയന്‍മാരെന്ന് പേരെടുത്ത ഇവര്‍ക്ക് അത് ഗുണകരമാകും. ടി സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും പുതു നേതൃ നിരയിലേക്ക് ഉയരും. വികെ ശ്രീകണ്ഠനും ഡീന്‍ കുര്യാക്കോസുമെല്ലാം സംസ്ഥാന തലത്തിലേക്ക് ഉയരാന്‍ ശേഷിയുള്ള നേതാക്കള്‍ തന്നെയാണ്.
വിഷ്ണുവും ഷാഫിയും ശബരിയും മഹേഷും നായകരാകും
കോണ്‍ഗ്രസിലെ യുവ മുഖങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന തീരുമാനം തന്നെയാണ് ചിന്തന്‍ ശിബറില്‍ ഉണ്ടാകുന്നത്. പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, വിടി ബല്‍റാം, കെ എസ് ശബരിനാഥന്‍, മാത്യു കുഴല്‍ നാടന്‍, സിആര്‍ മഹേഷ് എന്നീ യുവ നേതാക്കള്‍ക്ക് നേതൃത്വത്തിലേക്ക് കടന്നു വരാന്‍ കഴിയും.
ഗ്രൂപ്പല്ല, കഴിവാണ് പ്രധാന മാനദണ്ഡമെന്ന് വന്നാല്‍ കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് അവസരമുണ്ടാകും. നിരവധി പേരെ യുവജന സംഘടനകളിലേക്ക് കൊണ്ടുവരാനാകും.
രാഹുല്‍ മാങ്കൂട്ടവും ശോഭാ സുബിനും വിഎസ് ജോയിയും ഭാവിയിലേക്ക്
ഭാവിയിലേക്ക് കരുതി വയ്ക്കാന്‍ നേതാക്കള്‍ ഇല്ലാത്തത് കോണ്‍ഗ്രസിന് ഒരു പോരായ്മയായിരുന്നു. യുവ നേതാക്കളായ രാഹുല്‍ മാങ്കൂട്ടവും വിഎസ് ജോയിയും കെഎം അഭിജിത്തും ശോഭാ സുബിനുമൊക്കെ സാധ്യതകളുടെ വാതില്‍ തുറന്നിട്ടാണ് തീരുമാനം വരുന്നത്. പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനായാല്‍ സംഘടനയ്ക്ക് മുതല്‍ കൂട്ടാകും.
ജെബി മേത്തര്‍, രമ്യ ഹരിദാസ് എന്നിവര്‍ക്കൊപ്പം ഇനിയും വനിതകളും ആവശ്യമാണ്. ഇനിയുള്ള കാലത്ത് വനിതകള്‍ പാര്‍ട്ടിയുടെ ഭാഗമായില്ലേല്‍ അതിനു നിലനില്‍പ്പില്ലെന്ന യാഥാര്‍ത്ഥ്യം നേതൃത്വം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഇതുകൂടി കണക്കിലെടുത്താണ് ചിന്തന്‍ ശിബിറിലെ തീരുമാനം. ഇത് ഏറ്റവും കൂടുതല്‍ സഹായിക്കുക കേരളത്തിലെ കോണ്‍ഗ്രസിനെ തന്നെയാകും.