തിരുവനന്തപുരം: കേന്ദ്രം തരുന്ന ജിഎസ്‌ടി നഷ്ടപരിഹാരം അടുത്ത മാസത്തോടെ അവസാനിക്കാനിരിക്കെ ജിഎസ്‌ടി വരുമാനത്തിൽ ഇനിയും ലക്ഷ്യത്തിലെത്താനാകാതെ കേരളം. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ജിഎസ്‌ടി വരുമാന വളർച്ചാ നിരക്കിൽ കേരളം 27–ാം സ്ഥാനത്താണ്.
2021 ഏപ്രിലിൽ 2,466 കോടി ജിഎസ്ടി വരുമാനമായി കിട്ടിയെങ്കിൽ കഴിഞ്ഞ മാസം കിട്ടിയത് 2,689 കോടി രൂപയാണ്. ശരാശരി 14% വളർച്ച പ്രതീക്ഷിക്കുന്നിടത്ത് 9% മാത്രമാണ് കേരളത്തിന്റെ ജിഎസ്‌ടി വളർച്ചാ നിരക്ക്.
14% വളർച്ചയില്ലെങ്കിൽ ബാക്കിയുള്ള തുക കേന്ദ്രം നൽകുന്നതാണ് ജിഎസ്‌ടി നഷ്ടപരിഹാര പാക്കേജ്. നഷ്ടപരിഹാരം നിർത്തലാക്കുമ്പോൾ പകരം ജിഎസ്‌ടി വരുമാനം വർധിപ്പിച്ചു പിടിച്ചുനിൽക്കാനുള്ള കെൽപ് കേരളത്തിനില്ലെന്നാണ് പുതിയ വരുമാനക്കണക്കുകൾ സൂചിപ്പിക്കുന്നത്.
103 കോടിയിൽ നിന്ന് 196 കോടിയിലേയ്ക്ക് കുതിച്ച അരുണാചൽ പ്രദേശാണ് വരുമാന വളർച്ചയിൽ ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ വരുമാനം നേടിയത് വാണിജ്യ, വ്യവസായ കേന്ദ്രമായ മഹാരാഷ്ട്രയാണ്. 22,013 കോടി രൂപയിൽ നിന്ന് 27,495 കോടി രൂപയിലേയ്ക്കാണ് മഹാരാഷ്ട്രയുടെ പ്രതിമാസ വരുമാന വളർച്ച.
രാജ്യത്തെ ആകെ ജിഎസ്‌ടി വരുമാനത്തിന്റെ 21 ശതമാനവും മഹാരാഷ്ട്രയുടെ സംഭാവനയാണ്. കേരളത്തിന്റെ സംഭാവനയാകട്ടെ 2 ശതമാനവും. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട് 10 ശതമാനവും കർണാടക 19 ശതമാനവും വളർച്ച നേടി.
ജിഎസ്‌ടി നടപ്പാക്കുമ്പോൾ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാകും ഏറ്റവും കൂടുതൽ നേട്ടം എന്നായിരുന്നു ഒന്നാം പിണറായി സർക്കാർ പ്രതീക്ഷിച്ചതെങ്കിലും ജിഎസ്‌ടിക്ക് 5 വയസ്സാകുമ്പോൾ കേരളം ഏറ്റുവാങ്ങുന്നത് തിരിച്ചടി മാത്രമാണ്. കഴിഞ്ഞ 5 വർഷവും നികുതി ചോർച്ച കണ്ടെത്താനും പരിഹാര നടപടികൾ കൈക്കൊള്ളാനും സർക്കാർ തയാറാകാത്തതാണ് ഇപ്പോഴത്തെ വരുമാനക്കുറവിനു കാരണം.
ഓഡിറ്റ് വിഭാഗത്തിലേക്ക് ജീവനക്കാരെ വിന്യസിക്കാൻ തുടങ്ങിയത് രണ്ടു മാസങ്ങൾക്കു മുൻപ് മാത്രമാണ്. കുടിശികക്കാരെ കണ്ടെത്തുന്നതിനും ഫലപ്രദമായി ഇടപെടുന്നതിനും സഹായിക്കുന്ന ബാക് ഓഫിസ് സോഫ്റ്റ്‌വെയർ നടപ്പാക്കിയതും അടുത്തിടെയാണ്.
ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പു മൂലം ഉദ്യോഗസ്ഥ പുനർവിന്യാസം ഫലപ്രദമായി നടപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. നികുതി ചോർച്ച തടയാനുള്ള കർശന ഇടപെടലുകൾക്ക് ഉദ്യോഗസ്ഥർ ഇപ്പോഴും മടിച്ചു നിൽക്കുകയുമാണ്.
ജിഎസ്‌ടി വരുമാനം
–––––––––––––––––––––––––––––––––––––––––––––––––
സംസ്ഥാനം/ 2021 2022 വളർച്ചാ നിരക്ക്
കേന്ദ്ര ഭരണം ഏപ്രിൽ ഏപ്രിൽ
–––––––––––––––––––––––––––––––––––––––––––––––––
അരുണാചൽ 103 196 90%
ലഡാക് 31 47 53%
ആൻഡമാൻ 61 87 44%
മറ്റുള്ളവ 159 216 36%
ഉത്തരാഖണ്ഡ് 1,422 1,887 33%
നാഗാലാൻഡ് 52 68 32%
ദാദ്ര നാഗർ 292 381 30%
ഒഡീഷ 3,849 4,910 28%
ഹരിയാന 6,658 8,197 23%
ആന്ധ്രാ പ്രദേശ് 3,345 4,067 22%
ചണ്ഡീഗഡ് 203 249 22%
പുതുച്ചേരി 169 206 21%
മഹാരാഷ്ട്ര 22,013 27,495 25%
രാജസ്ഥാൻ 3,820 4,547 19%
കർണാടക 9,955 11,820 19%
ഗോവ 401 470 17%
ഗുജറാത്ത് 9,632 11,264 17%
കേന്ദ്രം 142 167 17%
ഡൽഹി 5,053 5,871 16%
ഉത്തർപ്രദേശ് 7,355 8,534 16%
തെലങ്കാന 4,262 4,955 16%
അസം 1,151 1,313 14%
ഛത്തീസ്ഗഡ് 2,673 2,977 11%
തമിഴ്നാട് 8,849 9,724 10%
ജമ്മു കശ്മീർ 509 560 10%
മേഘാലയ 206 227 10%
കേരളം 2,466 2,689 9%
മധ്യപ്രദേശ് 3,050 3,339 9%
ബംഗാൾ 5,236 5,644 8%
ഹിമാചൽ 764 817 7%
ജാർഖണ്ഡ് 2,956 3,100 5%
പഞ്ചാബ് 1924 1994 4%
സിക്കിം 258 264 2%
ബിഹാർ 1,508 1,471 - 2%
ത്രിപുര 110 107 - 3%
ലക്ഷദ്വീപ് 4 3 - 18%
മിസോറം 57 46 - 19%
മണിപ്പുർ 103 69 - 33%
ഡാമൻ ഡിയു 1 0 - 78%
––––––––––––––––––––––––––––––––––––––––––––––
ആകെ 1,10,804 1,29,978 17%
––––––––––––––––––––––––––––––––––––––––––––––
*തുക കോടിയിൽ