കൊച്ചി: സംസ്ഥാനത്ത് നാലാം മുന്നണി രൂപീകരണ ഭാഗമായി ട്വന്റി 20യുമായി കൈകോര്‍ക്കാനുള്ള ആംആദ്മി പാര്‍ട്ടി തീരുമാനം പാളുമോ ? ആം ആദ്മി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ തന്നെയാണ് ഇത്തരം ചര്‍ച്ചകള്‍ സജീവമാകുന്നത്. സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20യുമായി ചേര്‍ന്ന് കേരളത്തില്‍ ഒരു രാഷ്ട്രീയ ചലനവുമുണ്ടാക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകരും.
നേരത്തെ കിറ്റക്‌സ് വിവാദം ഉണ്ടായപ്പോള്‍ കേരളം വ്യവസായ സൗഹൃദമല്ലെന്ന ആരോപണം ഉന്നയിച്ച് തെലങ്കാനയിലേക്ക് പോയി അവിടെ ബിസിനസ് ആരംഭിക്കാന്‍ ശ്രമിച്ചയാളാണ് സാബു ജേക്കബ്. കേരളത്തിലെ ഒരു വലിയ വ്യവസായിയായ അദ്ദേഹത്തിന് കേരളത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ കഴിയുന്നില്ല എന്നതിരിക്കെ ഇവിടെ നിന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്തു മാറ്റം ഉണ്ടാക്കാനാകുമെന്ന ചോദ്യമാണ് ഉയരുന്നത്.
സ്വന്തം കച്ചവടത്തിന് വെല്ലുവിളി നേരിട്ടപ്പോള്‍ അതു സംരക്ഷിക്കാന്‍ നാടുവിട്ട ഒരു നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തു സന്ദേശമാണ് കേരളത്തിന് നല്‍കാനാകുന്നത്. വലിയ വ്യവസായിയായ സാബു ജേക്കബിന് രക്ഷയില്ലാത്ത കേരളത്തില്‍ സാധാരണക്കാരന് എങ്ങനെ പിടിച്ചു നില്‍ക്കാനാകും എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.
ഇതിനു പുറമെ ട്വന്റി 20യുടെ രാഷ്ട്രീയ പ്രസക്തി സംബന്ധിച്ച ചോദ്യവും ഉയരുന്നുണ്ട്. രൂപീകരിച്ച് കഴിഞ്ഞ ഇത്രയും നാള്‍ പിന്നിട്ട ഒരു പ്രസ്ഥാനത്തിന് കിഴക്കമ്പലത്തിന് അപ്പുറം വളരാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. തന്നെയുമല്ല, ഒരു വ്യവസായ സ്ഥാപനത്തിലെ ഇതരസംസ്ഥാന തൊഴിലാളികളെയടക്കം ചേര്‍ത്ത് ഒരു പഞ്ചായത്ത് ഭരണം കയ്യാളാനാകും.
എന്നാല്‍ അത് ഒരു സംസ്ഥാന വ്യാപകമായ ട്രെന്‍ഡ് ആക്കിയെടുക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇനി ആപ്പിന്റെ കാര്യമാണെങ്കിലും അതിലും കഷ്ടമാണ് കേരളത്തിലെ അവസ്ഥ. നല്ല നേതൃനിര ഇല്ലാത്തതു തന്നെയാണ് പ്രധാന പോരായ്മ. പി സി സിറിയക്കിന്റെ നേതൃത്വം ഒരു ജനകീയ മുന്നേറ്റത്തിനു പര്യാപ്തമല്ല.
പഞ്ചാബിലും ഡല്‍ഹിയിലും കണ്ട കെജ്രിവാള്‍ മാജിക്കിന് കേരളത്തിലെ ചിലയിടങ്ങളിലെങ്കിലും കയ്യടി കിട്ടാറുണ്ടെങ്കിലും എഎപിയുടെ വോട്ടു ശതമാനം നോക്കിയാല്‍ അടുത്തെങ്ങും അത് ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് അടുത്തല്ല. എന്നുമാത്രമല്ല മറ്റൊരു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനുതകുന്ന വോട്ട് ഷെയര്‍ പോലും ആപ്പിനില്ല.
ഈ ഘടകങ്ങളൊക്കെ വച്ചാണ് അരവിന്ദ് കെജ്രിവാളിന് തെറ്റിയോ എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നത്. അങ്ങനെയെങ്കിൽ ആപ്പിന് കേരളത്തിൽ പുതിയ പരീക്ഷണ വഴികൾ തേടേണ്ടി വരും