കൊച്ചി: തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെവി തോമസിനെ പരസ്യമായി രംഗത്തിറക്കുന്നതില്‍ ഇടതുമുന്നണിയിലെ ഒരു വിഭാഗത്തിന് അതൃപ്തി. കെവി തോമസിനെ പൂര്‍ണമായി സഹകരിപ്പിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ടെന്നാണ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് തെരെഞ്ഞെടുപ്പ് യോഗങ്ങളില്‍ സജീവമാകേണ്ടെന്ന് ഇടത് നേതൃത്വം കെവി തോമസിനോട് നിര്‍ദേശിച്ചുവെന്നാണ് സൂചന.
ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ആവേശകരമായ സ്വീകരണമാണ് കെവി തോമസിന് ലഭിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ ഈ സ്വീകരണം തോമസിന് കിട്ടിയിരുന്നില്ല.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയ തോമസിനെ ആരും ഗൗനിച്ചില്ല. തുടര്‍ന്ന് തോമസ് മടങ്ങുകയായിരുന്നു. തോമസിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് തല്‍ക്കാലം തോമസ് പരസ്യ പ്രചാരണ വേദിയില്‍ വരേണ്ടെന്ന വാക്കാലുള്ള നിര്‍ദേശം അദ്ദേഹത്തിന് നല്‍കിയത്. ഇതോടെ തോമസ് മാഷ് ഇടത് വേദികളില്‍ സജീവമല്ല.
പകരം ഫോണ്‍ വഴി സഭാ കേന്ദ്രങ്ങളുടെ പിന്തുണ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പു നല്‍കാന്‍ തോമസ് ശ്രമിക്കണമെന്നാണ് നിര്‍ദേശം. ലത്തീന്‍ സഭാ വോട്ടുകള്‍ സമാഹരിക്കാന്‍ ഫോണിലൂടെ ഇടപെടൽ നടത്താനാണ് നിര്‍ദേശം.
ഇതനുസരിച്ച് കഴിഞ്ഞ ദിവസം മുതല്‍ ബഷപ്പുമാരെയും സമുദായ നേതാക്കളെയും തോമസ് മാഷ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ തോമസിനോട് പോസിറ്റീവായല്ല സമുദായ നേതൃത്വം പ്രതികരിച്ചത് എന്നാണ് വിവരം. തോമസിന്റെ ചാഞ്ചാട്ടത്തില്‍ ലത്തീന്‍ സഭയ്ക്കുള്ളിലും കടുത്ത എതിര്‍പ്പുണ്ടെന്നാണ് സൂചന.