"എടുക്കാനുള്ളത് ഒക്കെ എടുത്തോ... നീ എന്റെ കൂടെ വാ ..." ! കോൺഗ്രസ്‌ ജില്ലാ സമ്മേളനത്തിന്റെ പന്തൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന മുകേഷിനെ പി.ടി തോമസ് വിളിച്ചത് ജീവിതത്തിലേക്ക്. പ്രാരാബ്ധം മൂലം പ്ലസ് ടു പഠനം നിർത്തി പന്തൽ പണി ചെയ്യേണ്ടിവന്ന മുകേഷ് മോഹൻ ഇന്ന് ഗവേഷക വിദ്യാർത്ഥി ! പി.ടി തോമസ് കേവലമൊരു വ്യക്തിയല്ല; നേതാക്കളെ സൃഷ്ടിക്കുന്ന നേതാവായിരുന്നു. തൃക്കാക്കരയിൽ ജനവിധി തുടരുന്നതിനിടെ ഓർമ്മകൾ പങ്കിട്ട് സഹപ്രവർത്തകർ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: പി.ടി തോമസിൻ്റെ നിര്യാണത്തോടെ ഒഴിവ് വന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തുടരുന്നതിനിടെ പിടിയുടെ നന്മകൾ ഓർത്തെടുക്കുകയാണ് സഹപ്രവർത്തകർ. പി.ടി തോമസ് കേവലമൊരു വ്യക്തിയല്ല മറിച്ച് നേതാക്കളെ സൃഷ്ടിക്കുന്ന നേതാവാണെന്ന് ഒരു ഉദാഹരണം കാട്ടി വ്യക്തമാക്കുകയാണ് ഷാഫി പറമ്പിൽ എംഎൽഎ.

പ്ലസ് ടൂവിൽ പഠനം ഉപേക്ഷിച്ചു കൂലിപ്പണിയിലേക്ക് തിരിഞ്ഞ മുകേഷ് മോഹൻ എന്ന വിദ്യാർത്ഥിയെ അവിടെ നിന്നും റിസേർച്ച് ചെയ്യുന്ന വിദ്യാർത്ഥിയാക്കിയത് പി.ടി തോമസ് ആയിരുന്നു. ഒരിക്കൽ കോൺഗ്രസ്‌ സമ്മേളനത്തിന് പന്തൽ കെട്ടാൻ വന്ന മുകേഷ് കോൺഗ്രസ്‌ പാർട്ടിയുടെ പ്രായം കുറഞ്ഞ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വരെ ആയിരുന്നു.

കഴിഞ്ഞ ഒരു മാസത്തിലേറെയായി മുകേഷ് മോഹൻ തൃക്കാക്കരയിൽ പ്രചാരണത്തിലായിരുന്നു.

ഷാഫിയുടെ കുറിപ്പ് :

മുകേഷ് മോഹന്റെ തോളിലാണ് കയ്യിട്ട് നിൽക്കുന്നത്.
ഇത് മുകേഷ് മോഹൻ...!
മൂന്ന് ആഴ്ച്ചയോളമായി തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മുകേഷ്. നൂറ് കണക്കിന് പ്രവർത്തകരും നേതാക്കളും പങ്കാളികളാക്കുന്ന ഇലക്ഷൻ പ്രവർത്തനത്തിൽ മുകേഷ് മോഹനെ കുറിച്ച് എടുത്തു പറയാൻ കാരണമുണ്ട്.

publive-image

രണ്ടായിരത്തി നാലിൽ ജീവിത പ്രാരാബ്ദത്തെ തുടർന്നു പ്ലസ് ടൂവിൽ പഠനം നിർത്തേണ്ടി വന്ന ചെറുപ്പക്കാരനാണ് മുകേഷ്. ഹോട്ടൽ ജോലിയടക്കം വിവിധ പണികൾ ചെയ്തു കൊണ്ടാണ് മുകേഷ് ജീവിതം മുന്നോട്ട് നയിച്ചത്. ഹോട്ടൽ ഉടമയുടെ ഡെക്കറേഷൻ സ്ഥാപനത്തിൽ പന്തൽ പണിക്കാരനായും മുകേഷ് ജോലി ചെയ്തു.

അങ്ങനെയിരിക്കെ ഒരിക്കൽ തൊടുപുഴയിൽ നടന്ന കോൺഗ്രസ്‌ ജില്ലാ സമ്മേളനത്തിന്റെ പന്തൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മുകേഷിനെ പി.ടി തോമസ് കാണുകയുണ്ടായി. അടുത്തെത്തിയ പി.ടി മുകേഷിനോട് ആദ്യമായി ചോദിച്ചത്, എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നാണ്...

നാട്ടിൽ നടന്ന ഗ്രന്ഥ ശാലയുടെ പരിപാടിയിൽ കണ്ടിട്ടുണ്ടെന്നും പരിചയപ്പെട്ടിട്ടുണ്ടെന്നും മുകേഷ് മറുപടി പറഞ്ഞു. എന്താണ് ഇവിടെ എന്ന പി.ടിയുടെ ചോദ്യത്തിന് മുന്നിൽ വീട്ടിലെ പ്രാരാബ്ധം മൂലം പ്ലസ് ടൂവിൽ പഠനം നിർത്തേണ്ടി വരികയും പന്തൽ പണി അടക്കമുള്ള ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യത്തെ പറ്റിയും മുകേഷ് വിശദീകരിച്ചു.

പി.ടിയുടെ ഈ വാക്കുകൾ മുകേഷ് മോഹൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ അർത്ഥമുള്ളതും കരുത്തുള്ളതുമാക്കി മാറ്റുകയാണുണ്ടായത്. കോൺഗ്രസ്‌ സമ്മേളനത്തിന്റെ വാളന്റിയർ ആയി കുറച്ചു ദിവസം നിറഞ്ഞു നിന്ന മുകേഷിനെ പി.ടി വീക്ഷണമുള്ള ഒരു ചെറുപ്പക്കാരനാക്കി മാറ്റി.

പാതിയിൽ മുടങ്ങിയ പ്ലസ് ടൂ പഠനം പൂർത്തിയാക്കാൻ സഹായിച്ചു. ഡിഗ്രി എടുക്കാൻ, പിജി ചെയ്യാൻ പിന്നീട് എംഫിൽ ചെയ്യുന്നതിലടക്കം മുകേഷ് മോഹൻ എന്ന ചെറുപ്പക്കാരന്റെ ഉള്ളിലെ തീയായി പി.ടി തോമസ് മാറുകയാണുണ്ടായത്.

പ്ലസ് ടൂവിൽ പഠനം നിർത്തിയ ചെറുപ്പക്കാരൻ ഇന്ന് റിസേർച്ച് ചെയ്യാനുള്ള തയ്യാറെടുപ്പിൽ നിൽക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമേ ഉള്ളു... പി.ടി തോമസ് അവന്റെ കൈ പിടിച്ചു ! കെഎസ്‌യു ഇടുക്കി ജില്ല പ്രസിഡന്റ്‌, യൂത്ത് കോൺഗ്രസ്‌ ഇടുക്കി ജില്ല പ്രസിഡന്റ്‌ എന്നീ നിലകളിൽ മുകേഷിലെ യുവജന നേതാവിനെ അടയാളപ്പെടുത്താനും പി.ടി വഴിയൊരുക്കി. ചെറിയ പ്രായത്തിൽ തന്നെ നെടുങ്കണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തെത്താൻ മുകേഷിന് കഴിഞ്ഞു.

പി.ടി തോമസ് കേവലമൊരു വ്യക്തിയല്ല. നേതാക്കളെ സൃഷ്ടിക്കുന്ന നേതാവാണെന്ന് തിരിച്ചറിയാൻ ഒരുപാട് ഉദാഹരണങ്ങൾ ഇനിയുമുണ്ട്. പി.ടി കണ്ടെത്തിയ, കൈ പിടിച്ചുയർത്തിയ അനേകം ചെറുപ്പക്കാർ ഇന്ന് കോൺഗ്രസ്‌ പാർട്ടിയുടെ പതാക വാഹകരായി മുന്നിലുണ്ട്.

പ്ലസ് ടൂവിൽ പഠനം ഉപേക്ഷിച്ചു കൂലിപ്പണിയിലേക്ക് തിരിഞ്ഞ മുകേഷ് അവിടെ നിന്നും റിസേർച്ച് ചെയ്യുന്ന വിദ്യാർത്ഥിയായിട്ടുണ്ടെങ്കിൽ, കോൺഗ്രസ്‌ സമ്മേളനത്തിന് പന്തൽ കെട്ടാൻ വന്ന മുകേഷ് കോൺഗ്രസ്‌ പാർട്ടിയുടെ പ്രായം കുറഞ്ഞ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിട്ടുണ്ടെങ്കിൽ അതെല്ലാം പി.ടി എന്ന നേതാവിന്റെ ദീർഘ വീക്ഷണത്തിന്റെയും, പൊളിറ്റിക്കൽ മെക്കാനിസത്തിന്റെയും ഫലമാണ്.

Advertisment