കൊച്ചി: തൃക്കാക്കര വിധിയെഴുതി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പോളിങ് ശതമാനം നേരിയ കുറവ് ഉണ്ടെങ്കിലും വോട്ട് ഇത്തവണ കൂടിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന്റെ ചൂടും വാശിയുമെല്ലാം ആയതിനാല്‍ ഇത്തവണ ആരു വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ കേരളം.
ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കിയാല്‍ എറണാകുളം ജില്ലയില്‍ പോളിങ് ശതമാനം കുറയുന്നതാണ് രീതി. അതിനെ മറികടക്കുന്ന പ്രകടനമാണ് ഇത്തവണ തൃക്കാക്കരയില്‍ ഉണ്ടായത്. ഇരുമുന്നണികള്‍ക്കൊപ്പം ബിജെപിയും ആവേശത്തോടെ പ്രവര്‍ത്തിച്ചതോടെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തി.
ഇതു തന്നെയാണ് മുന്‍ വര്‍ഷത്തെക്കാള്‍ വോട്ടര്‍മാര്‍ ബൂത്തിലെത്താന്‍ കാരണമായത്. നഗരകേന്ദ്രീകൃതമായ മണ്ഡലത്തിലെ ഏറ്റവും മികച്ച പോളിങ് തന്നെയാണിത്.
സ്ഥാനാര്‍ത്ഥി മികവില്‍ ഇത്തവണ വിജയം നേടാനാകും എന്നു തന്നെയാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. 15000ത്തിനു മുകളില്‍ ഭൂരിപക്ഷം ഉണ്ടാകും എന്നു തന്നെയാണ് അവര്‍ കണക്കുക്കൂട്ടുന്നത്. പോളിങ് ശതമാനത്തില്‍ ഗണ്യമായ കുറവ് ഇല്ലാത്തത് ഗുണം ചെയ്യുമെന്നും അവര്‍ കണക്കു കൂട്ടുന്നു.
കഴിഞ്ഞ തവണ മത്സരിച്ച ട്വന്റി20 ഇത്തവണ ഇല്ലാത്തത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നും യുഡിഎഫ് കണക്കു കൂട്ടുന്നു. ഇടതുമുന്നണിയാകട്ടെ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ മികച്ച പോളിങ് നടന്നതിന്റെ ഗുണം തങ്ങള്‍ക്ക് കിട്ടുന്നു എന്നു തന്നെയാണ് അവകാശ വാദം ഉന്നയിക്കുന്നത്.
2000-3000 വോട്ടുകള്‍ക്ക് അട്ടിമറിയുണ്ടാകുമെന്നും ഇടതുമുന്നണി വിജയിക്കുമെന്നും അവര്‍ കണക്കു കൂട്ടുന്നു. നാളെയോടെ മുന്നണിയുടെ ബൂത്തുതല കണക്കുകള്‍ വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
ബിജെപിയും വോട്ടു വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ്. സംസ്ഥാന നേതാവിനെ രംഗത്തിറക്കിയത് വോട്ടു വിഹിതം കൂട്ടുമെന്ന് തന്നെ കണക്കു കൂട്ടുന്നു.