കൊച്ചി:വോട്ടെണ്ണല്‍ ഏഴാം റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ കഴിഞ്ഞ തവണ പിടി തോമസ് നേടിയ 14329 എന്ന ഭൂരിപക്ഷത്തിനുമേല്‍ ഉമാ തോമസിന്‍റെ ഭൂരിപക്ഷം 15505 വോട്ടായി ഉയര്‍ന്നിരുന്നു. അതിനു ശേഷവും പകുതി റൗണ്ടുകള്‍ കൂടി എണ്ണാന്‍ ബാക്കിയുണ്ടെങ്കിലും ഒരു കാര്യത്തില്‍ ഉറപ്പായി, ഉമാ തോമസ് നിയമസഭയിലിരിക്കും - ഡോ. ജോ ജോസഫ് ലിസി ആശുപത്രിയിലെ ഒപിയിലുമിരിക്കും.
ഏഴ് റൗണ്ടുകള്‍ എണ്ണിയപ്പോള്‍ ഒരു റൗണ്ടിലെ ഒരു വോട്ടിംങ്ങ് മിഷ്യനില്‍ പോലും ലീഡ് നേടാന്‍ ഡോ. ജോ ജോസഫിനായില്ല എന്നതാണ് കൗതുകകരം. ഒരു റൗണ്ടില്‍ ശരാശരി 21 മിഷ്യനുകളാണുള്ളത്. ഏഴാം റൗണ്ടില്‍ മുഴുവന്‍ മിഷ്യനുകളും എണ്ണി തീരും മുന്‍പാണ് ഉമ പിടിയുടെ ഭൂരിപക്ഷത്തെ കടത്തിവെട്ടിയത്. ആ സംഖ്യയായിരുന്നു ഇത്തവണ യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും ടാര്‍ജറ്റ്.
പ്രതിപക്ഷ നേതാവ് പറഞ്ഞത് പിടിയേക്കാള്‍ ഉയര്‍ന്ന വിജയം എന്നായിരുന്നു. ഇടതുപക്ഷം വിജയത്തേക്കുറിച്ചാണ് പറഞ്ഞതെങ്കിലും അവരുടെ യഥാര്‍ഥ ലക്ഷ്യം ഉമയുടെ ഭൂരിപക്ഷം 10000 -ല്‍ താഴേയ്ക്ക് എത്തിക്കുക എന്നതായിരുന്നു. എന്നാല്‍ ഉമയുടെ ഭൂരിപക്ഷം 25000 ത്തിലേയ്ക്ക് എന്ന സൂചനയാണ് ലഭിക്കുന്നത്.