കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും സുപ്രധാന സമയത്തായിരുന്നു മുതിര്‍ന്ന നേതാവ് കെ.വി തോമസ് കോണ്‍ഗ്രസിനെ വിട്ട് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത്, അതും മരണം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സിപിഎം സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് തേടി.
വികസനത്തിനൊപ്പമാണെന്നായിരുന്നു തോമസിന്‍റെ ന്യായം. കെ-റെയിലിനെ ഉദ്ദേശിച്ചായിരുന്നു അത്. ആദ്യ ഇടതു വേദിയിലെ തോമസിന്‍റെ ആദ്യ പ്രതികരണവും കെ-റെയിലിനു വേണ്ടിയായിരുന്നു.
പക്ഷേ രണ്ട് മാസം മുമ്പ് മാത്രം ഇതേ കെ-റെയില്‍ വിരുദ്ധ സമരത്തിനായി യുഡിഎഫ് വേദിയിലെത്തി പിണറായിക്കെതിരെ വീറോടെ പ്രസംഗിച്ചത് 76 കാരനായ തോമസ് മാഷ് മറന്നു. പക്ഷേ നാട്ടുകാര്‍ അതത്രയങ്ങ് മറന്നില്ല.
എന്തായാലും തൃക്കാക്കരയിലെ വിജയം കെ.വി തോമസിനെതിരെ ആഞ്ഞടിച്ചാണ് കോണ്‍ഗ്രസ് ആഘോഷിച്ചത്. തെരുവില്‍ തിരുത വിറ്റും കെ.വി തോമസിന്‍റെ ചിത്രം കത്തിച്ചുമാണ് കോണ്‍ഗ്രസുകാര്‍ ആഘോഷിച്ചത്.
ഇടതു ക്യാമ്പുകളിലും കെ.വി തോമസിന്‍റെ പേരിനോട് നെറ്റി ചുളിക്കുന്നവര്‍ ഉണ്ട്. കാരണം കെ.വി തോമസിന്‍റെ കാലുമാറ്റം തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏകോപിപ്പിക്കുകയും ആവേശത്തോടെ പ്രചരണ രംഗത്തിറക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തല്‍.
ഇതോടെ മൂവായിരത്തോളം വോട്ടുകള്‍ സ്വാധീനിക്കാന്‍ മാഷിനാകുമെന്ന് കരുതിയിടത്ത് അതിനേക്കാള്‍ വോട്ടുകള്‍ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു കൊടുത്തുവെന്നാണ് ഇപ്പോള്‍ സിപിഎം നിഗമനം.