/sathyam/media/post_attachments/pN5HsyfqVceNKGE3bdey.jpg)
കൊച്ചി: സിറോ മലബാര്‍ സഭാ ആരാധനാ ക്രമത്തില്‍ പിന്തിരിഞ്ഞ് നില്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപയിലെ വൈദീകരോട് നിലപാട് കടുപ്പിച്ച് വത്തിക്കാന്‍. ഇതുവരെയും സിറോ മലബാര്‍ സഭ സിനഡ് തീരുമാനിച്ച ആരാധനാ ക്രമം നടപ്പിലാക്കാന്‍ തയ്യാറാകാത്ത എറണാകുളം-അങ്കമാലി അതിരൂപതയിലെ മെത്രാപ്പോലീത്തന്‍ വികാരിയേയും വികാരി ജനറാള്‍മാരെയും വത്തിക്കാനിലേക്ക് വിളിപ്പിച്ചു. ഈ മാസം 10ന് വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തില്‍ വച്ച് പൗരസ്ത്യ തിരുസംഘാംധ്യക്ഷനെ കാണാനാണ് നിര്‍ദേശം.
പൗരസ്ത്യ തിരുസംഖം തലവന്‍ കര്‍ദിനാള്‍ ലിയനാര്‍ദോ സാന്ദ്രിയാണ് എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതയിലെ വൈദിക പ്രതിനിധി സംഘം, മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയില്‍ എന്നിവരെ വിളിച്ചു വരുത്തുന്നത്. വികാരി ജനറാള്‍മാരായ ഫാ. ഹോര്‍മിസ് മൈനാട്ടി, ഫാ. ജോസ് പുതിയേടത്ത്, ഫാ. ജോയ് അയിനിയാടന്‍, അതിരൂപതാ ചാന്‍സലര്‍ ഫാ. ബിജു പെരുമായന്‍ എന്നിവരെ വിളിച്ചു വരുത്തുന്നത്.
ഏകീകൃത കുര്‍ബാന നടപ്പിലാകാതെ മാറി നില്‍ക്കാന്‍ അതിരൂപതയ്ക്ക് കഴിയില്ലെന്ന സന്ദേശം ഇവര്‍ക്ക് വത്തിക്കാന്‍ നല്‍കും. സിനഡ് തീരുമാനം മാനിക്കാതെ മാറി നിന്നാല്‍ വത്തിക്കാന്‍ അത് അംഗീകരിക്കില്ലെന്നു തന്നെയാണ് ഇവരോട് പൗരസ്ത്യ തിരുസംഘത്തിനും പറയാനുള്ളത്.
നേരത്തെ തന്നെ അതിരൂപതയ്ക്ക് നല്‍കിയ ഒഴിവ് നിയമാനുസൃതമല്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. വത്തിക്കാനെ തെറ്റിദ്ധതിപ്പിച്ചതിന് മാര്‍ ആന്റണി കരിയിലിനെ വത്തിക്കാന്‍ പരസ്യമായി തള്ളിയിരുന്നു. സിനഡ് തീരുമാനം ഇതുവരെ അതിരൂപതയില്‍ നടപ്പാക്കാത്തതില്‍ വത്തിക്കാന് കടുത്ത അതൃപ്തിയുണ്ട്.
എറണാകുളം-അങ്കമാലി അതിരൂപയിലെ മെത്രാപ്പോലീത്തന്‍ വികാരിയെയും വൈദീക സംഘത്തെയും അവസാനമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് വത്തിക്കാനിലേക്ക് വിളിച്ചു വരുത്തിയിരിക്കുന്നത്. ഇനിയും അസാധുവായ കുര്‍ബാന തുടര്‍ന്നാല്‍ ഇവര്‍ സഭയ്ക്ക് പുറത്താകും.