/sathyam/media/post_attachments/BNK2ZWqEvxhjXMayej3S.jpg)
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചതന്നെയാകും. മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ എത്ര ദിവസം മൗനം തുടരാനാകുമെന്നതാണ് പ്രധാന ചോദ്യം. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സിപിഎം കേന്ദ്രങ്ങളും ഞെട്ടലിലാണ്.
മുഖ്യമന്ത്രി പിണറായി വിജയെയും കുടുംബാംഗങ്ങളെയും നേരിട്ട് ലക്ഷ്യമിട്ടാണ് സ്വപ്‌ന സുരേഷ് രംഗത്തുവന്നത്. സ്വപ്‌നയുടെ ആരോപണങ്ങളെ ഗൗരവമല്ലെന്ന് പറഞ്ഞ് ആദ്യ ഘട്ടത്തില്‍ സിപിഎം കേന്ദ്രങ്ങള്‍ തള്ളുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ഇനിയും മൗനം തുടരുകയാണ്.
സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയ പിണറായി പക്ഷേ മാധ്യമങ്ങളെ കാണാന്‍ തയ്യാറായില്ല. വിമാനത്താവളത്തില്‍ നിന്നും മുഖ്യമന്ത്രി കനത്ത സുരക്ഷയോടെ ക്ലിഫ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു. അകലെ നിന്ന് മാധ്യമങ്ങള്‍ ഇക്കാര്യം ചോദിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചതേയില്ല.
സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി തല്‍ക്കാലം ഉണ്ടാകാനിടയില്ലെന്നാണ് സൂചന. കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമെ അദ്ദേഹം പ്രതികരിക്കൂ. സ്വപ്‌ന നേരത്തെ ശിവശങ്കറിനെതിരെ പറഞ്ഞപ്പോഴും മുഖ്യമന്ത്രി ഉടനടി പ്രതികരിച്ചിരുന്നില്ല.
സ്വപ്‌നയുടെ ആരോപണം വെറും വാക്കുകളില്‍ മാത്രമുള്ളതാണോയെന്നും ഇതിന് തെളിവുകളുടെ പിന്‍ബലമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതിന ശേഷം മാത്രമെ പ്രതികരണം ഉണ്ടാകു. ഇതിനു മുമ്പ് മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഒന്നും പറയാതെ ഇരുന്നിട്ട് ഇപ്പോള്‍ പറയുന്നതില്‍ അസ്വഭാവികത ഉണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍.
ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദമാകും സിപിഎം ഉയര്‍ത്തുക. കേന്ദ്ര ഏജന്‍സികളെ സംശയ നിഴലില്‍ നിര്‍ത്താനും സിപിഎം ശ്രമിക്കും. പക്ഷേ തല്‍ക്കാലം മുഖ്യമന്ത്രിയോട് ആലോചിച്ച് മാത്രം മതി പ്രതികരണമെന്നും സിപിഎം നേതാക്കള്‍ക്ക് നിര്‍ദേശമുണ്ട്.