/sathyam/media/post_attachments/ZzmZYGGx3qx7gCImC4p8.jpg)
തിരുവനന്തപുരം: സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരായ ആരോപണമുന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അവരുടെ കൂട്ടാളി സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത് ഉന്നത നിര്‍ദേശത്തെ തുടര്‍ന്ന്. സരിത്തിന്റെ ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു വിജിലന്‍സ് ലക്ഷ്യം. ഫോണ്‍ പിടിച്ചെടുത്ത ശേഷം ഈ മാസം 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയാണ് സരിത്തിനെ വിട്ടത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌നയുടെ ആരോപണം വന്നതിനു പിന്നാലെയാണ് സരിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശമുണ്ടായത്. തലസ്ഥാനത്തെ ഒരു ഉന്നതന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമായിരുന്നു ഓപ്പറേഷന്‍. പക്ഷേ പാലക്കാട് വിജിലന്‍സിന്റെ അമിതാവേശത്തോടെ പ്ലാന്‍ പൊളിഞ്ഞു.
സരിത്തിനെ അവിടെ നിന്നും കടത്തി രഹസ്യമായി വിവരങ്ങള്‍ അറിയുകയും ചില രേഖകള്‍ കണ്ടെടുക്കാനുമായിരുന്നു തീരുമാനം. പക്ഷേ പോലീസിന് ആവേശം കൂടി. സരിത്തിനെ താമസസ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുത്തു.
ഫ്‌ളാറ്റിലായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ലോക്കല്‍ പോലീസിനെ അറിയിക്കാതിരുന്നതിനാല്‍ അവരും സ്ഥലത്തെത്തി. കാര്യങ്ങള്‍ കൈവിട്ടതോടെ സരിത്തിനെ കസ്റ്റഡിയില്‍ എടുത്തുവെന്ന് വിജിലന്‍സിന് ഉടന്‍ പറയേണ്ടി വന്നു.
സരിത്തിന്റെ കസ്റ്റഡിയില്‍ നിന്നും ഫോണ്‍ രേഖാമൂലം എഴുതി നല്‍കി വാങ്ങേണ്ട സ്ഥിതിയും ഉണ്ടായി. എന്തിനാകും ഇത്രയും കാലത്തിനു ശേഷം ലൈഫ് മിഷന്‍ കേസില്‍ സരിത്തിന്റെ ഫോണ്‍ വിജിലന്‍സിന് വേണ്ടിവന്നത്. ഈ ചോദ്യത്തിന് ഉത്തരം സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ എന്നതാണ്.
സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എന്തെങ്കിലും അവരുടെ പക്കലുണ്ടോ എന്നാണ് സര്‍ക്കാരിന് അറിയേണ്ടത്. സരിത്തിന് പിന്നാലെ സ്വപ്‌നയെയും കസ്റ്റഡിയില്‍ എടുക്കുക എന്നതാണ് ഉന്നത നിര്‍ദേശമുണ്ടായിരുന്നത്. ഇവരുടെ ഫോണും ലാപ്‌ടോപ്പും പരിശോധിക്കുക എന്നതും ലക്ഷ്യമിട്ടിരുന്നു.
പക്ഷേ എല്ലാം പാളിപോയി. ഇതോടെ ഏതെങ്കിലുമൊരു തെളിവു ഇനി പോലീസിന്റെ കയ്യില്‍ എത്തുമോയെന്നതും സംശയമാണ്.