തിരുവനന്തപുരം: തൃക്കാക്കര തോല്‍വിക്ക് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ ചില അഴിച്ചുപണികള്‍ക്ക് സിപിഎം ആലോചിച്ചിരിക്കെയാണ് നിനച്ചിരിക്കാതെയുണ്ടായ വിവാദങ്ങള്‍ തലവേദനയാകുന്നത്. സിപിഎമ്മിന്റെ ചില മന്ത്രിമാരെ മാറ്റാനായി നേരത്തെ തന്നെ മുഖ്യമന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം സിപിഎം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യാനും ധാരണയായിരുന്നതാണ്.
ഒരു വര്‍ഷം പിന്നിട്ട സര്‍ക്കാരിലെ പല മന്ത്രിമാരെയും ഇന്നും ജനത്തിനറിയില്ല. സിപിഎം മന്ത്രിമാരുടെ സ്ഥിതിയും ഇതുതന്നെ. അപ്പോള്‍ പിന്നെ ഘടകകക്ഷി മന്ത്രിമാരുടെ കാര്യം അതിലും മോശമാണ്.
പല മന്ത്രിമാര്‍ക്കും ഒരു വര്‍ഷം പിന്നിട്ടിട്ടും കാര്യങ്ങള്‍ ഇനിയും ബോധ്യപ്പെട്ടിട്ടില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. സിപിഎം മന്ത്രിമാരില്‍ ആരോഗ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും ഏറെ പഴികേട്ടു കഴിഞ്ഞു. പാര്‍ട്ടിക്കാര്‍ക്കിടയില്‍ പോലും ഇവര്‍ക്കെതിരെ പരാതികളുണ്ട്.
സ്‌പോര്‍ട്‌സ് മന്ത്രിയുടെ കാര്യവും സമാന സ്ഥിതിയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനും പാര്‍ട്ടിക്ക് തൃപ്തിയില്ല. മറ്റൊരാളെ പകരമെത്തിക്കണമെന്ന നിര്‍ദേശം പല നേതാക്കളും ഉയര്‍ത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഒരു അഴിച്ചുപണിക്ക് സിപിഎം ആഗ്രഹിച്ചത്. ഇത്തവണ സഭാ സമ്മേളനം നടത്തും മുമ്പ് അതിന് നീക്കവും നടത്തി. എന്നാല്‍ സമീപ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുനസംഘടന നീളും.
സഭാ സമ്മേളനത്തിന് ശേഷം പുനസംഘടന ആകാമെന്നാണ് ഇപ്പോഴത്തെ ധാരണ. മന്ത്രിമാര്‍ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ പുറത്തുപോകുമെന്ന മുന്നറിയിപ്പ് ഇപ്പോള്‍ തന്നെ പലര്‍ക്കും ഉണ്ട്. ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനത്ത് എത്തിയവര്‍ ആ സ്ഥാനത്ത് തുടരുന്നതില്‍ പുനപരിശോധനയുണ്ടാകുമെന്നാണ് സിപിഎം നല്‍കുന്ന സൂചന.